രീരഭാരം കുറയ്ക്കുന്നതിന് പട്ടിണികിടന്നും ഡയറ്റ് നോക്കുന്നവരാണ് പലരും. എന്നാൽ, ശരിയായ രീതി അതല്ലെന്ന് ഗവേഷകർ പറയുന്നു.. ഭക്ഷണക്രമീകരണത്തിനൊപ്പം സമയക്ലിപ്തതയും കൂടിയുണ്ടെങ്കിലേ ശരീരഭാരം കുറയൂ. വ്യായാമത്തിലേർപ്പെടുന്നതും ഭക്ഷണത്തിലെ കലോറി കുറയ്ക്കുന്നതും ഭാരം കുറയ്ക്കാൻ സഹായിക്കുമെങ്കിലും, തോന്നുന്ന സമയത്ത് എന്തെങ്കിലുമൊക്കെ കഴിക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

നിശ്ചിത സമയത്ത് ഭക്ഷണം കഴിക്കുകയെന്നതിനാണ് (ടൈം റെസ്ട്രിക്റ്റഡ് ഫീഡിങ്്-ടിആർഎഫ്) കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്ന് ഗവേഷകർ പറയുന്നു. നിശ്ചിത സമയത്ത് ഭക്ഷണം കഴിക്കുന്നത് ഉപവാസത്തിന് തുല്യമാണ്, ഇങ്ങനെ കൃത്യത പാലിക്കുന്നത് ശരീരഭാരം കുറയുന്നതിനും പ്രമേഹത്തെ ചെറുക്കുന്നതിനും നല്ലതാണെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. സമയത്ത് ആഹാരം കഴിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് 15 വർഷമായി പഠനം നടത്തുന്ന സാൻ ഡീഗോ സർവകലാശാലയിലെ സാൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ബയോളജിസ്റ്റ് ഡോ. സച്ചിൻ പാണ്ഡെയുടേതാണ് പുതിയ കണ്ടെത്തലുകൾ.

സ്വന്തം ശരീരത്തിലാണ് അദ്ദേഹം ഭക്ഷണക്രമീകരണം വരുത്തിയത്. ഇതനുസരിച്ച് രാവിലെ ഏഴുമണിക്ക് ബ്രേക്ക് ഫാസ്റ്റ് കഴിച്ചാൽ വൈകിട്ട് ഏഴുമണിക്ക് അത്താഴം കഴിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഇതിനിടയ്ക്ക് വേറെ ഭക്ഷണമൊന്നുമില്ല. ഇങ്ങനെ പാലിക്കാൻ തുടങ്ങിയശേഷം തന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ തുടങ്ങിയെന്നും ശരീരഭാരം കുറയാൻ തുടങ്ങിയെന്നും അദ്ദേഹം പറയുന്നു. ഉറക്കപ്രശ്‌നങ്ങളും തീർത്തും ഇല്ലാതായി.

പാണ്ഡെയുടെ പരീക്ഷണം വിജയമായതോടെ, അദ്ദേഹത്തിന്റെ അമ്മയും 15 വയസ്സുള്ള മകളും ഇതേ ഭക്ഷണക്രമം സ്വീകരിച്ചു. അവരുടെ ശരീരത്തിലും സമാനമായ മാറ്റങ്ങൾ കണ്ടുവെന്നും അദ്ദേഹം പറയുന്നു. തോന്നുന്ന സമയത്ത് ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയയുടെ താളംതെറ്റിക്കുമെന്നും അത് ശരീരത്തിൽ വിപരീത ഫലങ്ങളുണ്ടാക്കുമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. മനുഷ്യർ ഭക്ഷണം കഴിക്കുന്നതിന് മാത്രമല്ല, വെള്ളം കുടിക്കുന്നതിനും ലൈംഗികബന്ധത്തിലേർപ്പെടുന്നതിനുമൊക്കെ സമയകൃത്യത പ്രധാനമാണെന്നാണ് പാണ്ഡെയുടെ പക്ഷം.

പാണ്ഡെയും സഹപ്രവർത്തകരും എലികളിലാണ് പരീക്ഷണം നടത്തിയത്. ഒരേ കലോറി ഭക്ഷണം രണ്ട് എലികൾക്ക് നൽകിയായിരുന്നു പരീക്ഷണം. ഒരെണ്ണത്തിന് നിശ്ചിത സമയത്ത് ഭക്ഷണം നൽകിയപ്പോൾ മറ്റേതിന് അതേ ഭക്ഷണം വ്യത്യസ്ത സമയങ്ങളിൽ നൽകി. നിശ്ചിത സമയത്ത് ഭക്ഷണം കഴിച്ച എലിയുടെ ശരീരഭാരം നാലുമാസം കൊണ്ട് 28 ശതമാനത്തോളം കുറഞ്ഞുവെന്ന് ഗവേഷകർ കണ്ടെത്തി.