ക്വാലലംപുർ: ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (എ.എഫ്.സി) മുൻ ജനറൽ സെക്രട്ടറിയും ഫുട്ബോൾ സംഘാടകനുമായിരുന്ന പീറ്റർ വേലപ്പൻ (83) അന്തരിച്ചു. 1978 മുതൽ 2007 വരെ 29 വർഷം എ.എഫ്.സി ജനറൽ സെക്രട്ടറിയായിരുന്നു. എ.എഫ്.സിയുടെ ചരിത്രത്തിൽ ഏറ്റവുമധികം കാലം ജനറൽ സെക്രട്ടറിയായിയ വ്യക്തിയാണ് പീറ്റർ.

ഏഷ്യൻ ഫുട്ബോളിന്റെ വളർച്ചയുടെ പ്രധാന ശിൽപികളിൽ ഒരാളാണ് പീറ്റർ വേലപ്പനെന്ന് അനുശോചന സന്ദേശത്തിൽ എ.എഫ്.സി പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ അനുസ്മരിച്ചു.

തമിഴ്‌നാട്ടിലെ തിരുച്ചെന്തൂരിൽ കുടുംബവേരുള്ള മലേഷ്യൻ പൗരനായ വേലപ്പൻ ഫുട്ബോളിന്റെ വളർച്ചക്കായി ഫിഫ നടപ്പാക്കിയ വിഷ്യൻ ഏഷ്യ പദ്ധതിയുടെ ചുമതലക്കാരനായിരുന്നു. 2002ൽ ദക്ഷിണ കൊറിയയിലും ജപ്പാനിലുമായി നടന്ന ലോകകപ്പ് ഫുട്ബോളിന്റെ ഓർഗനൈസിങ് കമ്മിറ്റി കോ- ഓർഡിനേഷൻ ഡയറക്ടറായും തിളങ്ങി.

1978 മ്യൂണിച്ച് ഒളിമ്പിക്സിലേക്ക് മലേഷ്യ യോഗ്യത നേടിയപ്പോൾ ടീം മാനേജർ പീറ്ററായിരുന്നു. 1935-ൽ ജനിച്ച പീറ്റർ വിദേശ യൂണിവേഴ്സ്റ്റികളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബർമിങ്ഹാം യൂണിവേഴ്സ്റ്റിയിലും കാനഡയിലെ മക്ഗിൽ യൂണിവേഴ്സ്റ്റിയിലുമായി പഠനം പൂർത്തിയാക്കി.

ഏഷ്യൻ ഫുട്‌ബോളിൽ പ്രഫഷനലിസം നടപ്പിലാക്കിയതു വേലപ്പന്റെ കാലത്താണ്. ഫുട്‌ബോളിന്റെ വളർച്ചയ്ക്കായി ഫിഫ നടപ്പാക്കിയ 'വിഷൻ ഏഷ്യ' യുടെ ചുമതലക്കാരനായിരിക്കെ മണിപ്പുർ, കേരളം എന്നിവിടങ്ങളിൽ പദ്ധതി നടപ്പാക്കി. ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയിൽ അതീവ ശ്രദ്ധ പുലർത്തി. 2002ൽ ദക്ഷിണ കൊറിയയിലും ജപ്പാനിലുമായി നടന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ഓർഗനൈസിങ് കമ്മിറ്റി കോ ഓർഡിനേഷൻ ഡയറക്ടറായും തിളങ്ങി.