കോഴിക്കോട്: വൃത്തിഹീനമായും മായം ചേർത്തതുമായ ഭക്ഷണ പദാർത്ഥങ്ങൾ വിൽക്കുന്ന കടകൾക്കെതിരെ നടപടി കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഇന്ന് കോഴിക്കോട് ജില്ലയിൽ കോഴിക്കോട് സൗത്ത് ,കല്ലാച്ചി ,പാലാഴി ,രാമനാട്ടുകര മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായി 44 പരിശോധനകൾ നടന്നു.

17കടകൾ കോംമ്പൗണ്ടിങ് നടപടികൾക്ക് വിധേയമാക്കി .ഭക്ഷ്യ സുരക്ഷാ നിയമം ഷെഡ്യൂൾ നാലിൽവീഴ്ചകൾ കണ്ടെത്തിയതും ലൈസൻസ് ഇല്ലാത്തതുമായ കടകൾക്കാണ് കോംമ്പാണ്ടിങ് നടത്തിയത്. മെഡിക്കൽ കോളേജ് ചെസ്റ്റ് ഹോസ്പിറ്റൽ കാന്റീൻ , കാഫിയ റസ്റ്റാറന്റ് പന്തീരങ്കാവ്, കസാമിയ റെസ്റ്റോറന്റ് പന്തീരാങ്കാവ്, ചിക്കൂസ്. ഹൈലൈറ്റ് മാൾ, തലശ്ശേരി കിച്ചൺ പൂവാട്ടു പറമ്പ്, ഹോട്ടൽ സീ ക്യൂൻ, ഹോട്ടൽ ഗ്രിൽ ലാന്റ് തുടങ്ങിയ സ്ഥാപനങ്ങളെയെല്ലാം കോംപൗണ്ടിങ് നടപടി സ്വീകരിച്ചവയിൽ പെടുന്നവയാണ്.

കല്ലാച്ചി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിൽ പെടുന്ന കൃഷ്ണൻ എം പി ഫിഷ് സ്റ്റാൾ,മരക്കാർ ബീഫ് സ്റ്റാൾ ,അസ്മ ചിക്കൻ സ്റ്റാൾ ,ബിസ്മില്ലാ ചിക്കൻ സ്റ്റാൾ എന്നിവിടങ്ങളിൽ ലൈസൻസ് ഇല്ലാതെയും ശുചിത്വ മില്ലാതെയും പ്രവർത്തിച്ചതിനു പിഴയിട്ടു.റഫീഖ് എന്നയാളുടെ കടയിൽ നിന്നും രണ്ടു കിലോ ആവോലി, അബ്ദുൽ റഹിമാൻ എന്നയാളുടെ കടയിൽ നിന്നും ഏഴു കിലോ ആവോലി, കൃഷ്ണൻ എന്നയാളുടെ കടയിൽ നിന്നും 14 കിലോ മത്സ്യം എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.

പൊടിപടലങ്ങൾ ഏൽക്കുന്ന വിധം ഷവർമ്മ വിറ്റ ടി കോർണർ എന്നസ്ഥാപനത്തിനും പിഴയിടുകയും മാറ്റം വരുത്താൻ നോട്ടീസ് നൽകുകയും ചെയ്തു . ഈ സ്ഥാപനത്തിൽ നിന്ന് അഞ്ചു കിലോ ഷവർമ നശിപ്പിച്ചു. രാമനാട്ടുകര മത്സ്യ മാർക്കറ്റിൽ നിന്നും അഞ്ചു കിലോ മോശം മത്സ്യം നശിപ്പിച്ചു.ഫറോക്കിൽ പ്രവർത്തിക്കുന്ന ഗ്രിൽ ലാൻഡ് എന്ന സ്ഥാപനത്തിൽ അന്തരീക്ഷ ഊഷ്മാവിൽ അപകടകരമായ സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന 55 കിലോ മാംസം നശിപ്പിച്ചു.

മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ ഹോട്ടലിൽ പാചകം ചെയ്യാൻ ഉപയോഗിക്കുന്ന ആറ് ഓയിൽ സാമ്പിളുകളും പാകം ചെയ്ത ഭക്ഷ്യ വസ്തുക്കളിൽ കൃത്രിമനിറത്തിന്റെ സാന്നിധ്യം പരിശോധിക്കുന്നതിനായി നാലു സാമ്പിളുകളും ശേഖരിച്ചു.