മസ്‌കത്ത്: വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം പാചകം ചെയ്ത വിദേശ തൊഴിലാളികളെ മസ്‌കത്ത് നഗരസഭ അധികൃതർ പിടികൂടി. വിൽപന നടത്തുന്നതിനായുള്ള ഇഫ്താർ വിഭവങ്ങളാണ് വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാചകം ചെയ്തത്. ഇത് കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്താനെത്തിയ നഗരസഭാ അധികൃതർ വിദേഷ തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.

ഇഫ്താർ വിഭവങ്ങൾ തയ്യാറാക്കുന്നത് വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് എന്ന വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് അധികൃതർ പരിശോധന കർശനമാക്കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ റെസ്‌റ്റോറന്റുകൾ, കോഫീ ഷോപ്പുകൾ, മാർക്കറ്റുകൾ, ഭക്ഷ്യവിഭവങ്ങൾ, വിൽപന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധനകൾ നടക്കുന്നത്. ഈ വർഷത്തെ ആദ്യപാദത്തിൽ മാത്രം മസ്‌കത്ത് നഗരസഭാധികൃതർ 10,237 പരിശോധനകളാണ് നടത്തിയത്.

പരിശോധനകൾ വ്യാപകമാക്കിയതോടെ മസ്‌കറ്റിലെ വിവിധയിടങ്ങളിലായി 112 കടകൾ പൂട്ടുകയും 851 കടകൾക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. 500 കിലോ ഇറച്ചിയും മത്സ്യവും 491 പാക്കറ്റ് ഭക്ഷ്യോൽപന്നങ്ങളും 495 കിലോ പാചകം ചെയ്ത ഭക്ഷണവും 2064 പാത്രങ്ങളും പിടിച്ചെടുത്തിരുന്നു.