അമേരിക്കൻ മലയാളികളുടെ അഭിമാന പ്രസ്ഥാനമായ ഫോമയുടെ പ്രവർത്തനങ്ങൾക്ക് എന്നും ശക്തി പകരുന്ന പ്രധാന റീജിയനുകളിലൊന്നായ ഫോമാ ക്യാപ്പിറ്റൽ റീജിയനും ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും കൂടി ചേർന്ന് മീറ്റ് ആൻഡ് ഗ്രീറ്റ് യോഗം നടത്തി . ഫോമാ ക്യാപ്പിറ്റൽ റീജിയനിൽ ഉൾപ്പെട്ട എല്ലാ സംഘടനകളിലെയും പ്രധാന നേതാക്കന്മാർ ഈ യോഗത്തിൽ പങ്കെടുക്കുകയും ഫോമായുടെ ഭാവി പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ വാഗ്ദാനം ചെയ്യുകയും, പുതുതായി തിരഞ്ഞെടുക്കപ്പട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് അനുമോദനങ്ങൾ അർപ്പിക്കുകയും ചെയ്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയോടൊത്തുനിന്നുകൊണ്ട് ഫോമയുടെ ഉന്നമനത്തിനായി എക്കാലവും ഒത്തൊരുമയോടുകൂടി പ്രവർത്തിക്കുമെന്ന് ഏവരും ദൃഢസ്വരത്തിൽ നേതൃത്വത്തിന് ഉറപ്പു നൽകി.

ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് , ജനറൽ സെക്രട്ടറി ടി . ഉണ്ണികൃഷ്ണൻ , ട്രഷറർ തോമസ് ടി. ഉമ്മൻ , വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, അഡ്വൈസറി ബോർഡ് ചെയർമാൻ ജോൺ സി. വർഗ്ഗീസ് എന്നിവർ യോഗത്തിന് നേതൃത്വം കൊടുത്തു.

മൗനപ്രാത്ഥനയോടുകൂടി ആരംഭിച്ച പ്രസ്തുത യോഗത്തിൽ ഫോമാ ക്യാപിറ്റൽ റീജിയൻ ആർ.വി.പി തോമസ് ജോസ് യോഗത്തിൽ പങ്കെടുത്ത ഏവരെയും സ്വാഗതം ചെയ്തതിനൊപ്പം പുതുതായി തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തിയ നവ ഫോമാ ദേശീയ, പ്രാദേശിക ഓഫീസ് ഭാരവാഹികളെ അഭിനന്ദിക്കുകയും വിളിച്ചു ചേർത്ത മീറ്റിംഗിന്റെ പൊതുലക്ഷ്യവും ഉദ്ദേശവും വിശദീകരിക്കുകയും മീറ്റിങ് മോഡറേറ്റ് ചെയ്യുകയും ചെയ്തു. ആർ.വി.പി മുതൽ പ്രാദേശിക അംഗങ്ങൾ വരെ സ്വയം പരസ്പരം പരിചയപ്പെടുത്തി.

കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംങ്ടണിൽ നിന്നുള്ള ഡോക്ടർ മധു നമ്പ്യാറിനെ പുതിയ ദേശീയ കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തതായി ആർ.വി.പി യോഗത്തെ അറിയിച്ചു.

ഫോമയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികളുടെയും ആമുഖം ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ മോഡറേറ്റ് ചെയ്തു. ഓരോ നാഷണൽ കമ്മിറ്റി അംഗങ്ങളും തങ്ങളുടെ സംഘടനാ പ്രവർത്തനങ്ങളുമായി ഫോമയുമായുള്ള ബന്ധം വിശദമാക്കുകയും , ക്യാപ്പിറ്റൽ റീജിയന്റെ കീഴിൽ ഒന്നിച്ചു നിന്നുകൊണ്ട് ചെയ്യുവാൻ ഉദ്ദേശിക്കുന്ന ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖ വിശദീകരിക്കുകയും ചെയ്തു, ഒപ്പം, ഫോമയുടെ എല്ലാ ഭാവി പ്രവർത്തനങ്ങൾക്കും ശക്തമായ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ഫോമാ എന്ന മഹത്തായ സംഘടനയുടെ ഉദ്ദേശവും അതിന്റെ ദൗത്യവും നിറവേറ്റുന്നതിന് ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് തന്റെ പ്രസംഗത്തിൽ ഉയർത്തികാട്ടി, തന്റെ നേതൃത്വ കാലത്ത് ചെയ്യുവാൻ ഉദ്ദേശിക്കുന്ന പ്രധാനപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ച് ഹ്രസ്വമായി യോഗത്തിൽ അവതരിപ്പിച്ചു.

തുടർന്ന് നടന്ന ചോദ്യോത്തര സെക്ഷൻ യോഗത്തിലെ ഏറ്റവും ശ്രദ്ധാർഹവും പ്രയോജനപ്രദവുമായ ഘടകമായി മാറി. പ്രധാനമായും ഫോമാ റീജിയണൽ കമ്മിറ്റിയെയും, അവർ ഏറ്റെടുത്തു നടത്തുവാനുദ്ദേശിക്കുന്ന അവരുടെ ചുമതലകളെയും പ്രവർത്തനങ്ങളെയും കേന്ദ്രീകരിച്ചായിരുന്നു ചോദ്യങ്ങൾ.

തോമസ് ജോസ്, രാജ് കുറുപ്പ്, വിജോയ് പട്ടമാടി, ജോൺസൺ കടമകുളത്തിൽ, മാർട്ടിൻ മാത്യു, ഡോ. മധു നമ്പ്യാർ, ജോയ് കൂടാലി, അനിൽ നായർ, സന്തോഷ് കവനാംകുടി, അനിൽ കുമാർ, സജു മാർക്കോസ്, ബിജോ വിദയത്തിൽ, ജോയ് പരികപള്ളി, മോഹൻ കുമാർ,ജോൺ മാത്യു, തോമസ് കുര്യൻ, രാജീവ് സുകുമാരൻ, അനിൽ അലോഷ്യസ്, ബെന്നി തോമസ് എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.

ഡോ. മധു നമ്പ്യാർ വന്നു ചേർന്ന ഏവർക്കും നന്ദി രേഖപ്പെടുത്തിയതിനോടൊപ്പം, ഫോമയെ ഭംഗിയായ നിലയിൽ ഇത്രയും കാലം നയിച്ച മുൻകാല നേതൃത്വ നിരയ്ക്കും, പുതുതായി തിരഞ്ഞെടുക്കപ്പെട്ട നവ നേതൃത്വത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഇത്രയും മനോഹരമായ ഒരു യോഗം സംഘടിപ്പിച്ചു വിജയിപ്പിച്ച റീജിയൻ ആർ.വി.പി തോമസ് ജോസുകുട്ടിക്ക് ഏവരും നന്ദി പറഞ്ഞു . അംഗങ്ങളുടെ ആവശ്യവും അവരുടെ ലഭ്യതയും അടിസ്ഥാനമാക്കി 3 മാസത്തിന് ശേഷമായിരിക്കും അടുത്ത മീറ്റിങ് എന്ന് ആർ.വി.പി തോമസ് ജോസുകുട്ടി അറിയിച്ചു.