ഹോട്ടലിൽച്ചെന്ന് അനാവശ്യമായി ഭക്ഷണം ഓർഡർചെയ്ത് പാഴാക്കുന്നവർ സൂക്ഷിക്കുക. അതുപോലെ, ഒരാൾക്ക് കഴിക്കാവുന്നതിലേറെ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകാരും. ഭക്ഷണം പാഴാക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. കൂടുതൽ ഭക്ഷണം വിളമ്പുന്നതും ആവശ്യമില്ലാതെ ഭക്ഷണം ഓർഡർ ചെയ്യുന്നതും തെറ്റാണെന്ന് മൻ കീ ബാത്ത് പ്രസംഗത്തിൽ മോദി പറഞ്ഞു. മോദിയുടെ പ്രസംഗത്തിന് പിന്നാലെ, ഉപഭോക്തൃ വകുപ്പ് മന്ത്രി രാംവിലാസ് പാസ്വാനും ഇതേ വിഷയമുന്നയിച്ച് രംഗത്തെത്തി.

ഒരാൾക്ക് രണ്ട് ചെമ്മീൻ മാത്രമേ കഴിക്കാനാവൂ എങ്കിൽ ആറെണ്ണം വിളമ്പുന്നതെന്തിനാണെന്ന് പാസ്വാൻ ചോദിച്ചു. രണ്ട് ഇഡ്‌ലി മാത്രം തിന്നുന്നയാൾക്ക് നാല് ഇഡ്‌ലി കൊടുക്കുന്നതെന്തിനാണ്? ഭക്ഷണം പാഴാക്കുന്നതിനുപുറമെ, ആളുകൾ നൽകുന്ന പണം കൂടി പാഴാക്കുകയാണ് ചെയ്യുന്നതെന്ന് പാസ്വാൻ പറഞ്ഞു. ആളുകൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ അളവ് സംബന്ധിച്ച് ഹോട്ടലുകളിൽനിന്നും റെസ്‌റ്റോറന്റുകളിൽനിന്നും വിവരങ്ങൾ ശേഖരിക്കാനൊരുങ്ങുയകാണ് മന്ത്രാലയം.

ഓരോരുത്തർക്കും കഴിക്കാവുന്ന പരമാവധി ഭക്ഷണത്തിന്റെ അളവ് നിർദ്ദേശിക്കാൻ ഹോട്ടലുകളോട് ആവശ്യപ്പെടും. ആവശ്യത്തിൽക്കൂടുതൽ ഭക്ഷണം വിളമ്പുന്ന ചൈനീസ് റെസ്റ്റോറന്റുകളോടും വിശദീകരണം തേടും. ഭക്ഷണം പാഴാക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ഉയർത്തിയ ആശങ്കകൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പാസ്വാൻ പറഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടലുകൾ പോലെയുള്ള മുന്തിയ ഹോട്ടലുകളെയാണ് മന്ത്രാലയം പ്രധാനമായും ലക്ഷ്യമിടുന്നത്. സാധാരണ ഹോട്ടലുകൾക്ക് ഇത് ബാധകമാകില്ല.

തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളിൽ മോഡലാകുന്ന സെലിബ്രിറ്റികൾക്ക് ജയിൽശിക്ഷ നൽകുന്ന നിയമം പിൻവലിക്കാനും കേന്ദ്രം തീരുമാനിച്ചു. സെലിബ്രിറ്റികൾക്ക് പകരം പരസ്യമുണ്ടാക്കുന്ന നിർമ്മാതാക്കളെയും ഉത്പന്നങ്ങളുടെ നിർമ്മാതാക്കളെയും ജയിലിലിടുന്ന തരത്തിലേക്ക് നിയമം ഭേദഗതി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഈ വിഷയത്തിൽ മറ്റു രാജ്യങ്ങൾ എങ്ങനെയാണ് നടപടികൾ സ്വീകരിക്കുന്നതെന്ന് മനസ്സിലാക്കാൻ മന്ത്രിമാരുടെ സമിതിയെ നിയോഗിച്ചിരുന്നു.

പുതിയ നിർദ്ദേശമനുസരിച്ച് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ സൃഷ്ടിക്കുന്ന നിർമ്മാതാക്കൾക്ക് ലൈസൻസ് റദ്ദാക്കുന്നതുമുതൽ ജയിൽശിക്ഷ വരെ നൽകുന്ന തരത്തിലാകും നിയമം ഭേദഗതി ചെയ്യുക. കുറ്റം ആവർത്തിക്കുതനുസരിച്ചാകും ശിക്ഷയുടെ സ്വഭാവം മാറുക. മറ്റു രാജ്യങ്ങളിൽ പരസ്യങ്ങളുടെ പേരിൽ സെലിബ്രിറ്റികൾ ശിക്ഷിക്കപ്പെടുന്നില്ലെന്ന് മന്ത്രിമാരുടെ സമിതി കണ്ടെത്തിയിരുന്നു.