ന്യൂജേഴ്സി: 2018 ജൂലൈ ആദ്യ വാരം ഫിലഡൽഫിയയിൽ നടക്കുന്ന ഫൊക്കാന നാഷണൽ കൺവൻഷനിൽ സംഘടിപ്പിക്കുന്ന കേരള സെമിനാറിന്റെ അദ്ധ്യക്ഷനും മോഡറേറ്ററ്റും ആയി എഴുത്തുകാരനും ചിന്തകനുമായ ഡോ.എ.കെ.ബി.പിള്ളയെ നിയമിച്ചതായി ഫൊക്കാന കൺവൻഷൻ ചെയർമാൻ മാധവൻ ബി നായർ, പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. കേരള സെമിനാറിനെക്കുറിച്ചു ദീർഘവീക്ഷണമുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ ഫൊക്കാന കൺവെൻഷന്റെ വിജയത്തിന് ഒരു പ്രധാന ഘടകമായിരിക്കുമെന്നു അവർ കൂട്ടിച്ചേർത്തു.

അനേക വർഷങ്ങളായി കേരള വികാസ യജ്ഞങ്ങളിൽ പല പദ്ധതികളും നടപ്പാക്കിക്കൊണ്ടിരിക്കുന്ന, ഫൊക്കാനയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെമിനാറുകൾക്ക് (കേരളത്തിലും അമേരിക്കയിലും) നേതൃത്വം നൽകിയിട്ടുള്ള ആളാണ് ഡോ.എ.കെ.ബി. ഫൊക്കാനയുടെ സ്ഥാപക സമ്മേളനം മുതൽ ന്യൂയോർക്ക് റീജിയണൽ അദ്ധ്യക്ഷൻ, കോൺസ്റ്റിട്യൂഷൻ കമ്മറ്റിയംഗം, സെമിനാർ അദ്ധ്യക്ഷൻ, തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ച അദ്ദേഹത്തിന്റെ വിജ്ഞാനപ്രദമായ ഉപാധികൾ, സാർവ്വദേശീയമായ അംഗീകാരം നേടിയിട്ടുണ്ട്. ഉൾകാഴ്ചകൊണ്ട് അനുഗ്രഹീതനായ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങൾ വ്യക്തിവികാസത്തിനും, സമൂഹത്തിനും പ്രയോജനകരമാണ്. പതിനഞ്ചു മലയാളപുസ്തകങ്ങളുടേയും, ആറ് ഇംഗ്ലീഷ് പുസ്തകങ്ങളുടേയും ഗ്രന്ഥകാരനാണ് ഡോ.എ കെ.ബി.

അമേരിക്കൻ മലയാളികൾ ജന്മഭൂമിയിൽ നിന്നും അന്യമായി പോവുകയല്ലേ, പ്രത്യേകിച്ചു പുതിയ തലമുറകൾ എന്ന് ആശങ്കപ്പെടുന്നു ഡോ.എ കെ.ബി.പിള്ള .എന്നാൽ അമേരിക്കൻ മലയാളികൾക്ക് കേരളവുമായി ഉറ്റബന്ധം പുലർത്തുന്നതുകൊണ്ടുള്ള അസാധാരണായ നേട്ടങ്ങളും, കേരളത്തെ ച്യുതിയിൽ നിന്നും സുഭിക്ഷതയിലേക്കുള്ള പരിവർത്തന ശ്രമങ്ങളിൽ, സാമ്പത്തികമായും, സാംസ്‌കാരികമായും കൈവരിക്കാൻ കഴിയുന്ന കാര്യങ്ങളും, ഡോ.എ.കെ.ബി.പിള്ളയുടെ നേതൃത്വത്തിൽ കേരള സെമിനാറിൽ ചർച്ച ചെയ്യുകയും നവീനമായ പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു .

കേരളത്തിന്റെ വികസന വിഷയങ്ങളിൽ പ്രാഗത്ഭ്യം നേടിയിട്ടുള്ള മറ്റു പലരും ഈ സെമിനാറിൽ പങ്കെടുക്കും. ഈ സെമിനാറിന്റെ ഒരു പ്രത്യേകത കേരളാ ഗവൺമെന്റിന്റെ സഹകരണത്തോടെ, പല പദ്ധതികളും നടപ്പാക്കാനുള്ള ശ്രമമാണ്.

സെമിനാറിൽ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രധാന വിഷയങ്ങൾ:

1) അമേരിക്കൻ മലയാളികളുടെ കേരളത്തിലെ സ്വത്തുക്കളുടെ സംരക്ഷണം
2) പ്രകൃതിയുടെ പുനഃനിർമ്മാണം
3) വായു ജല ശുദ്ധീകരണം
4) ചവറുനീക്കാനുള്ള സ്ഥിരം പദ്ധതികൾ
5) പൂർണ്ണമായ സ്വാശ്രയത്വം ലക്ഷ്യമാക്കി, കൃഷിയുടെ (നെല്ല്, തെങ്ങ്, മറ്റു വിളകൾ) പുനരുദ്ധാരണം.
6) കൈത്തറി ഉല്പന്നങ്ങൾക്കും, കൈതൊഴിൽ സൃഷ്ടികൾക്കും സാർവ്വദേശീയമായ മാർക്കറ്റുകൾ കണ്ടുപിടിക്കൽ
7) ആയൂർവേദത്തിന്റെ ഗുണമേന്മ ഉറപ്പിക്കാനും ഉപയോഗം വർദ്ധിപ്പിക്കാനും ഉള്ള ഗവേഷണ റിപ്പോർട്ട്
8) കേരളത്തിൽ സാർവ്വത്രികമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാർവ്വദേശിയ പ്രമുഖമാക്കാനുള്ള സാധ്യതകൾ
9) കാഴ്ച ബംഗ്ലാവുകൾ, പുരാവസ്തു കേന്ദ്രങ്ങൾ തുടങ്ങിയ സാംസ്‌കാരിക സ്ഥാപനങ്ങളുടെ സാർവ്വദേശീയ പ്രമുഖമായ വികാസം
10) ദൃശ്യകലകൾ
11) ടൂറിസ്സം, സാർവ്വദേശീയ പ്രമുഖമാക്കി, ഉയർന്ന വരുമാനം ഉണ്ടാക്കാനുള്ള പദ്ധതികൾ

പ്രബന്ധം അവതരിപ്പിക്കാനും, ചർച്ചകളിൽ പങ്കെടുക്കാനും ആഗ്രഹിക്കുന്നവർ എത്രയും പെട്ടന്ന് ഡോ.എ.കെ.ബി.പിള്ളയുമായി ബന്ധപ്പെടണം.
Email: drakbconsultancy@gmail.com