മാർത്തോമാ സഭ മുൻ അധ്യക്ഷൻ പത്മഭൂഷൺ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്ത വാർത്ത ലോകമെമ്പാടുമുള്ള മലയാളികളും, വിശ്വാസികളും, അദ്ദേഹത്തെ അറിയുകയും, സ്‌നേഹിക്കുകയും ചെയ്യുന്നവരും, വളരെ വേദനയോടെയാണ് ശ്രവിച്ചത്. ജന്മസിദ്ധമായ നർമവാസന കൊണ്ടും, ജീവിതത്തിലുടനീളം പുലർത്തിയ ലാളിത്യം കൊണ്ടും, ജാതി-മതഭേദമന്യേ എല്ലാ ജനഹൃദയങ്ങളിലും ഇടം നേടിയ ക്രിസോസ്റ്റമിന്റെ വേർപാട് മലയാളികൾക്കെല്ലാം തീരാ നഷ്ടമാണ്. ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന ക്രിസോസ്റ്റം തിരുമേനി,പ്രമുഖ ആത്മീയ പ്രഭാഷകനും, രാഷ്ട്രീയ,സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലെ നിറ സാന്നിദ്ധ്യവുമായിരുന്നു.

അശരണരുടെ കണ്ണീരൊപ്പുന്നതിനും അവർക്കാശ്വാസം പകരാനുമായി ജീവിതം ഉഴിഞ്ഞുവച്ച ശ്രേഷ്ഠ പുരോഹിതനായ ക്രിസോസ്റ്റം തിരുമേനിയുടെ വേർപാടിൽ എല്ലാ മലയാളികളോടോപ്പവും, വിശ്വാസ സമൂഹത്തോടൊപ്പവും ഫോമയും പങ്കു ചേരുന്നു. അഭിവന്ദ്യ തിരുമേനിയെ അനുസ്മരിക്കുന്നതിനും അനുശോചനം രേഖപ്പെടുത്താനും ഫോമയുടെ നേതൃത്വത്തിൽ മെയ് 11 ചൊവ്വാഴ്ച ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം വൈകിട്ട് 8 മണിക്ക് അനുസ്മരണ സമ്മേളനം നടക്കും. അനുസ്മരണ യോഗത്തിൽ സാമൂഹ്യ-സാംസ്‌കാരിക രംഗത്തുള്ളവരും, വിവിധ മത മേലദ്ധ്യക്ഷന്മാരും അഭിവന്ദ്യരുമായ സിറിയക് ഓർത്തഡോക്‌സ് മെത്രോപ്പൊലീത്ത അയൂബ് മാർ സിൽവാനിയോസ്, റൈറ്റ് റെവറന്റ് ഡോക്ടർ ഐസക് മാർ ഫിലോക്സിനോസ് , ഓക്‌സിലിയറി ബിഷപ് മാർ ജോയ് ആലപ്പാട്ട്, സക്കറിയ മാർ നിക്കോളോവാസ് മെത്രോപ്പൊലീത്ത എന്നിവർ അദ്ദേഹത്തെ അനുസ്മരിച്ച് പ്രഭാഷണം നടത്തും.

മുൻ രാജ്യസഭാംഗവും , എം എൽ എ യും, പത്രപ്രവർത്തകനുമായ പി രാജീവ് എം എൽ എ , പ്രശസ്ത സിനിമാ സംവിധായകൻ ബ്ലെസി , വര്ഗീസ് മാമ്മൻ തുടങ്ങിയവർ കേരളത്തിൽ നിന്നും സംസാരിക്കും.

എ കെ എം ജി പ്രസിഡന്റ് ഡോ സുബ്രമണ്യ ഭട്ട് , നൈന പ്രസിഡന്റ് ഡോ ആഗ്‌നസ് തേർഡി , കെ എഛ് എൻ എ പ്രസിഡന്റ് സതീശൻ അമ്പാടി , നന്മ പ്രസിഡന്റ് ഫിറോസ് മുസ്തഫ തുടങ്ങിയവർ അനുശോചന യോഗത്തിൽ പങ്കെടുത്തു സംസാരിക്കും .

എല്ലാ നല്ലവരായ മലയാളികളും, അനുസ്മരണ സമ്മേളനത്തിൽ സൂം ഐ.ഡി. 958 0353 7253 എന്ന ലിങ്കു വഴി പങ്കെടുക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.