ദോഹ: സീബ് സുരക്ഷ കപ്പിനായുള്ള മൂന്നാമത് ഖിയ അഖിലേന്ത്യാ ഫുട്ബാൾ ടൂർണമെന്റ് ഫൈനൽ മത്സരം നാളെ വൈകിട്ട് 7 മണിക്ക് ദോഹ സ്റ്റേഡിയത്തിൽ. നാദം ദോഹയും അലി ഇന്റർനാഷണലും തമ്മിലാണ് കലാശക്കളി. സന്തോഷ് ട്രോഫി താരം സുഹൈർന്റെ കരുത്തിൽ ഇറങ്ങുന്ന അലി ഇന്റർനാഷണലും ഗോൾ വേട്ടയിൽ പരസ്പരം മത്സരിക്കുന്ന ഉബൈദും ശമീറുമായി നാദം ദോഹയും കൊമ്പ് കോർക്കുമ്പോൾ മത്സരഫലം പ്രവചനാതീതം.

ഈ വർഷം മുതൽ ഖിയ ചാമ്പ്യൻസ് ലീഗ് എന്നറിയപ്പെടുന്ന ഖിയ അഖിലേന്ത്യാ ഫുട്‌ബോൾ ടൂർണമെന്റിൽ വിവിധ പ്രവാസി ഇന്ത്യൻ ടൂർണമെന്റുകളിലെ വിജയികളായ 8 ടീമുകളാണ് പരസ്പരം മത്സരിച്ചത്. നാല് ടീമുകൾ ഉള്ള രണ്ടു ഗ്രൂപുകളായി നടത്തിയ പ്രാഥമിക ലീഗ് മത്സരങ്ങളിൽ നിന്ന് കൂടുതൽ പോയിന്റ് നേടിയ രണ്ടു വീതം ടീമുകൾ സെമിയിൽ ഏറ്റുമുട്ടുകയായിരുന്നു. ആറു ദിവസങ്ങളിലായി നടന്ന ലീഗ് മത്സരങ്ങൾക്ക് ഒടുവിൽ ഗ്രൂപ്പ് എ യിൽ നിന്ന് അലി ഇന്റർനാഷണലും ഗ്രൂപ്പ് ബി യിൽ നിന്ന് ടോക്യോ ഫ്രെറ്റ്ഉം ഗ്രൂപ്പ് ചാമ്പ്യന്മാരായും നാദം ദോഹയും ചെന്നൈ എഫ്‌സിയും രണ്ടാം സ്ഥാനക്കാരായും സെമി ഫൈനലിൽ പ്രവേശിച്ചു.

ഫൈനൽ മത്സരം വിലയിരുത്തുമ്പോൾ പ്രവചനാതീതം എന്ന് ഒറ്റ വാക്കിൽ പറയാം. ലീഗ് മത്സരത്തിൽ നാദത്തെ തോല്പിച്ച ആത്മവിശ്വാസം അലി ഇന്റർനാഷണൽനു ഉണ്ടാവും. തോൽവിയിൽ നിന്ന് പാഠം ഉള്‌കൊണ്ടു വൻ തിരിച്ചു വരവ് നടത്തിയ നാദം, സെമിഫൈനലിൽ നിലവിലെ ജേതാക്കളായ ടോക്യോ ഫ്രൈറ്റ്‌സിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്ക്ക് കീഴടക്കിക്കൊണ്ടാണ് കലാശക്കളിക്ക് അർഹത നേടിയത്. ചെന്നൈ എഫ്‌സിയെ നിഷ്പ്രഭമാക്കി ഒന്നിനെതിരെ നാലു ഗോളുകൾക്ക് വിജയം വരിച്ച് പരാജയമെന്തെന്നറിയാതെയാണ് അലിയുടെ വരവ്.

ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി ജനറൽ മൻസൂർ അൽ അൻസാരി മുഖ്യാതിഥിയായിരിക്കും. ഇന്ത്യൻ അംബാസഡർ, ഐ.സി.സി പ്രസിഡണ്ട്, ഐ.സി.ബി.എഫ് പ്രസിഡണ്ട്, ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ മീഡിയ ഹെഡ് അലി സലാത്ത്, ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ കമ്മ്യൂണിറ്റി കോർഡിനേറ്റർ ഒസ്മാൻ ബ്ലൈക് തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്നു. മുഴുവൻ ഫുട്‌ബോൾ പ്രേമികളെയും കുടുംബങ്ങളെയും ദോഹ സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്നു.