മെൽബൺ: നവജാത ശിശുക്കളിലുണ്ടാകുന്ന വൈകല്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ബ്രെഡ്ഡുകളിൽ ഫോളേറ്റ് എന്ന പദാർഥം ചേർക്കുന്നത് ലക്ഷ്യം കണ്ടുവെന്ന് റിപ്പോർട്ട്. നവജാത ശിശുക്കളിൽ ഉണ്ടാകുന്ന സ്പിന ബൈഫിഡ, മറ്റ് നാഡീസംബന്ധമായ വൈകല്യങ്ങൾ എന്നിവ ബ്രെഡ്ഡുകളിൽ ഫോളേറ്റ് ഉപയോഗിക്കണമെന്നുള്ള നിയമം നിർബന്ധമാക്കിയതിൽ പിന്നെ കുറഞ്ഞിട്ടുണ്ടെന്ന് വിലയിരുത്തുന്നു. ഓസ്‌ട്രേലിയ ന്യൂസിലാൻഡ് ഫുഡ് സ്റ്റാൻഡേർഡ് കോർഡ് പ്രകാരം 2009 മുതലാണ് ഓസ്‌ട്രേലിയയിൽ ബ്രെഡ്ഡ് നിർമ്മിക്കുമ്പോൾ ഫോളേറ്റ് ചേർക്കണം എന്ന് നിർബന്ധമാക്കിയത്.

ഫോളിക് ആസിഡും അയഡിനും ചേർന്നതാണ് ഫോളേറ്റ്. ബ്രെഡ് ഫോർട്ടിഫിക്കേഷൻ പരിപാടിയുടെ കീഴിൽ നടത്തിയ പഠനത്തെ തുടർന്ന് ഫോളേറ്റ് ഉപയോഗത്തെ തുടർന്ന് നവജാത ശിശുക്കളിൽ വൈകല്യം 14.4 ശതമാനത്തോളം കുറവ് രേഖപ്പെടുത്തുന്നുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ന്യൂറൽ ട്യൂബ് ഡിഫെക്ട് എന്നറിയിപ്പെടുന്ന ഇത്തരം വൈകല്യങ്ങൾ ടീനേജുകാർക്കിടയിൽ 55 ശതമാനവും അബൊറിജിനൽ സ്ത്രീകളിൽ 74 ശതമാനത്തോളം കുറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്കിടയിൽ ഉണ്ടാകുന്ന അയഡിന്റെ അഭാവം കുറയ്ക്കാനും ഫോളേറ്റിന്റെ ഉപയോഗം മൂലം സാധിച്ചിട്ടുണ്ട്.

തൈറോയ്ഡ് ഗ്രന്ഥിയുടേയും നാഡീവ്യൂഹത്തിന്റേയും പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ് അയഡിൻ. പ്രത്യേകിച്ച് ശിശുക്കളിലും ചെറിയ കുട്ടികളിലും. രാജ്യം നേരിടുന്ന പ്രധാന ആരോഗ്യപ്രശ്‌നത്തിന് ഇത്തരത്തിൽ ഫോളേറ്റിന്റെ ഉപയോഗത്തോടെ ഒരുപരിധി വരെ പരിഹാരം കണ്ടെത്താൻ സാധിച്ചുവെന്ന ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.