ദോഹ: അന്തരീക്ഷ താപനില താഴ്ന്നതോടെ മൂടൽ മഞ്ഞിന്റെ ആക്രമണം തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. രാത്രികാലങ്ങളിൽ അന്തരീക്ഷ താപനില പത്തു ഡിഗ്രിയിലേക്ക് താഴുന്നതിനൊപ്പം തന്നെ ശക്തമായ കാറ്റുവീശുമെന്നതിനാൽ രാജ്യം തണുപ്പിൽ മുങ്ങും.

താഴ്ന്ന താപനില മൂലം പുലർച്ചെ മൂടൽ മഞ്ഞ് കാഴ്ച മറയ്ക്കുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. വാഹനവുമായി പുലർച്ചെ നിരത്തിലിറങ്ങുന്നവർ ഏറെ ജാഗ്രത പാലിക്കണം. ഈ വിന്റർ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ദോഹയിൽ ഈ ദിവസങ്ങളിൽ രേഖപ്പെടുത്തുന്നത്. ദോഹയിൽ പലയിടങ്ങളിലും രാത്രിയിൽ താപനില 13 ഡിഗ്രിയിലേക്ക് താഴ്ന്നിരുന്നു.

രാജ്യമെമ്പാടും രേഖപ്പെടുത്തുന്ന കൂടിയ താപനില 20 ഡിഗ്രിക്കും 24 ഡിഗ്രിക്കും മധ്യേയാണ്. ദോഹയിൽ പകൽ കൂടിയ താപനില 23 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. അൽ ഖോറിൽ 24 ഡിഗ്രിയും. മിക്കയിടങ്ങളിലും കാറ്റും ആഞ്ഞുവീശാൻ ഇടയുണ്ട്.