ഫ്ളോറിഡ: ഫൊക്കാന ജനറൽസെക്രട്ടറി പദം ഏറ്റെടുത്തതിനുശേഷം, ഫ്ളോറിഡയിൽ ഹ്രസ്വസന്ദർശനത്തിന് എത്തിയ ടോമി കോക്കാട്ടിനു കൈരളി ആർട്സ് ക്ലബ് സ്വീകരണം നൽകി. പ്രസിഡന്റ് വർഗീസ് ശാമുവേലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.എ.സി ഫൊക്കാനയുമായി ചേർന്നു നടത്തുന്ന കേരള പുനരുദ്ധാനത്തിനു ഭവനദാനം എന്ന സ്വപ്ന സാക്ഷാത്കാരത്തിനു യോഗം അംഗീകാരം നൽകിയതായി ജനറൽ സെക്രട്ടറിയെ അറിയിച്ചു. ആയതിലേക്കുള്ള ഫണ്ട് കൈമാറ്റം ഉടൻ നടത്തുവാനും പ്രസ്തുത യോഗത്തിൽ തീരുമാനമായി.

ടോമി കോക്കാട്ട് തന്റെ മറുപടി പ്രസംഗത്തിൽ കൈരളി ആർട്സ് ക്ലബ് കഴിഞ്ഞ കാലങ്ങളിൽ ഫൊക്കാന എന്ന പ്രസ്ഥാനത്തിനു, അതിന്റെ വളർച്ചയ്ക്കും, മുന്നേറ്റത്തിനും സഹായിച്ച വ്യക്തികളേയും, അവർ നേതൃത്വം നൽകിയ പദ്ധതികളും മറ്റും ഇപ്പോഴും തുടർന്നുപോകുന്നതിൽ തന്റെ സംതൃപ്തി അറിയിച്ചു.

ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ മാമ്മൻ സി. ജേക്കബ്, മുൻ ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ ജേക്കബ് പടവത്തിൽ, കെ.എ.സി ട്രസ്റ്റി രാജു ഇടിക്കുള, കേരള കൺവൻഷൻ ചെയർമാൻ ജോർജി വർഗീസ്, മറ്റു കൈരളി പ്രവർത്തകരും പങ്കെടുത്ത യോഗം ഫൊക്കാന വൈസ് പ്രസിഡന്റ് ഏബ്രഹാം കളത്തിലിന്റെ നന്ദി പ്രകാശത്തോടെ സമാപിച്ചു.
അനിൽ അമ്പാട്ട് അറിയിച്ചതാണിത്.