ബാൾട്ടിമോർ: ഫൊക്കാനയുടെ നേതൃത്വത്തിലേക്ക് മറ്റൊരു യുവനേതാവ് കൂടി. ഫൊക്കാന വാഷിങ്ടൺ ഡി.സി.- ബാൾട്ടിമോർ റീജിയണൽ വൈസ് പ്രസിഡന്റ് ആയി പ്രമുഖ യുവ ഐ ടി സംരംഭകനും സാമൂഹ്യ പവർത്തകനുമായ രഞ്ജു ജോർജ് ആണ് 2018-2020 ഭരണസമിതിയിലേക്ക് മത്സരിക്കുന്നത്.

കൈരളി ഓഫ് ബാൾട്ടിമോർ എന്ന സംഘടനയുടെ സജീവ പ്രവർത്തകനായ രഞ്ജു ഒരു മികച്ച ഫുട്‌ബോൾ താരവും ക്രിക്കറ്റ് താരവും ആണ്. തികഞ്ഞ സ്പോർട്സ് പ്രേമികൂടിയായ അദ്ദേഹം കൈരളി ഓഫ് ബാൾട്ടിമോർ സംഘടിപ്പിച്ച സ്പോർട്സ് ടൂർണമെന്റിന്റെ സംഘാടകനും അതിന്റെ കഴിഞ്ഞ വർഷത്തെ സ്‌പോന്‌സറുമായിരുന്നു.

കൈരളി ഓഫ് ബാൾട്ടിമോറിന് അദ്ദേഹം നൽകിയ നിസ്തുലമായ സേവനങ്ങൾ കണക്കിലെടുത്താണ് ഫൊക്കാനയുടെ മുഖ്യ ധാരയിലേക്ക് രഞ്ജുവിനെ കൈ പിടിച്ചുയർത്താൻ ഫൊക്കാനയുടെ മുതിർന്ന നേതൃത്വം തീരുമാനിച്ചത്. ഇതോടെ ഇക്കുറി കൂടുതൽ യുവാക്കളെ നേതൃ നിരയിലേക്ക് ഉയർത്തിക്കൊണ്ട് ഫൊക്കാനക്കു പുതിയ ദിശാബോധം കൊണ്ടുവരാൻ കഴിയുമെന്നാണ് രഞ്ജുവിന്റെ സ്ഥാനാർത്ഥിത്വം കൂടി നൽകുന്ന സൂചന. ഇതുവരെ പ്രഖ്യാപിക്കപ്പെട്ട സ്ഥാനങ്ങളിൽ പ്രധാനപ്പെട്ട സ്ഥാനങ്ങൾ പോലും യുവാക്കൾക്കായി മാറ്റിവെക്കാൻ മുതിർന്ന നേതാക്കൾ കാണിച്ച മഹാമനസ്‌കത കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ ഫൊക്കാനാ നേതൃത്വം തിരിച്ചറിയുന്നു എന്നതിനുള്ള തെളിവായി വേണം കാണേണ്ടതെന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മാധവൻ ബി. നായർ, സെക്രെട്ടറി എബ്രഹാം ഈപ്പൻ (പൊന്നച്ചൻ)-, ട്രഷറർ സജിമോൻ ആന്റണി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ്- സണ്ണി മറ്റമന, ജോയിന്റ് സെക്രട്ടറി വിപിൻദാസ്, ബോർഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായ ഡോ.മാത്യു വര്ഗീസ് (രാജൻ), എറിക് മാത്യു, നാഷണൽ കമ്മിറ്റി അംഗങ്ങളായ ദേവസി പാലാട്ടി, ഷീല ജോസഫ്, വിമൻസ് ഫോറം ചെയർപേഴ്സൺ ലൈസി അലക്‌സ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

