- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പെഷ്യൽ ഭക്ഷ്യകിറ്റ് മുടങ്ങിയാൽ കേരളം പട്ടിണിയാകുമെന്ന കരച്ചിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വിഴുങ്ങി സർക്കാർ; മൂന്നിൽ രണ്ടുകാർഡ് ഉടമകൾക്കും വിഷുവിനുള്ള കിറ്റ് കിട്ടിയില്ല; കിറ്റ് തേടിയലഞ്ഞ് പാവങ്ങൾ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്തെ സർക്കാരിന്റെ ബുദ്ധിമുട്ടുകളൊക്കെ മനസ്സിലാക്കാം. പെരുമാറ്റ ചട്ടം നോക്കണം. തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ണുരുട്ടാതെ നോക്കണം. എല്ലാം കിറുകൃത്യമായിരിക്കണം. എന്നിരുന്നാലും ഏപ്രിൽ പകുതി കഴിഞ്ഞിട്ടും ഈ മാസത്തെ സ്പെഷ്യൽ ഭക്ഷ്യ കിറ്റ് റേഷൻ കാർഡ് ഉടമകളിൽ പകുതി പേർക്കും കിട്ടിയില്ല എന്നുവരുന്നത് ആലോചിക്കേണ്ട വിഷയമാണ്. സപ്ലൈകോ ജീവനക്കാരുടെ പ്രയത്നത്തെ വിലയിടിച്ചു കാണുന്നുവെന്നും വ്യാജ വാർത്തകളെന്നുമുള്ള സപ്ലൈകോയുടെ പരാതി കണക്കിലെടുത്താലും ഇക്കാര്യത്തിൽ കാലതാമസം നേരിട്ടുന്നുവെന്ന് പറയാതെ വയ്യ.
90.21 ലക്ഷം കാർഡ് ഉടമകളിൽ 31.18 ലക്ഷം പേർ ഇന്നലെ വൈകിട്ടു 7 മണി വരെയുള്ള കണക്കുകൾ പ്രകാരം കിറ്റ് വാങ്ങി. ഇനി വിതരണം ചെയ്യാനുള്ളത് 59 ലക്ഷത്തിൽപരം കാർഡ് ഉടമകൾക്ക്. തിരഞ്ഞെടുപ്പിനു ശേഷം കിറ്റ് വിതരണം താളം തെറ്റിയിരുന്നു. ഈസ്റ്റർ വിഷു ആഘോഷങ്ങൾ കഴിഞ്ഞതോടെ വിതരണം നിർത്തിയെന്നും പ്രചാരണമുണ്ടായി.
എന്നാൽ, ജീവനക്കാർ പലരും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ പോയതിനാൽ കിറ്റ് നിറയ്ക്കാൻ താമസം നേരിട്ടതല്ലാതെ മറ്റു പ്രശ്നങ്ങളില്ലെന്നു സപ്ലൈകോ വ്യക്തമാക്കി. കിറ്റ് തയാറാക്കാനുള്ള മുഴുവൻ പണവും സപ്ലൈകോയ്ക്കു നേരത്തേ കൈമാറിയിട്ടുണ്ടെന്നു ഭക്ഷ്യപൊതുവിതരണ വകുപ്പും അറിയിച്ചു.
അതേസമയം, മുൻഗണന ഇതര വിഭാഗത്തിലെ 50 ലക്ഷത്തോളം വരുന്ന നീല, വെള്ള കാർഡ് ഉടമകൾക്കുള്ള 10 കിലോ സ്പെഷൽ അരിയുടെ വിതരണം മെല്ലെപ്പോക്കിലാണ്. ഈ അരി ഇതുവരെ 11.27 ലക്ഷം പേർ വാങ്ങിയതായാണു കണക്ക്.
രണ്ടാഴ്ചക്കുള്ളിൽ ഏപ്രിൽ മാസത്തെ കിറ്റ് വിതരണം പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പുകളും നടത്തിയെന്നാണ് കഴിഞ്ഞ ദിവസം സപ്ലൈകോ അറിയിച്ചത്.മാർച്ച് മാസത്തേതിൽ ഇനി ആവശ്യമുള്ള കിറ്റുകൾ തയ്യാറാക്കി സീൽ ചെയ്തുകഴിഞ്ഞു. ഏപ്രിൽ മാസത്തേക്ക് ഇതുവരെ വിതരണം ചെയ്ത 16 ലക്ഷം കൂടാതെ 12 ലക്ഷം കിറ്റുകൾകൂടി റേഷൻ കടകളിലേക്ക് നൽകാൻ തയ്യാറാക്കി.
മാർച്ച് മാസ കിറ്റുകളുടെ തയ്യാറാക്കൽ 08/03 നും, കാർഡുടമകൾക്കുള്ള വിതരണം 12/03 നും ആരംഭിച്ചിട്ടുള്ളതാണ്. ഏപ്രിൽ മാസ കിറ്റുകളും മാർച്ച് 24 ന് തന്നെ തയ്യാറാക്കിത്തുടങ്ങി. 30 മുതൽ വിതരണം ആരംഭിച്ചിട്ടുമുണ്ട്. ഇതുവരെ 75 ലക്ഷം കാർഡുടമകൾ മാർച്ച് മാസത്തെ കിറ്റ് കൈപ്പറ്റിക്കഴിഞ്ഞു. 16 ലക്ഷം കാർഡുടമകൾ ഏപ്രിൽ മാസ കിറ്റും കൈപ്പറ്റി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ കുറവും, പാക്കിങ്ങിനായി പ്രവർത്തിച്ചിരുന്ന സ്കൂൾ കെട്ടിടങ്ങൾ ഒഴിയേണ്ടിവന്നതും കണക്കിലെടുക്കുമ്പോൾ ഇത്രയും കിറ്റുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചുവെന്നത് ചെറിയകാര്യമല്ലെന്നും സപ്ലൈകോ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