മോസ്‌കോ: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോൾ മത്സരങ്ങളിൽ വമ്പന്മാർക്ക് ജയം. ലോകകപ്പ് ആരംഭിക്കാൻ ഒരുങ്ങവെ ആതിഥേയരായ റഷ്യയെ തകർത്ത് ബ്രസീൽ മുന്നൊരുക്കം ഗംഭീരമാക്കി. മറ്റൊരു മത്സരത്തിൽ മെസി ഇല്ലാതെ അർജന്റീനയും ജയത്തോടെ തുടങ്ങി.

ലുഷ്നിക്കി ഒളിമ്ബിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മിരാൻഡ (52), ഫിലിപ്പെ കുടീന്യോ (62), പൗളീന്യോ (67) എന്നിവരുടെ ഗോളുകളുടെ ബലത്തിലാണ് റഷ്യയെ ബ്രസീൽ കെട്ട് കെട്ടിച്ചത്. നെയ്മർ ഇല്ലാതെയായിരുന്നു ബ്രസീൽ കളിക്കാനിറങ്ങിയത്.

മെസിയില്ലാതെ ഇറങ്ങിയ അർജന്റീന ഇറ്റലിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.കളിയുടെ അവസാന മിനിറ്റുകളിലായിരുന്നു അർജന്റീന ഗോൾ വല കുലുക്കി ജയം പിടിച്ചത്. പകരക്കാരനായി കളത്തിലിറങ്ങിയ എവർ ബനേഗയും മാനുവൽ ലാൻസിനിയുമാണ് ഗോൾ നേടിയത്. മെസിയെ കൂടാതെ അഗ്വോറയും കളിക്കാനിറങ്ങിയിരുന്നില്ല.

എയ്ഞ്ചൽ ഡി മരിയ, ഹിഗ്വയ്ൻ, മാനുവൽ ലാൻസി എന്നീ താരങ്ങളായിരുന്നു മുന്നേറ്റ നിരയിൽ കളിച്ചത്. 28ന് സ്പെയിനുമായിട്ടാണ് അർജന്റീനയുടെ അടുത്ത കളി.

മറ്റൊരു മത്സരത്തിൽ സ്‌പെയിനും ജർമ്മനിയും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. കളിയുടെ ആറാം മിനുട്ടിൽ ആന്‌ഡ്രേഴ്‌സ് ഇനിയെസ്റ്റയുടെ പാസ് ജർമ്മൻ വലയിലെത്തിച്ച് റോഡ്രിഗോ മൊറീനയിലൂടെ സ്‌പെയിൻ ആദ്യ ഗോൾ സ്വന്തമാക്കി. മുപ്പത്തി അഞ്ചാം മിനുട്ടിൽ മുള്ളറിലൂടെ ജർമ്മനി പകരം വീട്ടിയപ്പോൾ മത്സരം സമനിലയിലായി. മറ്റെ് മത്സരങ്ങളിൽ ഫ്രാൻസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കൊളംബിയയും തകർത്തു.ഇംഗ്ലീഷ് പട നെതർലാൻഡിനെ ഒരു ഗോളിനു തകർത്തു. പോർച്ചുഗൽ-രണ്ടിനെതിരെ ഒരു ഗോളിനു ഈജിപ്തിനേയും തകർത്തു.