പത്തനാപുരം ഗാന്ധിഭവനിൽ നിരാശ്രയരും നിരാലംബരുമായ അന്തേവാസികൾക്ക് ഫോമാ നൽകിയ ഓണക്കോടിയുടെ വിതരണവും, ഓണ സദ്യയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ മുരളീധരൻ ഉദ്ഘാടനം ചെയ്തു.

സാഹോദര്യത്തിന്റെയും, സ്‌നേഹത്തിന്റെയും, സാന്ത്വനത്തിന്റെയും പരസ്പര സഹവർത്തിത്വത്തിന്റെയും ഉജ്ജ്വല മാതൃകയാണ് ഗാന്ധി ഭവനിലെ ആഘോഷങ്ങളിൽ അനുഭവിക്കാൻ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരോരുമില്ലാത്ത സങ്കടങ്ങളും,പരിഭവങ്ങളും ,ചെറിയ ചെറിയ സന്തോഷങ്ങളും പരസ്പരം പങ്കുവെച്ചും കഴിയുന്നവരുടെ മനസ്സ് കാണാൻ കഴിയുന്നതും സഹായിക്കാൻ കഴിയുന്നതും ഫോമാ നൽകുന്ന മഹത്തായ സന്ദേശമാണ്. ഫോമയുടെ കാരുണ്യത്തിന്റെ തൂവൽ സ്പർശം ഇനിയുമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡിന്റെ കെടുതികളിൽ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന ബാലരാമപുരത്തെ നെയ്ത്തു തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ഫോമാ ഏറ്റുവാങ്ങിയ വസ്ത്രങ്ങൾ ഗാന്ധി ഭവനിലെ അന്തേവാസികൾക്ക് നൽകുകയാണ് ഫോമാ ചെയ്തത്.

ചടങ്ങിൽ ഗാന്ധിഭവൻ സെക്രട്ടറി ഡോക്ടർ പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ് അമൽരാജ്, ഗാന്ധിഭവൻ അസിസ്റ്റന്റ് സെക്രട്ടറി ജി.ഭുവനചന്ദ്രൻ, അക്കൗണ്ട്‌സ് ജനറൽ മാനേജർ കെ.ഉദയകുമാർ, ട്രസ്റ്റി പ്രസന്ന രാജൻ, ജനറൽ മാനേജർ വി സി.സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ബാലരാമപുരത്തെ നെയ്ത്തു തൊഴിലാളികളെ സംരക്ഷിക്കുന്നതിനും, പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസികൾക്ക് ഓണക്കോടിയും ഓണസദ്യയും നൽകുന്നതിന് എല്ലാ പിന്തുണയും നൽകിയും, സാമ്പത്തിക സഹായങ്ങൾ നൽകിയും സഹകരിച്ച ഫോമയുടെ അഭ്യുദയകാംഷികളോടും ഫോമാ കടപ്പെട്ടിരിക്കുന്നുവെന്നും തുടർന്നും സഹകരണം ഉണ്ടാകണമെന്നും ഫോമാ എക്‌സിക്യൂട്ടീവ് ഓഫീസറന്മാരായ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ ,ട്രഷറർ തോമസ് ടി ഉമ്മൻ എന്നിവരും പ്രോജക്ടിന്റെ ലീഡ് പ്രദീപ് നായർ, ഹെല്പിങ് ഹാന്റിന്റെ നാഷണൽ കോർഡിനേറ്റർ ഗിരീഷ് പോറ്റി , ചെയർമാൻ സാബു ലൂക്കോസ്, സെക്രട്ടറി ബിജു ചാക്കോ,

ബാലരാമപുരം-ഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ട് കോർഡിനേറ്റർസ് സുനിതാ പിള്ള ,സിമി സൈമൺ, രേഷ്മ രഞ്ജൻ എന്നിവർ അഭ്യർത്ഥിച്ചു.