തിരുവനന്തപുരം:ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് സുരക്ഷാചുമതലയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം നൽകുമെന്ന് ഗെയിംസ് സംഘാടകസമിതി. ഗെയിംസ് ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് സംഘാടകസമിതിയുടെ ഈ തീരുമാനം. പൊലീസ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം നൽകാൻ വകുപ്പില്ലെന്ന സമിതിയുടെ നിലപാടും പൊലീസ് ഉദ്യോഗസ്ഥരുടെ ദുരിതവും കഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.

മറ്റെല്ലാ ജില്ലകളിലും ഉദ്യോഗസ്ഥർക്കും ഭക്ഷണത്തിന്റെ തുക നൽകിയിരുന്നെങ്കിലും തലസ്ഥാനത്തെ പൊലീസുകാർക്കായിരുന്നു ഈ ദുർവിധി. ഭക്ഷണം ഏർപ്പാട് ചെയ്യാൻ കഴിയാത്ത ജില്ലകളിൽ ഭക്ഷണത്തിനുള്ള തുക അതതു ജില്ലകളിലെ കളക്ടർമാർ വഴി വിതരണം ചെയ്തിരുന്നു. എന്നാൽ സംവിധാനം തിരുവനന്തപുരത്ത് നടപ്പാക്കാനാകില്ലെന്നു മുൻഡിജിപിയും നാഷണൽ ഗെയിംസ് സിഇഒയുമായ ജേക്കബ് പുന്നൂസിനെ അറിയിച്ചിരുന്നു.

കൂടാതെ സംഘാടകസമിതിയുടെ ഈ നിലപാടിനെ ഡിജിപി വിമർശിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് കളക്ടർ, ബിജു പ്രഭാകർ, സിറ്റി പൊലീസ് കമ്മീഷണർ എച്ച് വെങ്കിടേഷ് എന്നിവർ ജേക്കബ്ബ് പുന്നൂസുമായി നടത്തിയ ചർച്ചയിലാണു തീരുമാനം ഉണ്ടായത്. ഗെയിംസ് വേദികളിൽ ഭക്ഷണം വിതരണം ചെയ്യുന്നത് രണ്ടു രീതിയിലാണ്. അത്‌ലറ്റുകൾക്കും ഒഫിഷ്യൽസിനും വേണ്ടി ദേശീയ ഗെയിംസ് സംഘാടക സമിതിയും സംഘാടക സമിതി അംഗങ്ങൾക്കും മാദ്ധ്യമപ്രവർത്തകർക്കും വൊളന്റീയർമാർക്കും വേണ്ടി ജില്ലാ സംഘാടകസമിതിയുമാണ് ഭക്ഷണ വിതരണത്തിന്റെ ചുമതല വഹിക്കുന്നത്. എന്നാൽ ഈ രണ്ടു വിഭാഗത്തിലും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താതിരിക്കാനുള്ള നീക്കം തുടക്കം മുതൽ തന്നെ ശക്തമായിരുന്നു.

ഇതിനെതിരെ ഡിജിപിയും ജില്ലാ കളക്ടറും സിറ്റി പൊലീസ് കമ്മീഷണറും പരസ്യമായി രംഗത്തെത്തിയതോടെയാണ് സംഘാടക സമിതി അംഗങ്ങൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. ഭക്ഷണം നൽകാനായി അഞ്ചു ലക്ഷം രൂപ മുൻകൂറായി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറുകയും ചെയ്തു. കൂടാതെ ദിനംപ്രതി 350 രൂപ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലുള്ള നാല് എ.ആർ.ക്യാമ്പുകളിലായിരിക്കും ഭക്ഷണം തയ്യാറാക്കുക.

ജില്ലാ പൊലീസ് തന്നെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം നൽകുക, അതിനുള്ള പണം പിന്നീട് തരാം എന്ന സംഘാടകസമിതി നിലപാടിനെ ശക്തമായി എതിർത്തത് സിറ്റി പൊലീസ് കമ്മീഷണർ എച്ച് വെങ്കിടേഷ് ആയിരുന്നു. കൂടാതെ വേദികളിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് രണ്ടു നേരം ചായയും ബിസ്‌കറ്റും കുടുംബശ്രീ നൽകും.