ഏറ്റുമാനൂർ സ്വദേശിയും അഭിഭാഷകനും ബിസിനെസ്സ്‌കാരനുമായ പി.ഡി. ജോർജിന്റെയും അച്ചാമ്മ ജോർജിന്റെയും മകനായ രഞ്ജു തൃശൂർ എഞ്ചിനീയറിങ് കോളേജിൽ നിന്ന് ട്രാൻസ്പോർട്ടിങ് എഞ്ചിനീറിംഗിൽ ബിരുദം നേടിയ ശേഷം ടെക്‌സസിലെ എ ആൻഡ് എം യൂണിവേഴ്‌സിറ്റിയിൽ നിന്നു ഇതേ വിഷയത്തിൽ മാസ്റ്റേഴ്‌സും നേടി. 2000ഇൽ സ്റ്റുഡന്റ് വിസയിൽ എത്തിയ രഞ്ജു ബിരുദാനന്തരബിരുദത്തിനുശേഷം സർട്ടിഫൈഡ് പ്രൊഫഷണൽ എഞ്ചിനീയർ ആയി സേവനം ആരംഭിച്ചു. ന്യൂയോർക്കിലെ ഒരു സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയിൽ കൺസൾറ്റന്റ് ആയി പ്രവർത്തിച്ച രഞ്ജു ജെ.എഫ്.കെ എയർപോർട്ട്, ലഗ്വാഡിയ എയർപോർട്ട്, നെവാർക്ക് ലിബർട്ടി തുടങ്ങിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ റൺവേ പാർശ്യങ്ങൾ (PAVEMENT) നിർമ്മാണങ്ങളുടെ രൂപകല്പന(ഡിസൈൻ)യും കൺസൾട്ടന്റും ആയിരുന്നു. രഞ്ജുവിന്റെ രൂപകല്പനപ്രകാരമായിരുന്നു ലിങ്കൺ ടണൽ, ഹോളണ്ട് ടണൽ എന്നിവയുടെ പേവുമെന്റ് നിർമ്മാണവും അവയുടെ നിർമ്മാണങ്ങളുടെ തീരുമാനിച്ചിരുന്നത്.

പിന്നീട് ബാൾട്ടിമോറിലേക്കു മാറിയ രഞ്ജു സ്വന്തമായി ട്രാൻസ് ഇൻഫോ എന്ന ട്രാൻസ്‌പോട്ടേഷൻ എഞ്ചിനീയറിംഗിന്റെ ഹൈബ്രിഡ് (highbrid ) സോഫ്റ്റ്‌വെയർ ആൻഡ് കൺസൾറ്റന്റ് സ്ഥാപനം തുടങ്ങി. ഇപ്പോൾ മെരിലാൻഡ് സ്റ്റേറ്റിന്റെ ഹൈവേ റോഡുകളുടെ അടുത്ത മൂന്നു വർഷത്തേക്കുള്ള പേവുമെന്റ് ഡിസൈൻ ചെയ്യന്നതിലുള്ള കരാറിൽ ഏർപ്പെട്ടിരിക്കുകയാണ് 40 കാരനായ ഈ യുവ സംരംഭകൻ.വരാനിരിക്കുന്ന വർഷങ്ങളിൽ കൂടുതൽ കരാറുകൾ സ്റ്റേറ്റ്- ഫെഡറൽ ഗവണ്മെന്റുകളുമായി സഹകരിച്ചു നടത്തുവാനുള്ള ശ്രമത്തിലുമാണ്.

ഫൊക്കാനയുടെ സജീവ പ്രവർത്തകനായ ഈ യുവാവ് മലയാളീ സമൂഹത്തോടുള്ള കടപ്പാട് എന്ന നിലയിൽ തന്റെ അനുഭവ സമ്പത്തും സംഘടനാ പാടവവും പങ്കു വയ്ക്കുകയാണ് നേതൃ നിരയിലേക്ക് കടന്നു വരൻ കാരണമായതെന്നും പറഞ്ഞു.

തൃശൂർ എഞ്ചിനീയറിങ് കോളേജ് യൂണിയൻ അംഗമായിരുന്ന അദ്ദേഹം പഠനകാലത്തു സജീവ കോളേജ് രാഷ്ട്രീയത്തിലും സ്‌പോർട്‌സിലും നിര സാന്നിധ്യമായിരുന്നു.
ബാൾട്ടിമോറിനടുത്തു ഹൊവാഡ് കൗണ്ടിയിൽ ഗ്ലെന്നെല്ഗ് (glenelg) സ്വദേശിയായ രഞ്ജു ബാൾട്ടിമോർ സീറോ മലബാർ പള്ളിയിലെ സജീവ അംഗമാണ്.ബാൾട്ടിമോർ കേന്ദ്രമായുള്ള ഖിലാഡിസ് സ്പോർട്സ് ക്ലബ് സ്ഥാപക അംഗങ്ങളിൽ ഒരാളായ രഞ്ജു ഫിലാഡെൽഫിയയിലും ന്യൂയോർക്കിലുമായി നടന്ന നിരവധി സോക്കർ ടൂര്ണമെന്റുകളുടെ സംഘാടകനും ടീം അംഗവുമായിരുന്നു. കേരള അസോസിയേഷ ണ് ഓഫ് ഗ്രെയ്റ്റർ വാഷിങ്ടൺ ക്രിക്കറ്റ് ടൂർണമെന്റിൽ 5 വർഷം ചാമ്പ്യൻഷിപ്പ് നേടിയ ടീമിലെ മുഖ്യ കളിക്കാരനുമായിരുന്നു രഞ്ജു.
ഐ.ടി. പ്രൊഫഷണൽ ആയ ഷൈനി ആണ് ഭാര്യ. ജൈഡെൻ, ജോയൽ എന്നിവർ മക്കൾ.