കൊച്ചി: കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കൾ പുതിയ പായ്ക്കറ്റുകളിലാക്കി വിപണിയെലെത്തിച്ച സംഭവത്തിൽ കമ്പനി ഉടമകളെയും വിതരണക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടും ഇതുവരെയും നടപടിയൊന്നും സ്വീകരിക്കാതെ ഭക്ഷ്യ സുരക്ഷാ വിഭാഗം. കഴിഞ്ഞ ദിവസം മരടിലെ കോണ്ടിനെന്റൽ മിൽക്കോസിന്റെ ദക്ഷിണേന്ത്യ ജനറൽ മാനേജർ ജി.കെ.മേനോൻ, അസി.സെയിൽസ് മാനേജർ സുരേഷ് എന്നിവരെ തൃക്കാക്കര അസി. കമ്മിഷണർ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഗൂഢാലോചന,വഞ്ചനാകുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ്. മരടിലെ കാർവാർ എന്ന വിതരണകമ്പനിയുടെ ഉടമ ശിവസുബ്രഹ്മണ്യത്തെയും അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഗോഡൗണിൽ നിന്നാണ് കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തത്. ഈ മാസം എട്ടിന് രാത്രിയിലായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. കാർവാർ ഏജൻസിയുടെ ഗോഡൗണിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കൾ വീണ്ടും പുതിയ പായ്ക്കറ്റിലാക്കി വിപണിയിലെത്തിക്കുന്നു എന്ന രഹസ്യ വിവരത്തെതുടർന്നായിരുന്നു ഇത് പരിശോധിച്ചതും കണ്ടെത്തിയതും. മിൽക്കോസിന്റെ വിവിധ ഉത്പന്നങ്ങൾ കാലാവധി കഴിഞ്ഞത് പിടിച്ചെടുത്തിരുന്നു.

കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകാഹാരം, ചോക്ലേറ്റുകൾ, മിൽക് പൗഡറുകൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കളും അലക്ക് ഉൽപന്നങ്ങളും ഇടകലർന്നായിരുന്നു ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു പ്രവർത്തനം. കാലാവധി കഴിഞ്ഞവ പുതിയ പായ്ക്കിൽ ആക്കുന്നതിനിടയിലായിരുന്നു പരിശോധന. പഴയ തീയതി മാറ്റി പുതിയ തീയതിയുള്ള സ്റ്റിക്കറുകളും കവറുകളും ഉപയോഗിച്ചായിരുന്നു ഈ കള്ളക്കളി.

കൊച്ചിയിലെ എല്ലാ പ്രമുഖ മാളുകളിലും ഈ പ്രോഡക്ടുകൾ വിറ്റഴിച്ചിരുന്നു. കച്ചവടക്കാർക്ക് നല്ല ലാഭം കിട്ടുന്ന രീതിയിൽ വിലകുറച്ചാണ് ഈ ഭക്ഷ്യവസ്തുക്കൾ കൊടുത്തിരുന്നത്. പല സൂപ്പർമാർക്കറ്റുകളിലും ഒന്നെടുത്താൽ മറ്റൊന്ന് സൗജന്യം എന്ന ഓഫറോടെയാണ് വില്പന പൊടിപൊടിച്ചത്. അതിനാൽ ആവശ്യക്കാരും ഏറെയായിരുന്നു.തമിഴ്‌നാട് സ്വദേശി ശിവസുബ്രഹ്മണ്യൻ എന്നയാളുടെ പേരിലാണു സ്ഥാപനത്തിന്റെ ലൈസൻസ്. കമ്പനികൾ നേരിട്ടാണ് റീപാക്കിങ്ങിന് ഏൽപിച്ചതെന്നാണ് ഇയാൾ പറഞ്ഞിരുന്നത്.

അതേ സമയം പൊലീസ് ഈ സംഭവത്തിൽ കേസെടുത്ത് പ്രതികളെ അറസ്റ്റ ചെയ്തിട്ടും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ ഭാഗത്ത് നിന്നും ഉപയോഗ ശൂന്യമായവ നശിപ്പിച്ചക്കുകയും ഗോഡൗൺ പൂട്ടിക്കാൻ ഇടപെടുകയും ചെയ്തതല്ലാതെ തുടർ നടപടിയൊന്നും ഉണ്ടായില്ല. ഉൽപനങ്ങൾ വിറ്റഴിച്ച മാളുകാരേയും സൂപ്പർ മാർക്കറ്റുകാരേയും രക്ഷിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്ന ആക്ഷേപം ഉയർന്നുകഴിഞ്ഞു.പ്രഥമ ദൃഷ്ട്യാ തന്നെ കുറ്റകരമായ സംഭവമാണെന്നു കണ്ടിട്ടും നടപടി എടുക്കാത്തത് ഏറെ പ്രതിഷേധത്തിന് വഴിവയ്ക്കുന്നുണ്ട്. ഫുഡ് ടെസ്റ്റിങ് ലബോറട്ടറിയുടെ പരിശോധനാ ഫലം കിട്ടിയാൽമാത്രമേ നടപടി എടുക്കാനാവൂ എന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ലാബ് പരിശോധനാ ഫലം കിട്ടാൻ മാസങ്ങൾ എടുക്കുമെന്നതിനാലും ഇതിനിടയിൽ സംഭവം ഒതുക്കി തീർക്കാൻ പ്രതികൾക്ക് കഴിയുമെന്നതിനാലും ഇത്തരം കേസ്സുകൾ പിന്നീട് പുറംലോകം കാണാറില്ല. മിക്ക കേസുകളും ഇത്തരത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ മുക്കുന്നുണ്ടെന്നാണ് വിമർശനം ഉയരുന്നത്.

