ലണ്ടൻ: എംഐ6 എന്ന പേരിലുള്ള ബ്രിട്ടീഷ് ചാരസംഘടനക്ക് വേണ്ടി വിവരങ്ങൾ നൽകിയതിന്റെ പേരിൽ പിടിലാകും മുമ്പ് ബ്രിട്ടൻ അഭയം നൽകിയ റഷ്യൻ കേണലായ സെർജി സ്‌ക്രിപാലും(66) ബന്ധുവായ 33 കാരി യുവതിയും വിഷബാധയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായി. സാലിസ്‌ബറിയിലെ റസ്റ്റോറന്റിൽ വച്ച് കഴിഞ്ഞ ഭക്ഷണത്തിലൂടെ ഇവർക്ക് വിഷബാധയേറ്റുവെന്നാണ് കണക്കാക്കുന്നത്. വിഷം പടരാതിരിക്കാൻ വൻ കരുതലാണ് പൊലീസ് എടുത്ത് വരുന്നത്. ഒരു ഷോപ്പിങ് സെന്ററിൽ വച്ച് ഞായറാഴ്ച ഇരുവരും കുഴഞ്ഞ് വീണതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്.

ഗുരുതരാവസ്ഥയിലായ ഇവരെ സാലിസ്‌ബറി ഡിസ്ട്രിക്ട് ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതൊരു ഗൗരവകരമായ സംഭവമായതിനാൽ കൂടുതൽ പേർക്ക് വിഷബാധയേൽക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും വിൽറ്റ്‌ഷെയറിലെ ഹോസ്പിറ്റൽ കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ഇവർ ഭക്ഷണം കഴിച്ച സാലിസ്‌ബറിയിലെ കാസിൽ സ്ട്രീറ്റിലുള്ള സിസി റസ്റ്റോറന്റ് തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഇവിടെ നിന്നും ഭക്ഷണം കഴിച്ചവർ എന്തെങ്കിലും ബുദ്ധിമുട്ടനുഭവപ്പെട്ടാൽ 111 ലേക്ക് വിളിക്കണമെന്നും നിർദേശമുണ്ട്.

റഷ്യൻ ഏജന്റുമാരെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ എഐ6ന് കൈമാറിയതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ മുൻ റഷ്യൻ സഹപ്രവർത്തകർ നീക്കം നടത്തുന്നുവെന്ന ഭീഷണി നേരത്തെ തന്നെ ശക്തമായിരുന്നു. അതിനാൽ ഇപ്പോഴത്തെ വിഷബാധയ്ക്ക് പുറകിൽ അവരുടെ കൈകളാണെന്ന സംശയം ശക്തമാണ്.എന്നാൽ ഇത് ഭീകരവാദവുമായി ബന്ധപ്പെട്ട സംഭവമല്ലെന്ന് പൊലീസ് പറയുന്നു. റഷ്യയുടെ പിന്തുണയോടെ നടന്നിരിക്കുന്ന ഒരു ആക്രമണമാണിതെന്നാണ് 2006ൽ ലണ്ടനിലെ ഹോട്ടലിൽ വച്ച് പോളോണിയം210 എന്ന വിഷബാധയേറ്റ് മരിച്ച അലക്‌സാണ്ടർ ലിറ്റ് വിനെൻകോയുടെ സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നത്.

തന്റെ ഭർത്താവിന് നേരെ നടന്ന ആക്രമണത്തിന് തുല്യമായതാണ് സെർജി സ്‌ക്രിപാലിനും നേരെയുണ്ടായിരിക്കുന്നതെന്നാണ് ലിറ്റിന്റെ വിധവയായ മരിന കഴിഞ്ഞ രാത്രി വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ജീവൻ അപകടത്തിലാകുമെന്ന ഭയമുണ്ടെന്ന് അടുത്തിടെ സ്‌ക്രിപാൽ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഒരു ദശാബ്ദം മുമ്പ് എംഐ6 ഓഫീസർമാർക്ക് റഷ്യയെ സംബന്ധിച്ച രഹസ്യവിവരങ്ങൾ ഇദ്ദേഹം കൈമാറിയിരുന്നു. 2006 ഓഗസ്റ്റിൽ അദ്ദേഹത്തെ കടുത്ത സുരക്ഷയുള്ള ജയിലിൽ 13 വർഷത്തേക്ക് തടവിൽ ഇട്ടെങ്കിൽ 2010ൽ മോചിപ്പിക്കപ്പെടുകയായിരുന്നു. 10 റഷ്യൻ സ്ലീപ്പർ ഏജന്റുമാരെ യുഎസിൽ നിന്നും നാട് കടത്തിയതിന്റെ ഭാഗമായുണ്ടാക്കിയ ഡീൽ പ്രകാരമായിരുന്നു സ്‌ക്രിപാലിനെയും മോചിപ്പിച്ചിരുന്നത്.

ഞായറാഴ്ച വൈകുന്നേരം നാല് മണി കഴിഞ്ഞ് സ്‌ക്രിപാലും കുടെയുള്ള യുവതിയും മാൾട്ടിങ്‌സ് ഷോപ്പിങ് സെന്റിൽ ബോധരഹിതരായി വീഴുകയായിരുന്നു. ഇതിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷിയായ ഫെയ ചർച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഒരു ബെഞ്ചിൽ ഇരിക്കുകയായിരുന്ന ഇവർ ബോധരഹിതരായി വീഴുകയായിരുന്നുവെന്ന് ചർച്ച വെളിപ്പെടുത്തുന്നു. തുടർന്ന് എമർജൻസിസർവീസുകാർ കുതിച്ചെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. സിന്തറ്റിക് ഓപിയോയ്ഡായ ഫെന്റാനിൽ കഴിച്ചിട്ടായിരിക്കും ഇവർക്ക് ബോധം നഷ്ടപ്പെട്ടതെന്നായിരുന്നു എമൻജൻസിസർവീസുകാർ തുടക്കത്തിൽ കരുതിയിരുന്നത്. എന്നാൽ പിന്നീട് ഇത് വിഷബാധയാണെന്ന് തിരിച്ചറിയുകയായിരുന്നു.