സോറിയാസിസും എക്‌സിമയും കാരണം ജീവിതം നരകമായിത്തീർന്ന ആയിരക്കണക്കിന് പേർ ലോകമാകമാനമുണ്ട്. ലോകത്തുള്ള സർവ ക്രീമുകളും ചേർത്തിട്ടും സർവ വൈദ്യന്മാരെ കണ്ടിട്ടും സോറിയാസിസിൽനിന്നും എക്‌സിമയിൽ നിന്നും മോചനം ലഭിക്കാത്തവരാണോ നിങ്ങൾ..? എന്നാൽ മാഞ്ചസ്റ്ററിലെ 38കാരിയായ ഹന്ന സില്ലിടോയ് എഴുതിയ ഇത് സംബന്ധിച്ച പുസ്തകം നിങ്ങൾക്ക് പ്രയോജനപ്പെടുമെന്നുറപ്പാണ്. സോറിയാസിസ് ബാധിച്ച് നീണ്ട 20 കൊല്ലം ജീവിതദുരിതം ഏറ്റുവാങ്ങിയ തന്റെ അനുഭവത്തിന്റെ കരുത്തിലാണ് ഹന്ന ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. ഭക്ഷണക്രമത്തിൽ മാറ്റം വരുത്തി ഈ ഗുരുതരോഗത്തെ കീഴടക്കിയ ഹന്നായുടെ വീരഗാഥ കൂടിയാണിത്.

കീമോതെറാപ്പിയും അതിനൊപ്പം ഭക്ഷണത്തിൽ ക്രമീകരണവും വരുത്തിയാണ് ഹന്ന സോറിയാസിസിനെ അതിജീവിച്ചിരിക്കുന്നത്. രോഗം അധികരിക്കുന്ന വേളയിൽ വസ്ത്രങ്ങൾ ഇതിന് മേൽ ഉരസി കടുത്ത വേദനയുണ്ടാക്കുന്ന അവസ്ഥയിൽ വരെ താൻ എത്തിയിരുന്നുവെന്നാണ് ഹന്ന വെളിപ്പെടുത്തുന്നത്. ലോകത്തിലുള്ള എല്ലാ ക്രീമുകളും മരുന്നുകളും പരീക്ഷിച്ചിരുന്നുവെങ്കിലും തന്റെ രോഗത്തിന് യാതൊരു ശമനവും ഉണ്ടായിരുന്നില്ലെന്നും അവസാന ആശ്രയമെന്ന നിലയിലാണ് കീമോയും ഭക്ഷണക്രമീകരണവും പരീക്ഷിച്ചതെന്നും അതിലൂടെ സോറിയാസിസ് സുഖപ്പെട്ടുവെന്നും ഹന്ന എഴുതുന്നു.

ആന്റിഇൻഫ്‌ലേമറ്ററി ഫുഡുകളെ കുറിച്ച് താൻ തന്നെ ഗവേഷണം നടത്തി തനിക്ക് യോജിച്ച ഡയറ്റ് തയ്യാറാക്കുകയായിരുന്നുവെന്നാണ് ഹന്ന പറയുന്നത്. ഇതിന്റെ ഭാഗമായി കഫീൻ, ആൽക്കഹോൾ, പഞ്ചസാര, പാലുൽപന്നങ്ങൾ, ഗോതമ്പ് തുടങ്ങിയ നിരവധി ഇഷ്ടവിഭവങ്ങൾ ത്യജിക്കേണ്ടി വന്നുവെന്നും യുവതി പറയുന്നു. ഇതിനെ തുടർന്ന് തന്റെ ശരീരത്തിൽ നിന്നും സോറിയാസിസ് നീങ്ങുകയും ശരീരഭാരത്തിൽ നിന്നും 31 കിലോഗ്രാം കുറയ്ക്കാൻ സാധിച്ചുവെന്നും ഹന്ന പറയുന്നു. രോഗം മാറിയതിന് പുറമെ ഈ പരീക്ഷണത്തിലൂടെ തന്റെ മൊത്തം ആരോഗ്യം മെച്ചപ്പെട്ടുവെന്നും യുവതി അവകാശപ്പെടുന്നു.

തുടർന്ന് ഈ വിധത്തിലുള്ള തന്റെ പോസിറ്റീവ് അനുഭവങ്ങൾ വച്ച് ഹന്ന ഒരു ബ്ലോഗ് എഴുതുകയും പിന്നീട് പുസ്തകം ഇറക്കുകയുമായിരുന്നു. ജനുവരിയിൽ വിപണിയിൽ ഇറങ്ങിയതിന് ശേഷം ഈ പുസ്തകത്തിന്റെ 5000ത്തോളം കോപ്പികളാണ് വിറ്റ് പോയിരിക്കുന്നത്. ഇതിന് ശേഷം ഇത്തരത്തിൽ ഡയറ്റ് നിയന്ത്രിച്ച് സോറിയാസിൽ നിന്നും എക്‌സിമയിൽ നിന്നും രക്ഷപ്പെട്ട നിരവധി പേരുടെ അനുഭവകഥകൾ ഹന്നായെ തേടിയെത്തുകയും ചെയ്തിരുന്നു. 'റേഡിയന്റ്ഈറ്റ് യുവർ വേ ടു ഹെൽത്തി സ്‌കിൻ' എന്ന പേരിലുള്ള ഹന്നയുടെ പുസ്തകം കൈലെ ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 10.77 പൗണ്ടാണിതിന്റെ വില. ഇവരുടെ ബ്ലോഗിനും ഏറെ ഫോളോവേഴ്‌സുണ്ട്.