അരിസോണ: ഫോമായിലെ ഏറ്റവും വലിയ റീജിയനായ വെസ്റ്റേൺ റീജിയന്റെ 'പ്രയാണം 2021', ജനുവരി ഇരുപത്തിമൂന്നാം തീയതി ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് അരങ്ങേറി. ഭാരതത്തിന്റെ എഴുപത്തി രണ്ടാമത് റിപ്പബ്ലിക്കൻ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പ്രസ്തുത ചടങ്ങ് എല്ലാവര്ക്കും വേറിട്ട ഒരു അനുഭവമായി മാറി. റീജിയനിലെ പന്ത്രണ്ട് അംഗസംഘടനകളുടെയും ആഭിമുഖ്യത്തിൽ അരങ്ങേറിയ ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം കൊടുത്ത ഫോമാ വെസ്റ്റേൺ റീജിയൻ വൈസ് പ്രസിഡന്റ് ജോസ് വടകര നാമകരണം ചെയ്ത 'പ്രയാണം 2021' എന്ന ചടങ്ങ് അക്ഷരാർത്ഥത്തിൽ വൻ വിജയമായി. ഫാസിസം വാഴുന്ന സമകാലീന കാലഘട്ടത്തിൽ അമേരിക്കൻ മലയാളികളുടെ മതനിരപേക്ഷത വിളിച്ചോതുന്ന ഫോമാ എന്ന സംഘടനയുടെ പ്രസക്തി വളരെ വലുതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജാസ്മിൻ പരോളിന്റെ ആമുഖത്തോടെയും, ആന്റപ്പന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തോടെയും പ്രയാണം 2021 ന് തുടക്കം കുറിച്ചു.

ഉദ്ഘാടകനായ പ്രശസ്ത സാഹിത്യകാരൻ സേതുമാധവനെ ജോസ് വടകര സദസ്സിന് പരിചയപ്പെടുത്തി. നാല്പതിലധികം നോവലുകളും ചെറുകഥകളും, അതിനോടോപ്പം അവാർഡുകളും വാരിക്കൂട്ടിയ അദ്ദേഹത്തിന്റെ തൂലികയുടെ ഭാവനയെ എത്ര വർണ്ണിച്ചാലും മതിയാവില്ലന്നും പ്രകീർത്തിച്ചു. മഹാമാരി മനുഷ്യകുലത്തിനെ മുഖാവരണം അണിയിച്ച ഈ കോവിഡ് കാലഘട്ടത്തിൽ, ഫോമാ വെസ്റ്റേൺ റീജിയന്റെ പരിപാടികൾ ഉദ്ഘാടനം ചെയ്യുവാൻ സാധിച്ചത് ഒരു മഹാഭാഗ്യമായി താൻ കാണുന്നു എന്ന് അദ്ദേഹം അറിയിച്ചു. പ്രയാണം അത് അന്ത്യമില്ലാത്ത യാത്രയാണ്. പ്രവാസികൾക്ക് പ്രയാണം ജീവിതത്തിന്റെ സന്തത സഹചാരിയാണ്. ഈ പ്രയാണത്തിലും, മാതൃഭാഷയോടുള്ള തീർത്താൽ തീരാത്ത കടപ്പാട് കാത്തുസൂക്ഷിക്കുന്ന ഫോമാ എന്ന അമേരിക്കൻ മലയാളീ സംഘടനയെ അദ്ദേഹം വാക്കുകൾക്കു അതീതമായി അഭിനന്ദിച്ചു.

സുജ ഔസോ ഭദ്രദീപം കൊളുത്തി ആരംഭിച്ച ചടങ്ങിൽ, ദുർഗ നായരുടെ വക്രതുണ്ഡം മഹാകായ കോടി സൂര്യ എന്ന പ്രാർത്ഥനാഗീതം നൃത്താവിഷ്‌കരണത്തിലൂടെ അവതരിപ്പിച്ചപ്പോൾ പരിപാടിയുടെ തിരശീല ഉയർന്നു. റീജിയണൽ വുമൺസ് ഫോറം കമ്മറ്റിയുടെ രൂപീകരണവും പ്രവർത്തോദ്ഘാടനവും ഇതോടൊപ്പം വളരെ ഭംഗിയായി ആഘോഷിച്ചു. മുഖ്യാതിഥിയായ ബഹു: ജഡ്ജ് ജൂലി മാത്യുവിനെ ഫോമാ നാഷണൽ വുമൺസ് ഫോറം കമ്മറ്റി മെമ്പർ ജാസ്മിൻ പരോൾ സദസ്സിന് പരിചയപ്പെടുത്തി. അമേരിക്കൻ കോടതി ചരിത്രത്തിലെ ആദ്യത്തെ അമേരിക്കൻ ഇന്ത്യൻ വനിതാ ജഡ്ജ് എന്ന പദവി എനിക്ക് അലങ്കരിക്കാമെങ്കിൽ, ഓരോ ഇന്ത്യൻ വനിതകളെയും അവസരങ്ങൾ ഇവിടെ മാടിവിളിക്കുന്നുണ്ട്. അതുപോലെ കമല ഹാരിസ് അമേരിക്കയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഈ സമയത്ത് വനിതാ ശാക്തീകരണം ഓരോ സ്ത്രീയുടെയും അവകാശമാണന്ന് നമ്മൾ തിരിച്ചറിയണം , അതിനായി നമ്മൾക്ക് ഒരുമിച്ചു മുന്നേറാം എന്ന വാക്കുകൾ സദസ്സിന് ആവേശമായി. റീജിയണൽ വനിതാ ചെയർ രശ്മി സജി വനിതാ ശാക്തീകരണത്തെ സംബന്ധിച്ച് ഊന്നി പറഞ്ഞു. ഫോമാ നാഷണൽ വുമൺസ് ഫോറം ചെയർ പേഴ്സൺ ലാലി കളപ്പുരക്കൽ പുതിയ റീജിയണൽ കമ്മറ്റിക്കു ആശംസകൾ നേർന്നു. റീജിയണിലെ വനിതാ ഫോറം കമ്മറ്റി അംഗങ്ങൾ എല്ലാവരും സന്നിഹിതരായിരുന്നു.

