ലണ്ടൻ: അവശ്വസനീയമായത് ഇംഗ്ലീഷ് ഫുട്‌ബോൾ ലീഗിൽ സംഭവിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റി ചരിത്രമെഴുതി. ചെൽസി-ടോട്ടനം മത്സരം സമനിലയായതോടെ സീസണിൽ ലെസ്റ്റർ കിരീടമുറപ്പിച്ചു. ലീഗിൽ രണ്ടു മത്സരങ്ങൾ ശേഷിക്കെയാണ് ലെസ്റ്ററിന്റെ കിരീടനേട്ടം.

ചെൽസി-ടോട്ടനം മൽസരത്തിൽ 83ാം മിനിറ്റിൽ ചെൽസിയുടെ ബൽജിയം താരം ഏഡൻ ഹസാർഡിന്റെ ബൂട്ടിൽ നിന്നും പിറന്ന തകർപ്പൻ ഗോളാണ് ലെസ്റ്ററിന് തുണയായത്. ഹസാർഡിന്റെ ഗോളിൽ ചെൽസി ലീഗിൽ രണ്ടാമതുള്ള ടോട്ടനത്തെ സമനിലയിൽ തളച്ചതോടെയാണ് ക്ലോഡിയോ റാനിയേരിയുടെ കുട്ടികൾ കിരീടത്തിൽ മുത്തമിട്ടത്. സിറ്റിയുടെ കന്നി കിരീടമാണിത്. ഇതോടെ ലീഗിൽ കിരീടം നേടുന്ന ആറാമത്തെ ടീമെന്ന ബഹുമതിയാണ് ലെസ്റ്ററിനെ തേടിയെത്തിയിരിക്കുന്നത്. പ്രീമിയർ ലീഗിൽ 'ബിഗ് ഫോർ' എന്നറിയപ്പെടുന്ന ചെൽസി, ആഴ്‌സനൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി ടീമുകളല്ലാത്ത ഒരു ടീം കിരീടം നേടുന്നത് ഇത് രണ്ടാംതവണ മാത്രമാണ്. ഇവരല്ലാതെ, 199495 സീസണിൽ ബ്ലാക്ക്‌ബേൺ റോവേഴ്‌സാണ് ഇതിനുമുമ്പ് കിരീടം നേടിയിട്ടുള്ള ടീം.

നിർണായക മൽസരത്തിൽ ചെൽസി ടോട്ടനത്തെ 22നാണ് സമനിലയിൽ തളച്ചത്. ആദ്യ പകുതിയിൽ ഹാരി കെയിൻ (35), ഹ്യൂങ് മിൻ സോൻ (44) എന്നിവർ നേടിയ ഗോളുകൾക്ക് ലീഡെടുത്ത ശേഷമാണ് രണ്ടാം പകുതിയിൽ രണ്ടു ഗോൾ വഴങ്ങി ടോട്ടനം മൽസരം കൈവിട്ടത്. ഗാരി കാഹിൽ ((58), ഏഡൻ ഹസാർഡ് (83) എന്നിവരാണ് ചെൽസിക്ക് സമനിലയും ലെസ്റ്റർ സിറ്റിക്ക് കിരീടവും സമ്മാനിച്ചത്. ഇന്നു ജയിച്ചാൽ ടോട്ടനത്തിന് കിരീട പ്രതീക്ഷ കാക്കാമായിരുന്നുവെന്ന് മാത്രമല്ല, ലെസ്റ്ററിന് കാത്തിരിക്കേണ്ടി വരികയും ചെയ്യുമായിരുന്നു.

നിലവിൽ 36 മൽസരങ്ങൾ പൂർത്തിയാക്കിയ ലെസ്റ്ററിന് 77 പോയിന്റാണുള്ളത്. ചെൽസിയുമായി സമനില വഴങ്ങിയതോടെ ഇത്ര തന്നെ മൽസരങ്ങളിൽ നിന്ന് ടോട്ടനത്തിന് 70 പോയിന്റായി. അവശേഷിക്കുന്ന രണ്ടു മൽസരങ്ങളും ജയിച്ചാലും ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ടോട്ടനത്തിന് 76 പോയിന്റേ ആകൂ. മൂന്നാംസ്ഥാനത്തുള്ള ആഴ്‌സനലിന് 36 മത്സരങ്ങളിൽ 67 പോയന്റേ ഉള്ളൂ. മാഞ്ചസ്റ്റർ സിറ്റി (36 മത്സരങ്ങളിൽ 64), മാഞ്ചസ്റ്റർ യുണൈറ്റഡ് (35 മത്സരങ്ങളിൽ 60), വെസ്റ്റ് ഹാം (35 മത്സരങ്ങളിൽ 59), സതാംപ്ടൺ (36 മത്സരങ്ങളിൽ 57), ലിവർപൂൾ (35 മത്സരങ്ങളിൽ 55), ചെൽസി (35 മത്സരങ്ങളിൽ 48), സ്‌റ്റോക്ക് സിറ്റി (36 മത്സരങ്ങളിൽ 48) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റു ടീമുകൾ.

ലെസ്റ്റർ ഇതിനുമുമ്പ് ഇംഗ്ലീഷ് ഫുട്‌ബോളിൽ വമ്പൻ നേട്ടങ്ങളൊന്നും കൊയ്തിട്ടില്ല. ഒരുതവണ ഫസ്റ്റ് ഡിവിഷൻ റണ്ണറപ്പായതാണ് വലിയ നേട്ടം. എന്നാൽ ഇത്തവണ ആധികാരിക പ്രകടനത്തോടെയാണ് ടീം ചാമ്പ്യന്മാരായത്. ലീഗിൽ ഇതുവരെ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് വെസ് മോർഗനും സംഘവും പരാജയമറിഞ്ഞത്. 22 കളികളിൽ ടീം ജയിച്ചപ്പോൾ 11 എണ്ണം സമനിലയിൽ കലാശിച്ചു. ആകെ 64 ഗോളുകളടിച്ചപ്പോൾ വഴങ്ങിയത് 34 എണ്ണം മാത്രമാണ്.