പുണെ: ഐ.എസ്.എല്ലിൽ ആദ്യ ജയം സ്വന്തമാക്കി പുണെ എഫ്.സി. ജംഷേദ്പുർ എഫ്.സിക്കെതിരായ മത്സരത്തിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് പൂണെയുടെ ജയം .അഞ്ചാം മിനിറ്റിൽ ഡീഗോ കാർലോസിലൂടെ പുണെയാണ് ആദ്യം ലീഡ് നേടിയത്. പത്താം മിനിറ്റിൽ തന്നെ ജംഷേദ്പുർ കണക്കുതീർത്തു. ഏതാനും പുണെ ഡിഫൻഡർമാരെ കബളിപ്പിച്ച് കാർലോസ് കാൽവോ കൊടുത്ത ക്രോസ് സുമീത് പാസ്സിയാണ് വലയിലെത്തിച്ച് സമനില നേടിയത്. ഒന്നാം പകുതിക്ക് ഇരു ടീമുകളും തുല്ല്യരായാണ് പിരിഞ്ഞത്.എൺപത്തിയാറാം മിനിറ്റിൽ മാറ്റ് മിൽസാണ് പുണെയെ വീണ്ടും മുന്നിലെത്തിച്ചത്. പകരക്കാരൻ മാർക്കോ സ്റ്റാൻകോവിച്ച് എടുത്ത കോർണർ മനോഹരമായി വലയിലേയ്ക്ക് കുത്തിയിടുകയായിരുന്നു. എട്ട് കളികളിൽ നിന്ന് അഞ്ച് പോയിന്റുമായി പൂണെ എട്ടാമതും, എട്ട് കളികളിൽ നിന്ന് 11 പോയിന്റുമായി ജംഷദ്പൂർ നാലാമതുമാണ്.