ദുബായ്: പ്രവാസ ലോകത്തെ മലയാളി ഫുട്‌ബോൾ പ്രേമികൾക്ക് കാൽപന്തു കളിയിലെ വിസ്മയ വിരുന്നൊരുക്കി കൊണ്ട് മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച പത്താമത് സീതിഹാജി സ്മാരക ഫുട്‌ബോൾ ടൂർണമെന്റ് കിരീടം ഫാസ്റ്റ് ട്രാക്ക് സൈക്കോ സ്വന്തമാക്കി. പ്രമുഖരായ 16 ടീമുകൾ ദുബായ് സ്‌കൗട്ട് മിഷൻ ഗ്രൗണ്ടിൽ കിരീടത്തിനായി അങ്കത്തിനിറങ്ങിയപ്പോൾ ഓരോ മത്സരവും കാണികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. വാശിയേറിയ ലീഗ് റൗണ്ട് മൽസരങ്ങൾക്കും നോക്കൗട്ട് മത്സരങ്ങൾക്കും ശേഷം നടന്ന സെമി ഫൈനലിൽ എ.എ.കെ ഇന്റർനാഷണലിനെ ടൈംബേക്കറിൽ പരാജയപെടുത്തി ഫാസ്റ്റ്ട്രാക്ക് സൈക്കോയും, കെ.എം.സി.സി കാലിക്കറ്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ഇ.ടി.എ തിരൂർക്കാടും അവസാന അങ്കത്തിനർഹാരായി.

ആവേശകരമായ ഫൈനൽ മൽസരത്തിൽ ഇ.ടി.എ തിരൂർക്കാടിനെ തോൽപ്പിച്ച് ഫാസ്റ്റ്ട്രാക്ക് സൈക്കോ ജോതാക്കളാകുകയായിരുന്നു. ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി ഫാസ്റ്റ് ട്രാക്ക് സൈകൊയുടെ കളികാരനായ നിഖിൽ സാബുവിനെയും ഏറ്റവും നല്ല ഗോൾകീപ്പർ ആയി എ.എ.കെ ഇന്റർനാഷണൽ ടീമിലെ ഹാഷിമിനെയും തെരഞ്ഞെടുത്തു. ലൂസേഴ്‌സ് ഫൈനലിൽ എ.എ.കെ ഇന്റർനാഷണലും കെ.എം.സി.സി കാലിക്കറ്റ് മാറ്റുരച്ചപ്പോൾ പെനാൽറ്റി ഷൂട്ടിലേക്ക് നീണ്ട മത്സരത്തിൽ എ.എ.കെ ഇന്റർനാഷണൽ വിജയിച്ചു. നേരത്തെ ടൂർണമെന്റ് ഉദ്ഘാടനം വൻ ജനസാഗരത്തെ സാക്ഷി നിർത്തി കേരള സംസ്ഥാന ആസൂത്രണ ബോർഡ് മെമ്പറും സി.എംപി നേതാവുമായ സി.പി ജോൺ കളിക്കാരെ പരിചയപ്പെട്ടുകൊണ്ട് നിർവഹിച്ചു. ടൂർണമെന്റ് ജേതാക്കൾക്കുള്ള ട്രോഫി തീമ ഗ്രൂപ്പ് എം.ഡി നൗഷാദും റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫി ഫോറം ഗ്രൂപ്പ് എം.ഡി ത്വൽഹത്തും നൽകി നിർവഹിച്ചു. കളിക്കാർക്കുള്ള വിവിധ ട്രോഫികൾ മുസ്തഫ അൽ കത്തൽ ഗ്രൂപ്പ് നിർവഹിച്ചു. അഹമ്മദ് കുട്ടി മദനി, ചെമ്മുക്കൻ യാഹുമോൻ, മുസ്തഫ തിരൂർ, ആർ.ശുക്കൂർ, പി.വി നാസർ, മുസ്തഫ വേങ്ങര, ഇ.ആർ അലി മാസ്റ്റർ, ഒ.ടി സലാം, ഹംസു കാവണ്ണയിൽ, കുഞ്ഞുമോൻ എരമംഗലം, നിഹ്മത്തുള്ള മങ്കട, കെ.എം.ജമാൽ, വി.കെ റഷീദ്, ജലീൽ കൊണ്ടോട്ടി എന്നിവർ സംബന്ധിച്ചു.