ദുബായ്: പ്രവാസ ലോകത്തെ ഫുട്ബോൾ പ്രേമികൾക്ക് ഗൃഹാതുരമായ ആവേശം പകർന്നു കൊണ്ട് ദുബായ് മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന പത്താമത് സീതിഹാജി ഫുട്ബോൾ ടൂർണമെന്റിന് അന്തിമ രൂപമായി. കേരളത്തിലെ പ്രമുഖ താരങ്ങൾ പങ്കെടുക്കുന്ന സെവൻസ് സ്റ്റാർ തിരൂരങ്ങാടി, ഗ്രീൻ സ്റ്റാർ മങ്കട, കെ.എം.സി.സി കാലിക്കറ്റ്, ഫ്രാഗ്രൻസ് വേൾഡ്, കെ.എ.പി.എസ് കാട്ടുപാറ, കണ്ണൂർ കെ.എം.സി.സി, ബി.ബി.എം എഫ്‌സി, ഫാസ്ട്രാക്ക് സൈക്കോ, കാസർഗോഡ് കെ.എം.സി.സി, ഹാസില വേങ്ങര, ഇ.ടി.എ തിരൂർക്കാട്, എം.ആർ.സി മാതോട്ടം, പെരിന്തൽമണ്ണ കെ.എം.സി.സി, കോട്ടക്കൽ മണ്ഡലം, കാലിക്കറ്റ് ബ്രദേഴ്‌സ് ദുബായ്, യു.എഫ്.എഫ്.സി എ.എ.കെ എന്നീ പതിനാറു ടീമുകളാണ് പങ്കെടുക്കുന്നത്.

നാളെ ഉച്ചക്ക് മൂന്നുമണി മുതൽ ദുബായ് സ്‌കൗട്ട് മിഷൻ ഗ്രൗണ്ടിൽ തുടക്കം കുറിക്കുന്ന മത്സരത്തിൽ കേരളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കും. ടൂർണമെന്റിന്റെ ഫിക്ച്ചർ തയ്യാറാക്കുന്നതിനുള്ള നറുക്കെടുപ്പ് ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ടീം മാനേജർമാരുടെ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി.കെ അൻവർ നഹ നിർവഹിച്ചു. സംസ്ഥാന ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സംഘാടക സമിതി ചെയർമാൻ ചെമ്മുകൻ യാഹുമോൻ ജന:കൺവീനർ ഹംസ ഹാജിമട്ടുമ്മൽ, സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂർ, ആർ.ശുക്കൂർ, മജീദ് ഫാൽക്കൻ ജില്ലാ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.