ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന)യുടെ 2020ലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ന്യൂയോർക്ക് ക്വീൻസ് കൗണ്ടി കോടതിയിൽ ലീല മാരേട്ട്, അലക്സ് തോമസ്, ജോസഫ് കുരിയപ്പുറം എന്നിവർ ചേർന്ന് സമർപ്പിച്ച ഹർജി മെരിലാന്റിലെ യു എസ് ഡിസ്ട്രിക്റ്റ് കോടതിയിലേക്ക് മാറ്റിയ നടപടി അനുചിതമാണെന്ന് കോടതി.

ഈ കേസിൽ എതിർകക്ഷികൾ നൽകിയ അപേക്ഷ പരിഗണിച്ചാണ് മെരിലാന്റിലുള്ള യു എസ് ഡിസ്ട്രിക്റ്റ് കോടതിയുടെ ഗ്രീൻബെൽറ്റ് ഡിവിഷനിലേക്ക് കേസ് മാറ്റിയത്. എന്നാൽ, ആ നടപടി അനുചിതമാണെന്നും കേസ് ന്യൂയോർക്ക് ക്വീൻസ് കൗണ്ടി കോടതിയിലേക്ക് തന്നെ തിരിച്ചയക്കാനുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

2020 ഓഗസ്റ്റ് മാസത്തിൽ ക്വീൻസ് കൗണ്ടി കോടതിയിൽ വാദി ഭാഗം സമർപ്പിച്ച ഹർജി (കേസ് നമ്പർ 71 2736/20) പരിഗണിക്കവേയാണ് എതിർഭാഗത്തിന്റെ അപേക്ഷ കോടതി പരിഗണനയ്ക്കെടുത്തത്. ഫൊക്കാന എന്ന സംഘടന മെരിലാന്റ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്നും, അവിടെ നികുതി അടച്ചുവരുന്നതുമായ ഒരു ലാഭരഹിത സംഘടനയാണെന്നുമാണ് എതിർകക്ഷികളുടെ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. കൂടാതെ, പരാതിക്കാരായ ലീലാ മാരേട്ട്, ജോസഫ് കുരിയപ്പുറം, അലക്സ് തോമസ് എന്നിവർ ന്യൂയോർക്ക് സംസ്ഥാനത്തും, എതിർ കക്ഷികൾ മെരിലാന്റ് അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലുമായതിനാൽ കേസിലെ 'നാനാത്വം' (diverstiy) കണക്കിലെടുക്കണമെന്നും അവർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കേസ് ന്യൂയോർക്ക് ക്വീൻസ് കൗണ്ടി സുപ്രീം കോടതിയിലല്ല വാദം കേൾക്കേണ്ടത്, മറിച്ച് മെരിലാന്റിലെ യു എസ് ഡിസ്ട്രിക്റ്റ് കോടതിയിലാണെന്നും എതിർകക്ഷികൾ വാദിച്ചു. അതു പ്രകാരമാണ് കേസ് മെരിലാന്റിലേക്ക് മാറ്റിയത്.

എന്നാൽ, കേസ് മെരിലാന്റ് ഡിസ്ട്രിക്റ്റ് കോടതിയിലേക്ക് മാറ്റിയ നടപടി അനുചിതമാണെന്നാണ് മെരിലാന്റ് ഫെഡറൽ കോടതി ജഡ്ജി ജോർജ് എച്ച് ഹേസലിന്റെ ഉത്തരവിൽ പറയുന്നത്. അതുകൊണ്ട് കേസ് ക്വീൻസ് കൗണ്ടി കോടതിയിലേക്കു തന്നെ തിരിച്ചയക്കാനും ജഡ്ജി ഉത്തരവിട്ടു. ഈ കേസിന്റെ തുടർനടപടികളെല്ലാം ഇനി ക്വീൻസ് കൗണ്ടി കോടതിയിലായിരിക്കും നടക്കുക.

1983ൽ രൂപീകൃതമായ, അമേരിക്കൻ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) 1985ൽ ന്യൂയോർക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനയാണ്.