- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷ്യക്കിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കി വിതരണം തുടരണമെന്ന് ഭക്ഷ്യമന്ത്രി; നിലവിലെ അവസ്ഥയിൽ കിറ്റ് വിതരണം ജുലായ് ആദ്യം വരെ; തുടരേണ്ടി വന്നാൽ മാത്രം തുടരും; വോട്ടായി മാറിയ കിറ്റുകളിൽ നയം തിരുത്താനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: തുടർഭരണത്തിൽ സംസ്ഥാന സർക്കാറെ ഏറ്റവും കൂടുതൽ സഹായിച്ച കിറ്റിന്റെ കാര്യത്തിൽ നിലപാട് തിരുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതുവരെ വിതരണം ചെയ്തത് പോലെ എല്ലാവർക്കും ഇനി കിറ്റുവേണ്ടെന്നാണ് സർക്കാരിന്റെ നിലപാട്.കിറ്റ് വിതരണം തുടരേണ്ടി വന്നാൽ തന്നെ അത് ആവശ്യമുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്താനുമാണ് സർക്കാർ ആലോചിക്കുന്നത്.ഭരണത്തിലേറി മാസം ഒന്നു തികയും മുൻപേ തന്നെ നിലപാട് മാറ്റം വരുത്തുന്നത് ജനങ്ങൾ എങ്ങിനെ സ്വീകരിക്കുമെന്ന് കണ്ട് തന്നെ അറിയണം.
കിറ്റ് സംബന്ധിച്ച വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഭക്ഷ്യമന്ത്രി ജി ആർ അനിൽ രംഗത്ത് വന്നു.സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമെങ്കിൽ തുടരുമെന്നും എന്നാൽ ഭക്ഷ്യക്കിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അനിൽ പറയുന്നു.ജൂലായ് ആദ്യം വരെ ഭക്ഷ്യകിറ്റ് കൊടുക്കുന്നതിനാണ് ഇതുവരെ ക്രമീകരണം. ഇതു നീട്ടേണ്ട സാഹചര്യമുണ്ടായാൽ ക്യാബിനറ്റ് കൂടി തീരുമാനമെടുക്കും. ആവശ്യക്കാർക്ക് മാത്രം കിറ്റ് നൽകിയാൽ മതിയെന്ന നിർദ്ദേശം പല ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഇതൊക്കെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അതനുസരിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് ഈ വിഷയം എത്തിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അനർഹമായ ബിപിഎൽ കാർഡ് കൈവശം വച്ചവർ ഈ മാസം മുപ്പതിനകം തിരിച്ചേൽപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.വരുമാനള്ളവർക്ക് കിറ്റ് ആവശ്യമില്ലെങ്കിൽ അത് വേണ്ടായെന്ന് വയ്ക്കാനുള്ള സംവിധാനം ഒരുക്കും. ഇതിനുള്ള പദ്ധതിയും മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. എല്ലാവർക്കും കൊടുക്കണമെന്നാണ് നിലവിലെ ക്യാബിനറ്റ് തീരുമാനമെന്നും ജി ആർ അനിൽ പറഞ്ഞു.
കുട്ടികൾക്കുള്ള ഭക്ഷ്യകിറ്റ് വീടുകളിൽ എത്തിച്ചു നൽകുന്ന കാര്യം സജീവ പരിഗണയിലാണ്. കോവിഡ് ബാധിച്ച് മരിച്ച റേഷൻകട ജീവനക്കാർക്കുള്ള സഹായം സർക്കാരിന്റെ സജീവ പരിഗണനയിലാണ്. റേഷൻ കടയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നാൽപ്പതോളം പേർ ഇതിനോടകം കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. അവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള പദ്ധതി സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