ടൊറേന്റോ: കാനഡയിലെ ടൊറേന്റോയിൽ ജൂലൈ ഒന്നു മുതൽ നാലു വരെ നടത്തുന്ന ഫൊക്കാന നാഷണൽ കൺവൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു.

നാലു ദിവസങ്ങളിലായി അരങ്ങേറുന്ന കൺവൻഷനിലേക്ക് നോർത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തിൽ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാൻ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹിൽട്ടൺ സ്യൂട്ട് ഒരുങ്ങിക്കഴിഞ്ഞു. ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായി ഹോട്ടൽ സമുച്ചയത്തിനു പുറത്തുപോകാതെ തന്നെ കേരളത്തനിമയാർന്ന തനി നാടൻ ഭക്ഷണമൊരുക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിക്കഴിഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടന ആയ ഫൊക്കാനയുടെ ജനറൽ കൺവൻഷന് ടൊറന്റോ മലയാളി സമാജമാണ് ആതിഥ്യം വഹിക്കുന്നത്.

കാനഡയിൽ നടക്കുന്ന ഫൊക്കാനയുടെ മഹോത്സവം എന്നതിലുപരി അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാന മുപ്പതു വർഷങ്ങളുടെ ചരിത്ര നിയോഗത്തിൽ കൂടി കടന്നു പോകുന്നു എന്ന പ്രത്യേകത കൂടി ഉണ്ട് ഈ കൺവൻഷന്.

കൺവൻഷന്റെ മുന്നോടിയായി നടക്കുന്ന കൺവൻഷൻ കിക്കോഫ് ഗംഭീരമായി ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പുകളിലാണ് എല്ലാ അംഗസംഘനകളും.

വളരെ ചിട്ടയോടു കൂടിയ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതായി പ്രസിഡന്റ് ജോൺ പി.ജോൺ, സെക്രട്ടറി വിനോദ് കെയാർക്കെ, ട്രഷറർ ജോയ് ഇട്ടൻ തുടങ്ങിയവർ അറിയിച്ചു. യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടുന്ന മഹോത്സവമാകും ഫൊക്കാന കൺവൻഷൻ എന്ന് ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പിള്ളിൽ അറിയിച്ചു.