ഷാർജ: ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡവലപ്‌മെന്റ് അഥോറിറ്റി (ഷുറൂഖ്) സംഘടിപ്പിക്കുന്ന ഭക്ഷ്യമേള  ഇന്നു മുതൽ നാലുവരെ നടക്കും. അൽഖസ്ബ, അൽ മജാസ് വാട്ടർഫ്രണ്ട്, അൽമൊൻതസ പാർക്ക്, ഹാർട്ട് ഓഫ് ഷാർജ എന്നിവിടങ്ങളിലാണു മേള അരങ്ങേറുക. അൽഖസ്ബയിൽ എല്ലാ ദിവസവും കുടുംബങ്ങൾക്ക് ഉൾപ്പെടെ പങ്കെടുക്കാവുന്ന പാചക മൽസരം നടക്കും.

കൂടാതെ, ശിൽപശാലകൾ, സംവാദങ്ങൾ, വിനോദപരിപാടികൾ എന്നിവയും ഉണ്ടായിരിക്കും. അൽ മജാസ് വാട്ടർഫ്രണ്ടിൽ ദിവസവും ഷെഫ് ഷോ, മൽസരങ്ങൾ, തട്ടുക ടകൾ, കേക്ക് ഡെക്കറേഷൻ, കോമഡി ഷോ, കുട്ടികളുടെ വിനോദ പരിപാടികൾ, അൽ മൊൻതസയിൽ പ്രത്യേക വിപണി, തട്ടുകടകൾ തുടങ്ങിയവയും ഉണ്ടാകും.

ഷാർജയുടെ ഭൂതവും വർത്തമാനവും പ്രകടമാകുന്ന പ്രധാന വേദിയായ റോളയിലെ ഹാർട്ട് ഓഫ് ഷാർജയിൽ ഗോത്രവർഗക്കാരായ ബദുക്കളുടെ മജ്‌ലിസടക്കം 1950-ക ളിലെ ഷാർജയിലെ ജനജീവിതം ചിത്രീകരിക്കും. അറബ്, ഇസ്‌ലാമിക, ആധുനിക ഭക്ഷ്യവിഭവങ്ങളുടെ സംഗമമായിരിക്കും മേള. ബദുക്കളുടെ ഇഷ്ടവിഭവമായ അൽ ഖിർസ്, എമിറാത്തി കോഫി എന്നിവ പ്രത്യേകതകളായിരിക്കും. നാടൻസംഗീതം, കുട്ടികളുടെ പരിപാടി, നറുക്കെടുപ്പ് എന്നിവയുമുണ്ടായിരിക്കും