സംഘടനാ പ്രവർത്തനം സ്ഥാനമാനങ്ങൾക്ക് മാത്രമായി പോകരുതെന്നും, നമ്മുടെ വിലപ്പെട്ട സമയവും പ്രവർത്തനങ്ങളും സമൂഹനന്മക്കായിട്ടാവണം എന്നും

വെസ്റ്റേൺ റീജിയൻ ചെയർമാനായി നിയോഗിതനായ വിൻസന്റ് ബോസ് മാത്യു ഓർമ്മിപ്പിച്ചു. അമേരിക്കൻ മലയാളികളിൽ ഏറ്റവുമധികം പോസിറ്റീവ് എനർജി ലഭിക്കുന്നത് വെസ്റ്റേൺ റീജിയനിൽ നിന്നാണെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് പറഞ്ഞു . പുതിയ ഫോമാ പ്രസിഡന്റിനെ പോൾ ജോൺ (റോഷൻ) പരിചയപ്പെടുത്തി.

എഴുപത്തി ആറ് മലയാളീ സംഘടനകളുമായി ഏറ്റവും മുന്നിൽ നിൽക്കുന്ന ഫോമാ എന്ന വലിയ സംഘടയിലേക്ക് ഈ വർഷം കൂടുതൽ അസോസിയേഷനുകൾ അംഗത്വമെടുക്കാനായി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടന്ന് ഫോമാ ജനറൽ സെക്രെട്ടറി ഉണ്ണി കൃഷ്ണൻ പറഞ്ഞു. ഫോമായുടെ ഇന്നത്തെ വളർച്ചയുടെ നാരായ വേരും നട്ടെല്ലും വെസ്റ്റേൺ റീജിയൻ ആണെന്ന് ഫോമാ ട്രെഷറർതോമസ് റ്റി ഉമ്മൻ എടുത്തുപറഞ്ഞു. വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, ജോയിന്റ് സെക്രെട്ടറി ജോസ് മണക്കാട്ട് എന്നിവർ ആശംസകൾ അറിയിച്ചു.

രശ്മി നായർ വെസ്റ്റേൺ റീജിയന്റെ റിപ്പബ്ലിക്ക് ദിന സന്ദേശം അറിയിച്ചു. ഡാനീഷും മകളും കൂടി ആലപിച്ച കസ്തൂരി എന്ന ഗാനവും, അലീന ജോസ് ആലപിച്ച അനുരാഗ വിലോചനനായി എന്ന ഗാനവും, അനാമികയും ടീമും പാടിയ ലോകം മുഴുവൻ സുഖം പകരാനായി എന്ന ഗാനവും മധുരതരമായി. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക പൂർണശ്രീ ഹരിദാസിനെ സജിത്ത് തൈവളപ്പിൽ സ്വാഗതം ചെയ്തു. ഗായിക പൂർണശ്രീ ഹരിദാസിനോടൊപ്പം, റീജിയനിൽ നിന്നുള്ള മികച്ച കലാപ്രതിഭകളുടെ സംഗീതവിരുന്നും, നൃത്യനൃത്തങ്ങളും ചടങ്ങിന് മോടി കൂട്ടി. ഫോമാ വെസ്റ്റേൺ റീജിയൻ കമ്മറ്റിയംഗങ്ങളെയും, വുമൺസ് ഫോറം കമ്മറ്റി അംഗങ്ങളെയും പരിചയപ്പെടുത്തുന്ന പ്രെസന്റേഷൻ പുതുമയുള്ള അനുഭവംയി. പ്രയാണം 2021 എന്ന പരിപാടിയുടെ വന്പിച്ച വിജയത്തിനായി ആദ്യന്തം നേതൃത്വം കൊടുത്തത് രശ്മി മേനോനും, രേഷ്മ നാരായണസ്വാമിയും ആയിരുന്നു. സാജൻ മൂലേപ്ലാക്കൽ നേതൃത്വം കൊടുത്ത സോഷ്യയ മീഡിയ ഡയറക്ടറേറ്റ് കമ്മറ്റി എല്ലാവരുടെയും പ്രശംസയ്ക്ക് പാത്രമായി. ഫോമാ നാഷണൽ കമ്മറ്റിയംഗങ്ങളായ ജോസഫ് ഔസോ സ്വാഗതവും, ഹൃദ്യമായ നന്ദിപ്രമേയം അവതരിപ്പിച്ച ഡോക്ടർ പ്രിൻസ് നെച്ചിക്കാട്ടും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി