റ്റാമ്പാ : ജനുവരി 16 നു ഫ്‌ളോറിഡ നടത്താൻ തീരുമാനിച്ചിരുന്ന ജനറൽബോഡി യോഗം, ഏപ്രിൽ 30 ലേക്ക് മാറ്റി വെച്ചു . രാജ്യമാകെ കോവിഡ് വകഭേദമായ ഓമിക്രോൺ വാൻ തോതിൽ പടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷയും, ആശങ്കയും കണക്കിലെടുത്താണ് തീരുമാനം. ജനുവരി ആറിന് കൂടിയ ഫോമയുടെ അൻപത്തിനാലംഗ ദേശീയ സമിതിയാണ് പൊതുയോഗം മാറ്റി വെക്കാനുള്ള അവസാന തീരുമാനം കൈക്കൊണ്ടത്.

ഫോമയുടെ അഡൈ്വസറി, ജുഡീഷ്യൽ , കംപ്ലൈൻസ് കൗൺസിലുകളുടെ ചെയർപേഴ്‌സൺസ് ഡിസംബർ 28 നു സംയുക്ത യോഗം കൂടുകയും, ഫോമായുടെ എക്‌സിക്യൂട്ടീവ് ഓഫീസേഴ്‌സിനോട് ഇപ്പോഴത്തെ സാഹചര്യത്തിൽ പൊതുയോഗം മാറ്റിവെക്കുന്നതു നന്നായിരിക്കുമെന്നുള്ള അഭിപ്രായം അറിയിക്കുകയും ചെയ്തിരുന്നു. ജനുവരി മൂന്നിന് കൂടിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഈ അഭിപ്രായം അംഗീകരിക്കുകയും ചെയ്തിരുന്നു.

അംഗ അസോസിയേഷനുകളിൽ നിന്നും പ്രതിനിധികളിൽ നിന്നും ഇത് സംബന്ധിച്ചുള്ള അഭ്യർത്ഥനകളും കമ്മറ്റി പരിഗണിച്ചു.

നീട്ടി വെക്കുന്നതിനാൽ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും എല്ലാ വസ്തുതകളും ഘടകങ്ങളും പരിഗണിച്ച ശേഷമാണ് ജനറൽ ബോഡി മീറ്റിങ് 2022 ഏപ്രിൽ 30 വരെ മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.