ദോഹ: ഖത്തർ ലോകകപ്പിന്റെ മരണ ഗ്രൂപ്പായി സ്്‌പെയിനും ജർമനിയും ജപ്പാനും ഉൾപ്പെടുന്ന ഗ്രൂപ്പ് ഇ. ഇവർക്കൊപ്പം ന്യൂസീലൻഡ് -കോസ്റ്റ റിക്ക പ്ലേഓഫ് വിജയികൾ കൂടി ചേരുന്നതോടെ ശക്തമായ പോരാട്ടം ഉറപ്പായി. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും. നവംബർ 21നാണ് മത്സരം. സ്‌പെയിനും ജർമനിയും അടങ്ങുന്ന ഗ്രൂപ്പ് ഇയാണ് ലോകകപ്പിലെ മരണഗ്രൂപ്പ്. മരണഗ്രൂപ്പായ ഗ്രൂപ്പ് ഇയിൽ സ്‌പെയിനിനും ജർമനിക്കും പുറമേ, ജപ്പാൻ, ന്യൂസിലാൻഡ്/കോസ്റ്റാറിക്ക ടീമുകളാണുള്ളത്.

അർജന്റീനയും പോളണ്ടും ഒരേ ഗ്രൂപ്പിലാണ്. ഇതോടെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും റോബർട്ട് ലെവൻഡോവ്‌സ്‌കിയും ഗ്രൂപ്പ് ഘട്ടത്തിൽ പോരിനിറങ്ങും എന്ന് ഉറപ്പായി. ഇവർക്കൊപ്പം മെക്‌സിക്കോയും സൗദി അറേബ്യയും കൂടി ചേരുന്നതോടെ അർജന്റീനയ്ക്കും വെല്ലുവിളി ഏറെയായി. പോർച്ചുഗലും യുറഗ്വായും ഗ്രൂപ്പ് എച്ചിൽ ഒന്നിച്ചെത്തിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഃ ലൂയി സ്വാരസ് പോരാട്ടത്തിനും ഗ്രൂപ്പ് ഘട്ടം വേദിയാകും. ഘാന, ദക്ഷിണ കൊറിയ ടീമുകളാണ് ഇവർക്കൊപ്പമുള്ളത്.

ഗ്രൂപ്പ് എയിൽ ആതിഥേയരായ ഖത്തറിനൊപ്പം ഇക്വഡോർ, സെനഗൽ, ഹോളണ്ട് എന്നീ ടീമുകൾ ഇടംപിടിച്ചു. നിലവിലെ ചാംപ്യന്മാരായ ഫ്രാൻസിനൊപ്പം ഗ്രൂപ്പ് ഡിയിൽ ഡെന്മാർക്ക്, തുനീസിയ എന്നിവരും പെറു/ഓസ്‌ട്രേലിയ/യുഎഇ എന്നീ ടീമുകളിലൊന്നും ചേരും. ഗ്രൂപ്പ് എഫിൽ ബെൽജിയത്തിനൊപ്പം കാനഡ, മൊറോക്കോ, ക്രോയേഷ്യ എന്നീ ടീമുകളാണുള്ളത്. ബ്രസീൽ ഉൾപ്പെടുന്ന ഗ്രൂപ്പ് ജിയിൽ സെർബിയ, സ്വിറ്റ്‌സർലൻഡ്, കാമറൂൺ എന്നീ ടീമുകളാണുള്ളത്. അതുകൊണ്ട് തന്നെ ബ്രസീലിന് തുടക്കം എളുപ്പത്തിൽ മുന്നേറാം.

മത്സരിക്കുന്ന 32 ടീമുകളും തീരുമാനമാകും മുൻപാണ് ഇത്തവണ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം നറുക്കെടുപ്പ് ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടന്നത്. കോവിഡ് വ്യാപനവും റഷ്യയുടെ യുക്രെയ്ൻ ആക്രമണവും നിമിത്തം ലോകകപ്പ് യോഗ്യതാ റൗണ്ട് പൂർത്തിയാകാത്ത സാഹചര്യത്തിൽ 37 ടീമുകളാണ് നറുക്കെടുപ്പിനുണ്ടായിരുന്നത്. ലോകകപ്പിന്റെ 92 വർഷത്തിനിടെ ആദ്യമായാണ് ഇങ്ങനെ നറുക്കെടുപ്പ് നടന്നത്.

ആകെ 32 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിന് നിലവിൽ യോഗ്യത ഉറപ്പാക്കിയത് 29 ടീമുകളാണ്. ശേഷിക്കുന്ന മൂന്നു സ്ഥാനങ്ങൾക്കായി രംഗത്തുള്ളത് എട്ടു ടീമുകളും. ഈ ടീമുകളെ കൂടി ഉൾപ്പെടുത്തിയാണ് ആകെ 37 ടീമുകൾ നറുക്കെടുപ്പിന്റെ ഭാഗമായത്. ജൂൺ 13-14 തീയതികളിലാണ് പ്ലേഓഫ് മത്സരങ്ങൾ. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ടിന് എളുപ്പം മുമ്പോട്ട് പോകാനാകും. ഇറാനും അമേരിക്കയും പ്ലേഫ് ഓഫ് ജയിച്ചെത്തുന്നവരുമാകും ഈ ഗ്രൂപ്പിലുള്ളത്. ഈ ഗ്രൂപ്പിൽ അതുകൊണ്ട് തന്നെ അതിശക്തരാണ് ഇംഗ്ലണ്ട്.

