ഫൊക്കാനയുടെ സുവർണ നേട്ടങ്ങളിൽ ഒന്നായ ഭാഷക്കൊരു ഡോളർ പദ്ധതി മുൻ വര്ഷങ്ങളിലേക്കാൾ ഉർജ്ജസ്വലവും പുതുമയാർന്നതുമായി മുന്നോട്ടു കൊണ്ടുപോകാൻ കേരളാ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ മഹാദേവൻ നായർ മുൻകൈയെടുക്കും. കഴിഞ്ഞ ദിവസം ഫൊക്കാന പ്രസിഡന്റ് ശ്രീ മാധവൻ നായർ , മുൻപ്രസിഡന്റ് ജി കെ പിള്ള, ആർ വി പി രഞ്ജിത്ത് പിള്ള എന്നിവർ തിരുവനന്തപുരത്തു വി സി യുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

ഇത്തവണ കേരളത്തിലെ മൂന്ന് യൂണിവേഴ്‌സിറ്റികളിൽനിന്നുമുള്ള കുട്ടികളെ ഉൾപ്പെടുത്തി പ്രബന്ധ രചനകൾ നടത്തി കൂടുതൽ വിദ്യാർത്ഥികൾക്ക് അവസരം നല്കാനാവുമെന്നും വി സി അഭിപ്രായപ്പെട്ടതായും അത് കോർഡിനേറ്റു ചെയ്യാനായി ഒരു വനിതാ പ്രൊഫെസറെ ഏല്പിക്കാമെന്ന അദ്ദേഹം സമ്മതിച്ചതായും ശ്രീ മാധവൻ നായർ അറിയിച്ചു.

ഭാഷക്കൊരു ഡോളർ പദ്ധതി നടപ്പാക്കുന്നതിനായി അമേരിക്കയിലെ പ്രശസ്ത ഡോക്ടറും വാഗ്മിയും ഭാഷാസ്‌നേഹിയുമായ ഡോ എം വി പിള്ള ചെയർമാനും മാധവൻ നായർ, ടോമി കൊക്കാട് , സജിമോൻ ആന്റണി, ഡോ മാമ്മൻ സി ജേക്കബ് , പോൾ കറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ്പ്, ജോർജി വർഗിസ്, ജോൺ പി ജോൺ എന്നിവർ അംഗങ്ങളുമായുള്ള കമ്മറ്റി പ്രവർത്തനം ആരംഭിചതായി മാധവൻ നായരും സെക്രട്ടറി ടോമി കൊക്കാടും പറഞ്ഞു.

1992 ലെ വാഷിങ്ടൺ ഫൊക്കാനയിൽ അന്നത്തെ സാഹിത്യ സമ്മേളനത്തിന് ചുക്കാൻ പിടിച്ച ഡോ എം വി പിള്ളയുടെ ആശയത്തിൽ രൂപം കൊണ്ട ഭാഷക്കൊരു ഡോളർ പദ്ധതിയിലൂടെ നൂറു കണക്കിന് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ് ലഭിച്ചിട്ടുണ്ട്.

മലയാളം ഐച്ഛികമായെടുത്തു ബിരുദാനന്തര ബിരുദ പഠനം നടത്തുന്നവർക്കാണ് സ്‌കോളർഷിപ് നൽകുക.ജനുവരി 29, 30 തീയതികളിൽ തിരുവനന്തപുരത്തുവച്ചു നടക്കുന്ന ഫൊക്കാന കേരളാ കൺവെൻഷനിൽ ഭാഷക്കൊരു ഡോളർ സ്‌കോളർഷിപ്പുകൾ വിതരണം ചെയ്യും .