- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുങ്കണ്ടത്ത് പച്ചമീൻ കഴിച്ച പൂച്ചകൾ ചത്തു; മീൻകറി കഴിച്ചവർക്കും വയറുവേദന; അന്വേഷിക്കാൻ നിർദ്ദേശം; മായം ചേർത്തിട്ടുണ്ടെങ്കിൽ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീൻ കറി കഴിച്ചവർക്ക് വയറുവേദനയും പച്ചമീൻ കഴിച്ച് പൂച്ചകൾ ചാകുന്നതായുമുള്ള വാർത്തയെ തുടർന്ന് അന്വേഷിച്ച് കർശന നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് മന്ത്രി വീണാ ജോർജ് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയത്..
മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നുതന്നെ പ്രദേശത്ത് പരിശോധന നടത്തി സാമ്പിൾ ശേഖരിക്കും. മീൻ കേടാകാതിരിക്കാൻ എന്തെങ്കിലും മായം ചേർത്തിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വാർത്താകുറിപ്പിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് തൂക്കുപാലത്ത് മീൻകറി കഴിച്ചവർക്ക് വയറു വേദന ഉണ്ടായത്. ടൗണിലെ ചില കടകളിൽനിന്ന് മീൻ വാങ്ങി കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. മീൻകറി കഴിച്ച പല കുട്ടികളും വയറുവേദനയെത്തുടർന്ന് ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.
പ്രദേശത്ത് ലഭിച്ച പച്ചമീൻ കഴിച്ച് പൂച്ചകൾ ചാകുന്നതായും നിരവധി പേർക്ക് വിവിധ അസ്വസ്ഥതകൾ ഉണ്ടാകുന്നതായും പരാതി ഉയർന്നിരുന്നു. മീൻ കേടാകാതിരിക്കാൻ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്നാണ് പ്രദേശ വാസികൾ ഉന്നയിക്കുന്ന ആരോപപണം. സംഭവത്തിൽ മീൻകടകളിൽ അടിയന്തരമായി പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പട്ടം കോളനി പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. പ്രശാന്ത് നെടുങ്കണ്ടം ഭക്ഷ്യസുരക്ഷ ഓഫിസർക്ക്കത്ത് നൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