.ന്യൂജേഴ്സി: 2018 ജൂലയ് 5 മുതൽ 7 വരെ ഫിലഡൽഫിയയിൽ നടത്തുന്ന ഫൊക്കാന കൺവൻഷന്റെ മീഡിയ കമ്മിറ്റിയുടെ കോർഡിനേറ്ററായി കുര്യൻ പ്രക്കാനത്തെ തിരഞ്ഞെടുത്തതായി ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, കൺവൻഷൻ ചെയർമാൻ മാധവൻ ബി നായർ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറർ ഷാജി വർഗീസ് എന്നിവർ അറിയിച്ചു.

ഫൊക്കാനയുടെ ബോർഡ് ഓഫ് ട്രസ്ടീ അംഗവും പ്രവാസി മലയാളീ മുന്നണി ചെയർമാനുമായ കുര്യൻ പ്രക്കാനം നോർത്ത് അമേരിക്കയിലെ അറിയപ്പെടുന്ന പ്രവാസി നേതാവാണ്. മലയാള മയൂരം ടി വി യുടെ അമരക്കാരനായ അദ്ദ്‌ദേഹം പ്രവാസി മലയാളികളുടെ പ്രതിനിധിയായി ചരിത്രത്തിൽ ആദ്യമായി ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറന്മുളയിൽ മത്സരത്തിനായി നോമിനേഷൻ നൽകിയിരുന്നു. കാനഡയിലെ പ്രമുഖ മലയാളി സംഘടനകളിൽ ഒന്നായ ബ്രാംപ്ടൺ മലയാളി സമാജത്തിന്റെ പ്രസിഡണ്ട് ആയി പ്രവർത്തിക്കുന്ന കുര്യൻ പ്രക്കാനം നോർത്ത് അമേരിക്കയിലെ സംഘടനാ പ്രവർത്തനങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി നോർത്തമേരിക്കയിലാകമാനം, പ്രത്യേകിച്ച് കാനഡയിലെ മലയാളി സമൂഹത്തിനു പുതുമാതൃക കാട്ടി.

ചരിത്ര വിജയമായിരുന്ന ഇക്കഴിഞ്ഞ ഫൊക്കാന ടോരോന്‌ടോ കൺവൻഷനിൽ പ്രസിഡണ്ട് ജോൺ പി ജോണിനോടൊപ്പം റീജിണൽ വൈസ് പ്രസിഡണ്ട് ആയി കുര്യൻ പ്രക്കാനം പ്രവർത്തിച്ചിരുന്നു. കുരിയൻ പ്രക്കാനത്തിന്റെ സംഘടനാ പ്രവർത്തന പാരമ്പര്യവും മാധ്യമ പരിചയവും ഫൊക്കാന കൺവെൻഷന് മുതൽക്കൂട്ടായിരിക്കുമെന്ന് മീഡിയ കമ്മിറ്റി ചെയർപേഴ്‌സൺ വിനീത നായർ പറഞ്ഞു.