ഗ്രൂപ്പുകൾ

ഗ്രൂപ്പ് എ 1. ഖത്തർ 2. ഇക്വഡോർ 3. സെനഗൽ 4. ഹോളണ്ട്
ഗ്രൂപ്പ് ബി 1. ഇംഗ്ലണ്ട് 2. ഇറാൻ 3. യുഎസ്എ 4. വെയ്ൽസ് x സ്‌കോട്ട്ലൻഡ്/യുക്രെയ്ൻ
ഗ്രൂപ്പ് സി 1. അർജന്റീന, 2. സൗദി അറേബ്യ 3. മെക്‌സിക്കോ 4. പോളണ്ട്
ഗ്രൂപ്പ് ഡി 1. ഫ്രാൻസ് 2. പെറു/ഓസ്‌ട്രേലിയ/യുഎഇ 3. ഡെന്മാർക്ക് 4. തുനീസിയ
ഗ്രൂപ്പ് ഇ 1. സ്‌പെയിൻ 2. ന്യൂസീലൻഡ് x കോസ്റ്റ റിക്ക 3. ജർമനി 4. ജപ്പാൻ
ഗ്രൂപ്പ് എഫ് 1. ബെൽജിയം 2. കാനഡ 3. മൊറോക്കോ 4. ക്രൊയേഷ്യ
ഗ്രൂപ്പ് ജി 1. ബ്രസീൽ 2. സെർബിയ 3. സ്വിറ്റ്‌സർലൻഡ് 4. കാമറൂൺ
ഗ്രൂപ്പ് എച്ച് 1. പോർച്ചുഗൽ 2, ഘാന 3. യുറഗ്വായ് 4. ദക്ഷിണ കൊറിയ

ഖത്തറിൽ എട്ടു സ്റ്റേഡിയത്തിലാണ് കളി നടക്കുക. ഇതിൽ ഏഴു സ്റ്റേഡിയവും തുറന്നിട്ടുണ്ട്. ഫൈനൽ നടക്കുന്ന ലുസൈൽ സ്റ്റേഡിയം ഉടൻ ഉദ്ഘാടനം ചെയ്യപ്പെടും. ലോകത്തുടനീളമുള്ള കാണികളെ സ്വീകരിക്കാൻ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളാണ് ഖത്തർ ഒരുക്കുന്നത്. അതുല്യമായ ലോകകപ്പാകും ഇതെന്നാണ് കഴിഞ്ഞ ദിവസം നടന്ന ഫിഫ കോൺഗ്രസിൽ ഫിഫ പ്രസിഡണ്ട് ജിയാന്നി ഇൻഫാന്റിനോ പറഞ്ഞത്.

രണ്ടായിരം അതിഥികൾക്ക് മുമ്പിലായിരുന്നു നറുക്കെടുപ്പ്. മുൻ അമേരിക്കൻ താരവും വുമൺസ് വേൾഡ് കപ്പ് ജേതാവുമായ കാർലി ലോയ്ഡ്, മുൻ ഫുട്‌ബോൾ താരവും ഇംഗ്ലീഷ് ടെലിവിഷൻ അവതാരകനുമായ ജെർമൈൻ ജെനാസ്, സാമന്ത ജോൺസൺ എന്നിവരായിരുന്നു അവതാരകർ. കഫു, ലോതർ മത്തേവൂസ്, ആദിൽ അഹ്മദ് മലല്ല, അലി ദേയി, ജയ് ജയ് ഒകോച്ച, റബാഹ് മജെർ, ടിം കാഹിൽ, ബോറോ മിലുടിനോവിച്ച് എന്നീ ഫുട്ബോൾ ഇതിഹാസങ്ങൾ പോട്ടുകൾക്ക് മുമ്പിൽ സന്നിഹിതരായിരുന്നു.

'ലോകം ഖത്തറിൽ ഒന്നിക്കുന്നു'

യുദ്ധവും സംഘർഷവും നിർത്തി സമാധാനത്തിനായി അണിനിരക്കാൻ ഫിഫ പ്രസിഡണ്ട് ജിയാനി ഇൻഫാന്റിനോ ആവശ്യപ്പെട്ടു. 'ചില അശാന്തികൾ നമ്മൾ അഭിമുഖീകരിക്കുന്നു. ആളുകളെ അടുപ്പിക്കാൻ ചില അവസരങ്ങൾ ഉണ്ടാകേണ്ടതുണ്ട്. യുദ്ധവും സംഘർഷവും നിർത്താൻ ലോകനേതാക്കളോട് അഭ്യർത്ഥിക്കുന്നു.' - അദ്ദേഹം പറഞ്ഞു.

'എന്തൊരു വികാരമാണിവിടെ. ഈ ലോകകപ്പ് ഏറ്റവും മികച്ച ലോകകപ്പായി മാറും. ഭൂമിയിലെ ഏറ്റവും മികച്ച ഷോ. ലോകം ഖത്തറിൽ ഒന്നിക്കും' - അദ്ദേഹം കൂട്ടിച്ചേർത്തു.