ലൈംഗികതയിൽ താത്പര്യക്കുറവ് തോന്നുന്നുണ്ടോ? അല്ലെങ്കിൽ ശേഷിക്കുറവ്? എങ്കിൽ നിങ്ങളുടെ ഭക്ഷണകാര്യത്തിൽ ലേശം മാറ്റം വരുത്തൂ. ചില സാധാരണ ഭക്ഷ്യവസ്തുക്കൾകൂടി വിഭവങ്ങളിൽ ഉൾപ്പെടുത്തിയാൽ കിടക്കയിൽ നിങ്ങൾക്ക് കൂടുതൽ ശോഭിക്കാനാകുമെന്ന് ഗവേഷകർ പറയുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും ഇവ ഒരുപോലെ ഗുണം ചെയ്യുന്നതാണെന്ന് ന്യൂട്രീഷ്യനായ സാറ ഫ്‌ളോവർ പറയുന്നു.

ചില മരുന്നുകളുടെ ഉപയോഗം ലൈംഗികതയെ ബാധിക്കാറുണ്ട്. അത്തരം പ്രശ്‌നം നേരിടുന്നവർക്കും ഭക്ഷണശീലത്തിലെ മാറ്റം ഗുണം ചെയ്യുമെന്നാണ് ഇവരുടെ അഭിപ്രായം. ലൈംഗിതയെ ഉണർത്താൻ പോന്ന ഫാറ്റി ആസിഡുകൾ വർധിപ്പിക്കുകയും ഒമേഗ ത്രീ പോലുള്ള വൈറ്റമിനുകൾ നൽകുകയും ചെയ്യുമെന്നതാണ് ഭക്ഷ്യവസ്തുക്കൾ വരുത്തുന്ന മാറ്റം. മീൻ, വിവിധതരം പരിപ്പുകൾ, മുട്ട തുടങ്ങിയവ ഇതിനുത്തമമാണ്.

സംസ്‌കരിച്ച ഭക്ഷണത്തിന് പകരം ധാരാളം ഇലക്കറികൾ കഴിച്ചാൽ അതും ഉണർവുണ്ടാക്കും. ആൽക്കലൈൻ ഡയറ്റാണ് ലൈംഗികതയെ സഹായിക്കുന്നത്. വാതം. അമിത വണ്ണം, ഹോർമോൺ അസന്തുലിതാവസ്ഥ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവർക്ക് ലൈംഗിക താത്പര്യങ്ങൾ കുറയുക സ്വാഭാവികമാണ്. അവർക്കാണ് ഈ ഭക്ഷ്യരീതികൾ സഹായകമാകുന്നത്.

വൈറ്റമിൻ സി അടങ്ങിയിട്ടുള്ള ഭക്ഷണപദാർഥങ്ങൾ കഴിക്കുന്നത് രക്തപ്രവാഹം വർധിപ്പിക്കുകയും ലൈംഗിത തൃഷ്ണ ഉണർത്തുകയും ചെയ്യും. ബ്രോക്കോലി പോലുള്ളവ ഇതിനുത്തമമാണ്. സിങ്ക് ധാരാളമായി അടങ്ങിയിട്ടുള്ള കപ്പലണ്ടി, ഇറച്ചി, സ്പിനാച്ച് തുടങ്ങിയവയും കഴിക്കാവുന്നതാണ്. ആരോഗ്യമുള്ള ബീജോത്പാദനത്തിന് സിങ്ക് അത്യാവശ്യമാണ്. ഡാർക്ക് ചോക്കളേറ്റും സിങ്ക് ധാരാളം അടങ്ങിയ ഭക്ഷണമാണ്.

സമ്മർദമാണ് കിടക്കയിൽ പലരെയും ക്ഷീണിതരാക്കുന്നത്. വൈറ്റമിൻ ബിയാണ് അവർക്കുള്ള മരുന്ന്. പോർക്ക്, ചിക്കൻ, ബ്രെഡ്, മുട്ട തുടങ്ങിയവ അവരെ സഹായിക്കും. ബി-കോംപ്ലക്‌സ് ഗുളികയും കഴിക്കാവുന്നതാണ്. ഊർജമില്ലായ്മയെയും വിഷാദത്തെയും തരണം ചെയ്യാൻ അതുമതിയാകും. ഹോർമോണുകൾ ഉദ്പാദിപ്പിക്കുന്ന അഡ്രിനാൾ ഗ്രന്ഥിക്കും ഇവ സഹായകരമാണ്.

പ്രതിരോധസംവിധാനമുൾപ്പെടെ, ശരീരത്തിലെ എല്ലാത്തരത്തിലുമുള്ള പ്രവർത്തനങ്ങൾക്ക് ഏറ്റവും അവിഭാജ്യഘടകം വൈറ്റമിൻ ഡിയാണ്. രക്തസമ്മർദത്തെയും കൊളസ്‌ട്രോളിനെയുമൊക്കെ നിയന്ത്രിക്കാൻ വൈറ്റമിൻ ഡിക്കാവും. ലൈംഗിതകയിലും വൈറ്റമിൻ ഡി നിർണായകമാണ്. ഇതിന്റെ കുറവ് സ്ത്രീകളിൽ ഈസ്ട്രജന്റെയും പുരുഷന്മാരിൽ ടെസ്റ്റോസ്‌റ്റെറോണിന്റെയും അളവ് കുറയുന്നതിനിടയാക്കും. വൈറ്റമിൻ ഡി ഗുളിക ദിവസവും കഴിക്കുന്നത് അതിനൊരു പരിഹാരമാണ്.

ലൈംഗിക ഉണർവിന് അത്യന്താപേക്ഷിതമാണ് ഗോജി ബെറീസ്. ടെസ്റ്റസ്റ്റിറോൺ അളവ് കൂട്ടാൻ ഗോജി ബറീസ് സഹായിക്കും. സ്റ്റാമിനയും ഉണർവും ഉണ്ടാക്കാൻ ഇവയ്ക്കാവും. ഫോളിക് ആസിഡ് അടങ്ങിയിട്ടുള്ള ഭക്ഷണ പദാർഥങ്ങളും ധാരാളം കഴിക്കണം. സെലറി ധാരാളം കഴിക്കുന്നത് പുരുഷന്മാരുടെ വിയർപ്പിനെ സ്ത്രീകൾക്ക് കൂടുതൽ ആസ്വാദ്യകരമാക്കുമെന്ന പഠനവുമുണ്ട്. വെളുത്തുള്ളി നേരിട്ട് കഴിക്കുന്നത് ലൈംഗികാവയവങ്ങളിലേക്കുള്ള രക്തയോട്ടം കൂട്ടാൻ സഹായികക്കും. ഒരുമാസം തുടർച്ചയായി വെളുത്തുള്ളി കഴിച്ചാൽത്തന്നെ ഈ വ്യത്യാസം നേരിട്ടറിയാൻ സാധിക്കും.

പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നതാണ്. തണ്ണിമത്തൻ കവിക്കുന്നത് വയാഗ്ര കഴിക്കുന്നതുപോലെ ഉത്തമമാണെന്നും സാറ ഫ്‌ളോവർ പറയുന്നു. ഇഞ്ചിക്കും ഇത്തരത്തിൽ അത്ഭുത സിദ്ധികളുണ്ട്. ഇഞ്ചിചേർത്ത ചായ കുടിക്കുന്നതും കറിയിൽ ഇഞ്ചി ഉപയോഗിക്കുന്നതും ലൈംഗിക ശേഷി വർധിപ്പിക്കാൻ സഹായകരമാണ്.