ടൊറന്റോ:  ഫൊക്കാന നാഷണൽ കൺവൻഷനു മുന്നോടിയായി നടത്തിയ കാനഡ റീജിയണൽ രജിസ്ട്രേഷൻ കിക്ക്ഓഫിന് ആവേശകരമായ തുടക്കം. കൺവൻഷൻ അവിസ്മരണീയമാക്കുന്നതിനു ഒറ്റക്കെട്ടായി പ്രവർത്തിക്കാനുള്ള കാനഡയിൽ നിന്നുള്ള പ്രതിനിധികളുടെ പ്രഖ്യാപനം സംഘാടകർക്ക് കരുത്ത് പകർന്നു.

ഗോൾഡ് സ്പോൺസർ റോയ് ജോർജ്, സിൽവർ സ്പോൺസർ അലക്സ് അലക്സാണ്ട ർ എന്നിവർക്ക് പ്രസിഡന്റ് ജോൺ പി. ജോൺ സ്പോൺസർഷിപ്പ് രജിസ്ട്രേഷൻ നൽകി. യുഎസിൽ നിന്നുള്ളവർ കാനഡയിലേക്ക് ടൂറായി കരുതി കൺവൻഷനിൽ പങ്കാളികളാകുന്നതുപോലെ കാനഡയിൽ നിന്നുള്ളവരും നാലുദിവസവും മാർക്കം ഹിൽട്ടൺ സ്വീറ്റ്സിൽ താമസിച്ച് പങ്കെടുത്ത് കൺവൻഷൻ വൻ വിജയമാക്കണമെന്നു ജോൺ പി. ജോൺ പറഞ്ഞു. വിവിധ മേഖലകളിൽ നിന്നുള്ളവരുടെ സാന്നിധ്യംകൊണ്ട ് ശ്രദ്ധേയമായ കിക്കോഫ് കൂട്ടായ്മ ഫൊക്കാനയുടെ ഭാഗമായ സംഘടനകളിൽ നിന്നു കൺവൻഷന് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കാനും ആഹ്വാനം ചെയ്തു.

ഫൊക്കാന ജനറൽ സെക്രട്ടറി വിനോദ് കെയാർകെ, ജോയിന്റ് ട്രഷറർ സണ്ണി ജോസഫ്, കൺവൻഷൻ ചെയർമാൻ ടോമി കോക്കാട്ട്, റീജിയണൽ വൈസ് പ്രസിഡന്റ് കുര്യൻ പ്രക്കാനം, നാഷണൽ കമ്മിറ്റി മെമ്പർ ബിജു കട്ടത്തറ, ബോർഡ് ഓഫ് ട്രസ്റ്റി മാറ്റ് മാത്യു, നാഷണൽ യൂത്ത് റെപ്രസന്റേറ്റീവ് ജോമി കാരക്കാട്ട്, ടൊറന്റോ മലയാളി സമാജം പ്രസിഡന്റ് ഷിബു ജോൺ, മിസ്സിസാഗാ കേരളാ അസോസിയേഷൻ പ്രസിഡന്റ് പ്രസാദ് നായർ, നയാഗ്ര മലയാളി അസോസിയേഷൻ പ്രതിനിധി ബൈജു ജോർജ് പാലമറ്റം തുടങ്ങിയവർ പ്രസംഗിച്ചു. കൺവൻഷൻ ഗ്രാന്റ് സ്പോൺസർ ജോസി കാരയ്ക്കാട്ട് പങ്കെടുത്തു.

ടൊറന്റോയ്ക്ക് സമീപം മാർക്കം ഹിൽട്ടൺ സ്വീറ്റ്സിൽ ജൂലൈ 1 മുതൽ 4 വരെയാണ് കൺവൻഷൻ. ‘ഫിംക' ഫിലിം അവാർഡ്, ഗ്ലിംപ്സ് ഓഫ് ഇന്ത്യ, സ്പെല്ലിങ് ബീ, ഉദയകുമാർ വോളിബോൾ ടൂർണമെന്റ്, മിസ് ഫൊക്കാന എന്നിവയും ഇതോടനുബന്ധിച്ച് നടക്കും. രജിസ്റ്റർ ചെയ്വുന്നവർക്ക് കേരളീയ വിഭവങ്ങളാണ് നൽകുന്നതെന്നതാണ് ഇത്തവണത്തെ പ്രത്യേകത.

രജിസ്ട്രേഷനും സ്പോൺസർഷിപ്പും സംബന്ധിച്ച വിവരങ്ങൾക്ക് പ്രസിഡന്റ് ജോൺ പി. ജോൺ, ജനറൽ സെക്രട്ടറി വിനോദ് കെയാർകെ, കൺവൻഷൻ ചെയർ ടോമി കോക്കാട്ട് എന്നിവരുമായി ബന്ധപ്പെടുക. വെബ്സൈറ്റ്: www.fokanaonline.com