കോട്ടയം: പഴകിയ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളിൽ ഇടയ്ക്കിടെ ആരോഗ്യ വിഭാഗം അധികൃതർ പരിശോധന നടത്താറുണ്ട്. കഴിഞ്ഞ ദിവസം കോട്ടയം നഗരത്തിലും ഇത്തരത്തിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം അധികൃതർ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ അഞ്ച് ഹോട്ടലുകളിൽ നിന്നും ഒരു ബേക്കറിയിൽ നിന്നും പഴകിയ ഭക്ഷണം കണ്ടെടുത്തു എന്നാണ് അധികൃതർ വിശദീകരിച്ചത്. ഈ സ്ഥാപനങ്ങളുടെ പേര് വിവരങ്ങൾ അവർ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ, ഇതിനിടെ ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയിയൽ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കോട്ടയത്ത് ഒരു ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയ ആരോഗ്യ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ ചെയ്ത ചതി എന്ന പേരിൽ ഐ ലവ് മൈ കോട്ടയം എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് വീഡിയോ പ്രചരിക്കാൻ തുടങ്ങിയത്. ഒരു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ കാണിക്കുന്ന തെമ്മാടിത്തം എന്ന വിധത്തിലാണ് വീഡിയോ പ്രചരിച്ചത്. പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥൻ സ്ഥാപന ഉടമയെ മോശപ്പെടുത്താൻ ആസൂത്രിതമായി ശ്രമിച്ചു എന്നതാണ് വീഡിയോയിലൂടെ ആക്ഷഏപിക്കുന്നത്.

വീഡിയോയിൽ കാണുന്ന യുവാവും പെൺകുട്ടിയും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരാണെന്നാണ് വീഡിയോ പോസ്റ്റ് ചെയ്തവർ അവകാശപ്പെടുന്നത്. ഇതേക്കുറിച്ചുള്ള സത്യാവസ്ഥ വെളിവായിട്ടില്ല. ആദ്യം കടന്നു വരുന്നയാൾ ഷെൽഫിലിരിക്കുന്ന കേക്ക് താഴെ ഇടുന്നതും തുടർന്ന് അവിടെയെത്തുന്ന പെൺകുട്ടിയോട് ഇക്കാര്യം എഴുതിയെടുക്കാൻ കാണിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. പിന്നാലെ എത്തുന്ന ഉദ്യോഗസ്ഥർ നിലത്ത് കിടക്കുന്ന കേക്ക് എടുത്തു കൊണ്ട് പോകുന്നതും വീഡിയോയിൽ ഉണ്ട്. ഇത് കടയുടമയെ മനപ്പൂർവ്വം കുടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എന്നാണ് ആരോപണം. സിസി ടിവി ഉണ്ടെന്ന് അറിയാതെ ഉദ്യോഗസ്ഥൻ കാണിച്ച തെമ്മാടിത്തരം എന്ന വിധത്തിലാണ് വീഡിയോ പ്രചരിക്കുന്നത്.

ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നതോടെ കടുത്ത എതിർപ്പാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർക്കെതിരെ ഉയർന്നിരിക്കുന്നത്. ഇത് കമന്റുകളായി പലരും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം ഏത് ഹോട്ടലിൽ നിന്നാണോ ബേക്കറിയിൽ നിന്നാണോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. കടയുടമയെ മനഃപൂർവ്വം കുടുക്കാനാണ് അധികൃതരുടെ ശ്രമം ആണിതെന്നാണ് വീഡിയോയ്ക്ക് കമന്റ് ബോക്‌സിൽ ചിലർ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ വീഡിയോയി കാണുന്ന യുവാവും പെൺകുട്ടിയും ആരാണെന്ന കാര്യത്തിൽ ഇനിയും വ്യക്തമായിട്ടില്ല. എങ്കിലും അതിശക്തമായി തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം നഗരസഭ നടത്തിയ പരിശോധനയിൽ അഞ്ചു ഹോട്ടലുകളിലും ഒരു ബേക്കറിയിലും പഴകിയ ഭക്ഷണം കണ്ടെത്തിയിരുന്നു. കേക്ക് മുതൽ മുട്ടക്കറി വരെയുള്ള പഴകിയ ഭക്ഷണങ്ങളാണു നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയതെന്ന് മാധ്യമങ്ങലെ അറിയിക്കുകുംചെയ്തു. നഗര ഹൃദയത്തിൽ പ്രവർത്തിക്കുന്ന അറേബ്യൻ, ദുബായ്, ഫുഡ്പാലസ്, സംസം, ആര്യാസ് ഗ്രാന്റ് ഹോട്ടലുകളിൽനിന്നും ആര്യാസ് ബേക്കറിയിൽ നിന്നുമാണു പഴകിയ ഭക്ഷണം പിടികൂടിയതെന്നു നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീബാ പുന്നൻ വ്യക്തമാക്കിയത്.

പഴകിയ മീൻകറി, ഇറച്ചിക്കറി, മുട്ടക്കറി, പപ്പടം, അച്ചാർ എന്നിവയും പഴകിയ കേക്ക്, കേക്ക് നിർമ്മാണത്തിനുപയോഗിക്കുന്ന ക്രീമുകൾ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. മൂന്നു ഹോട്ടലുകളിൽ കൂടി പരിശോധിച്ചുവെങ്കിലും ക്രമക്കേടുകൾ ഒന്നും കണ്ടെത്തിയില്ല.
പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകൾക്കു പിഴയും നോട്ടീസും നൽകി. മാലിന്യസംസ്‌കരണ സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കാത്തതിന്റെ പേരിൽ മറ്റൊരു നോട്ടീസ് കൂടി പിന്നാലെ നൽകാനും തീരുമാനമുണ്ട്. വരും ദിവസങ്ങളിലും പരിശോധന നടത്താനാണു നഗരസഭാ തീരുമാനം. ഹോട്ടൽ ലൈസൻസ് നൽകുമ്പോൾ പാലിക്കുമെന്ന് ഉറപ്പു നൽകിയിരുന്ന വ്യവസ്ഥകളൊന്നും ഹോട്ടലുകൾ പാലിച്ചിട്ടില്ലെന്നു പരിശോധനയിൽ വ്യക്തമായി.

മാലിന്യം വേർതിരിച്ചു മാറ്റുന്നതിനുൾപ്പെടെയുള്ള സംവിധാനങ്ങൾ ഉറപ്പാക്കിയാൽ മാത്രമേ ഹോട്ടലുകൾക്കു െലെസൻസ് നൽകാവൂ എന്നാണു നിയമം. എന്നാൽ, ഈ ഹോട്ടലുകളിൽ ഒന്നും ഇത്തരം സംവിധാനങ്ങൾ ഇല്ലെന്നു കണ്ടെത്തി. മറ്റു നിരവധി ന്യൂനതകളും ഈ ഹോട്ടലുകളിൽ ദൃശ്യമായിരുന്നതായി പരിശോധനയ്ക്കു പോയ ഉദ്യോഗസ്ഥർ അറിയിച്ചു. കോട്ടയത്തെ ഹോട്ടൽ റെയ്ഡിന്റെ വാർത്ത പുറത്തുവന്നതിന്റെ പിന്നാലെയാണ് സോഷ്യൽ മീഡിയിൽ പുതിയ വീഡിയോും പുറത്തുവന്നത്. എന്തായാലും വീഡിയോയിൽ ഉള്ളത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനാണെങ്കിൽ അയാൾക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.