അത് ശരിവയ്ക്കുന്ന തരത്തിലാണ് പല സംഭവങ്ങളും പുറത്ത് വരുന്നത്. കഴിഞ്ഞ മാർച്ച് 22-ന് മാമംഗലം - പൊറ്റക്കുഴി റോഡിൽ വാടകയ്ക്ക് എടുത്ത കെട്ടിടത്തിൽ മലിനമായ സ്ഥലത്ത് ലസി നിർമ്മിക്കുന്നത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. പിടിച്ചെടുത്ത ലസിയും മറ്റ് ഉത്പന്നങ്ങളും പരിശോധനയ്ക്കായി കാക്കനാട് അനലറ്റിക്കൽ ലാബിലേക്ക് അയച്ചു കൊടുത്തെങ്കിലും ഒരു മാസമായിട്ടും ഫലം എത്തിയിട്ടില്ല. ഫലം വന്നെങ്കിൽ മാത്രമേ ഈ കേന്ദ്രങ്ങൾക്കെതിരേ നടപടിയെടുക്കാൻ സാധിക്കുകയുള്ളൂ എന്നാണ് അധികൃതർ പറയുന്നത്.

എന്നാൽ, ഫലം നിർമ്മാതാക്കൾക്ക് അനുകൂലമാണെന്ന അനൗദ്യോഗികമായ വിവരമാണ് ഭക്ഷ്യസുരക്ഷാ അധികൃതർ നൽകുന്നത്. ശേഖരിച്ച സാമ്പിളുകളിൽ രാസവസ്തുക്കൾ ഇല്ലെന്നതാണ് ഉടമകൾക്ക് അനുകൂലമായി വന്നിരിക്കുന്നത്. നായ്ക്കാഷ്ടവും മറ്റ് അഴുക്കുകളും രാസവസ്തുക്കളായി കണക്കാക്കില്ലെന്നതാണ് ഇതിന് കാരണം. എന്നാൽ ഫലം വന്നതിന് ശേഷം അനാരോഗ്യകരമായ രീതിയിൽ ലസി നിർമ്മിച്ചെന്നതും ലൈസൻസ് ഇല്ലെന്നതും കാണിച്ച് തിരുവനന്തപുരം ഭക്ഷ്യസുരക്ഷാ ഹെഡ് ഓഫീസിലേക്ക് റിപ്പോർട്ട് നൽകാം. തുടർന്ന് അവിടെ നിന്ന് അനുമതി ലഭിക്കുന്നത് വഴി നടത്തിപ്പുകാർക്കെതിരേ കേസെടുക്കാൻ സാധിക്കും. ഔദ്യോഗിക ഫലം വരാത്തതിനാൽ ഒന്നും പറയാൻ സാധിക്കില്ലെന്ന നിലപാടിലാണ് ഭക്ഷ്യസുരക്ഷാ അധികൃതർ. എന്നാൽ ഇത്രയും വൈകിയിട്ടും നടപടികളെടുക്കാത്തത് യഥാർത്ഥ പ്രതികൾക്ക് രക്ഷപ്പെടാനുള്ള അവസരമാണ് നൽകുന്നത്. ഇത്തരത്തിൽ മരടിലെ സംഭവവും അട്ടിമറിക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം എന്നാണറിയുന്നത്.

കാലാവധി കഴിഞ്ഞ ഭക്ഷ്യസാധനങ്ങൾ വിറ്റഴിക്കുന്ന സംഭവം പുറത്ത് വന്നതോടെ കേരളാപൊലീസ് ജാഗ്രതയോടെ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. കട പരിശോധന മാത്രമല്ല, കാലാവധി കഴിഞ്ഞ സാധനങ്ങൾ വിൽക്കുകയോ മറ്റോ ചെയ്താൽ കടക്കാരനെ പൊലിസ് പിടികൂടുകയും ചെയ്യും. ജനങ്ങളുടെ ആരോഗ്യത്തിന് തന്നെ ഭീഷണി ഉയർത്തുന്ന ഇത്തരത്തിലുള്ള ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുന്നത് കണ്ടെത്തി തടയണമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പ്രത്യേകം നിർദ്ദേശം നൽകി. ജില്ലാ ക്രൈംബ്രാഞ്ച് മുഖേനയാണ് പരിശോധനയും നിയമ നടപടികളും നടത്തുക.

കുട്ടികൾക്ക് നൽകുന്ന ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ കാലാവധി കഴിഞ്ഞ ശേഷവും പുതിയ സ്റ്റിക്കറും തിയതിയുമായി വീണ്ടും വിൽപന നടത്തുന്നത് മിക്കയിടങ്ങളിൽ കണ്ടെത്തിയതിനെത്തുടർന്നാണ് പൊലീസ് മേധാവി നടപടിക്ക് ശുപാർശ ചെയ്തത്.
നഗരത്തിന്റെ പലയിടത്തും കാലാവധി കഴിഞ്ഞ ശേഷമുള്ള ഭക്ഷ്യ വസ്തുക്കൾ പുതിയ പാക്കറ്റുകളിലേക്ക് മാറ്റിയ ശേഷം വിൽപന നടത്തുന്നതായി വ്യാപകമായ പരാതി ഉയർന്നിരിന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് കാര്യക്ഷമമായി ഇടപെടാത്തത് മുലം ഇത്തരക്കാർ പിടിക്കപ്പെടുന്നതും കുറവായിരുന്നു. വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലായിരിക്കണം പരിശോധന നടത്തുന്നതെന്നും പൊലിസ് പറഞ്ഞു.