ദുബൈ: ഇന്ത്യയിലെ ആദ്യത്തെ ജനകീയ പ്രൊഫഷണൽ ടീമായ എഫ്.സി കേരള ഫുട്‌ബോൾ ടീമും ദുബൈ കെ.എം.സി.സിയും ചേർന്ന് ഫുട്‌ബോളിനെ ഇഷ്ട്ടപെടുന്നവർക്കും കളിക്കർക്കുമായി അൽ ബറാഹ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ ഫുട്‌ബോൾ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് പി.കെ അൻവർ നഹ അധ്യക്ഷത വഹിച്ച പരിപാടി യു.എ.ഇ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ ഉദ്ഘാടനം ചെയ്തു.ഷംസുദ്ദീൻ നെല്ലറ ആശസകൾ നേർന്നു സംസാരിച്ചു.

അഡ്വ. സാജിദ് അബൂബക്കർ എഫ്.സി കേരള ടീമിനെ സദസിനു പരിചയപ്പെടുത്തി. ആവയിൽ ഉമ്മർഹാജി സ്വഗതം പറഞ്ഞു. വർഷങ്ങളായി ഇന്ത്യൻ ഫുട്‌ബോളിനൊപ്പം വിവിധ മേഖലകളിൽ നേതൃത്വം നൽകിയ വ്യക്തിയും എഫ്.സി കേരളയുടെ ടെക്‌നിക്കൽ ഡയറക്റ്ററുമായ വി.എ നാരായണ മേനോൻ മുഖ്യ പ്രഭാഷണം നടത്തി. കേരളത്തിലെ മുഴുവൻ ഫുട്‌ബോൾ പ്രേമികളെയും കളിക്കാരെയും ഒരേ കുടകീഴിൽ കൊണ്ടുവരികയും ഫുട്‌ബോളിനെ കൂടുതൽ ജനകീയമാക്കാനും പ്രൊഫഷണൽ ആക്കാനും വേണ്ടിയാണ് എഫ്.സി കേരളയുടെ പ്രയാണമെന്നും, 2014 ജൂൺ 6ന് മലപ്പുറം കൊട്ടപ്പടി സ്റ്റേഡിയത്തിൽ വെച്ച് പിറവിയെടുത്ത എഫ്.സി കേരള സ്പോർട്സ് ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴിൽ എഫ്.സി കേരള എന്ന പേരിൽ രൂപീകരിച്ച ജനകീയ പ്രൊഫഷണൽ ഫുട്‌ബോൾ ടീം ഇന്ന് ഫുട്‌ബോൾ പ്രേമികൾക്കിടയിൽ ഏറെ പിന്തുണയാർജിച്ചെടുത്ത ടീമാണ് എന്ന് മേനോൻ വ്യക്തമാക്കി.

'മെല്ലെ വളരുക - ഉറച്ചു നിൽക്കുക' എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന എഫ്.സി കേരള രണ്ടാം വർഷ ദേശീയ ലീഗിൽ കളിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് കുതിക്കുന്നത് എന്നും അതിനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരികുക്കയാണ് എന്നും അദ്ദേഹം പറഞ്ഞു. പ്രഫഷണൽ ഫുട്‌ബോൾ സമ്പ്രദായത്തിൽ അന്തർദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട ഘടനയാണ് എഫ്.സി കേരളയുടെത്. സീനിയർ ടീമിന് പുറമേ വിവിധ പ്രായത്തിൽ ദേശീയ ലീഗിലും കേരള ലീഗിലും കളിക്കുന്ന ജൂനിയർ ടീമുകൾ, 6 മുതൽ 19 വയസു വരെ പ്രായമുള്ള കുട്ടികൾക്കായുള്ള സോക്കർ സ്‌കൂൾ എന്നിവയും എഫ്.സി കേരളക്ക് ഉണ്ടെന്ന് മേനോൻ സദസ്സിനെ ബോധ്യപ്പെടുത്തി. എഫ്.സി കേരളയുടെ മുഖ്യ പരിശീലകനും ഡയറക്റ്ററും 2001ലും 2004 ലും സന്തോഷ്ട്രോഫി നേടിയ ടീമിന്റെ ഗോൾകീപ്പറുമായ പി.ജി പുരുഷോത്തമൻ, പ്രൊമോട്ടറും മാനേജറുമായ കെ.എ നവാസ്,എഫ്.സി കേരളയുടെ പ്രൊമോട്ടർ മുഹമ്മദ് ഷാജി, കെ.എം.സി.സി നേതാക്കളായ മുസ്തഫ തിരൂർ, ഹസൈനാർ തോട്ടുംഭാഗം, മുഹമ്മദ് പട്ടാമ്പി എന്നിവർ സംബന്ധിച്ചു.