താമ്പാ, ഫ്ളോറിഡ: ചിന്തകളിലും കാഴ്ചപ്പാടിലും തനതായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന ഫ്ളോറിഡയിൽ നിന്നുള്ള ജയിംസ് ഇല്ലിക്കലിനെ 2022- 24 കാലഘട്ടത്തിലെ ഫോമ പ്രസിഡന്റ് സ്ഥാനാർത്ഥിയായി അമേരിക്കൻ മലയാളികളുടെ മുത്തശ്ശി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡ (എം.എ.സി.എഫ്) ഐക്യകണ്ഠമായി എൻഡോഴ്സ് ചെയ്തു.

നിലവിലുള്ള അസോസിയേഷൻ പ്രസിഡന്റ് ഷാജു ഔസേഫിന്റെ അധ്യക്ഷതയിൽ എം.എ.സി.എഫ് ആസ്ഥാനമായ കേരളാ സെന്ററിൽ കൂടിയ യോഗത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ടി. ഉണ്ണികൃഷ്ണൻ, മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡ മുൻ പ്രസിഡന്റുമാർ, സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ മുൻനിര പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

സമൃദ്ധമായ നേതൃപാടവംകൊണ്ട് ജനഹൃദയം കീഴടക്കിയ ജനപ്രിയ നേതാവ് ജയിംസ് ഇല്ലിക്കൽ വിവിധ കർമ്മപരിപാടികളുടെ ആസൂത്രകനും, അമേരിക്കയിലും കാനഡയിലും ഇന്ത്യയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സംഘാടകനും കൂടിയാണ്.

ബൃഹത്തായ സുഹൃദ് വലയത്തിനുടമ, സദാ പുഞ്ചിരിക്കുന്ന ആകർഷകമായ വ്യക്തിത്വം, സർവ്വോപരി സംഘടനകളുടേയും നാട്ടുകാരുടേയും പ്രിയ സുഹൃത്ത് ഇവയൊക്കെ ജയിംസ് ഇല്ലിക്കലിന്റെ എടുത്തു പറയത്തക്ക പ്രത്യേകതകളാണ്.

എളിമ നിറഞ്ഞ പ്രവർത്തന പാരമ്പര്യവുമായി ഏവരുടേയും ഹൃദയത്തിൽ കൈയാപ്പ് ചാർത്തിയ ഈ തൊടുപുഴക്കാരനെ അമേരിക്കൻ മലയാളികൾ നെഞ്ചിലേറ്റുമെന്നതിൽ സംശയമില്ലെന്നു യോഗം വിലയിരുത്തി.

എക്കാലത്തും ഫോമയുടെ സന്തതസഹകാരിയായിരുന്നിട്ടുള്ള ജയിംസ് ഇല്ലിക്കൽ 2009-ൽ ജോൺ ടൈറ്റസ് ഫോമാ പ്രസിഡൻരായിരുന്ന സമയത്ത് നാഷണൽ ഫോമാ യൂത്ത് ഫെസ്റ്റിവൽ ഗ്രാന്റ് ഫിനാലെ ചെയർമാനായിരുന്നു.

2010-ൽ ബേബി ഊരാളിൽ പ്രസിഡന്റായിരുന്ന കാലത്ത് ഫോമാ ആർ.വി.പിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2018-ൽ ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തിൽ നടന്ന ഫോമാ കൺവൻഷനിൽ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡ (എം.എ.സി.എഫ്) ആയിരുന്നു 'ബെസ്റ്റ് മലയാളി അസോസിയേഷൻ' അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത്. പ്രസ്തുത അസോസിയേഷനിൽ രണ്ടുവട്ടം പ്രസിഡന്റായും, ഒരിക്കൽ ട്രസ്റ്റി ബോർഡ് ചെയർമാനായും ഇല്ലിക്കൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ക്നാനായ കൺവൻഷനിൽ (കെ.സി.സി.എൻ.എ) കൺവൻഷൻ ചെയർമാൻ, കായിക മാമാങ്കങ്ങളായ വോളിബോൾ, വടംവലി, ബോട്ട് റെയിസ് തുടങ്ങിയ നാഷണൽ ഗെയിംസുകളുടെ അമരക്കാരൻ എന്നീ നിലകളിലുള്ള പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ കരുത്തേകുമെന്ന് യോഗം വിലയിരുത്തി.

38 വർഷമായി ജയിംസ് അമേരിക്കയിലേക്ക് കുടിയേറിയിട്ട്. നാലു വർഷം ന്യൂജഴ്സിയിലും, തുടർന്ന് താമ്പായിലുമായി പ്രവർത്തിച്ചുവരുന്നു.

ഒരു വലിയ സുഹൃദ് വലയത്തിനുടമയായ ജയിംസ് ഫോമയുടെ അമരത്തേക്ക് കടന്നുവരേണ്ടത് ഈ കാലഘട്ടത്തിന്റെ കൂടി ആവശ്യമാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ആഹ്രഹിക്കുന്നു.

യോഗത്തിൽ എം.എ.സി.എഫ് പ്രസിഡന്റുമാരായ ജയിംസ് ഇല്ലിക്കൽ, ടി.ഉണ്ണികൃഷ്ണൻ, ജോസഫ് ഉപ്പൂട്ടിൽ, ടോമി മ്യാൽക്കരപ്പുറത്ത്, ലിജു ആന്റണി, സജി കരിമ്പന്നൂർ, സുനിൽ വർഗീസ്, ഷാജു ഔസേഫ് എന്നിവരും അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ സാജൻ കോരത്, ടി.കെ. മാത്യു, ബേബി ജോയി വട്ടപ്പറമ്പിൽ, ബേബി പുതുശേരിൽ, ബ്ലസൻ മണ്ണിൽ, ലിസി ഇല്ലിക്കൽ, സാബു ഇല്ലിക്കൽ, വിൽസൺ മൂലക്കാട്ട്, മാർട്ടിൻ ചിറ്റിലപ്പള്ളി, അനീനാ ലിജു, സാലി മച്ചാനിക്കൽ, ഫെലിക്സ് മച്ചാനിക്കൽ തുടങ്ങി നിരവധി എം.എ.സി.എഫ് പ്രവർത്തകരും പങ്കെടുത്തു.

മുന്നോട്ടുള്ള ഫോമയുടെ പ്രവർത്തനങ്ങൾക്ക് ഏവരുടേയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി ജയിംസ് ഇല്ലിക്കൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു.