ന്യൂഡൽഹി: ഡൽഹിയിലേതുപോലെ പഞ്ചാബിലും അധികാരം പിടിക്കാമെന്ന അരവിന്ദ് കെജരീവാളിന്റെ സ്വപ്‌നം വെറുതെയാകുമോ? ആം ആദ്മി പാർട്ടിയുടെ അദ്ധ്യക്ഷസ്ഥാനത്തുനിന്ന് സിഖുകാരനായ സുച സിങ് ചോത്തേപ്പുരിനെ ഒഴിവാക്കിയത് പാർട്ടിക്ക് കനത്ത തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

പാർട്ടിയിലെ ഏറ്റവും സുപരിചിതനായ സിഖുകാരനെയാണ് ചോത്തേപ്പുരിനെ ഒഴിവാക്കിയതോടെ ആം ആദ്മിക്ക് നഷ്ടമായത്. ഇതോടെ സിഖുകാരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ആം ആദ്മി തയ്യാറല്ലെന്ന പ്രചാരണത്തിന് എതിരാളികൾക്കും അവസരം വീണുകിട്ടി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എഎപി നേതാക്കൾക്ക് പഞ്ചാബിന്റെ മനസ്സറിയില്ലെന്നും എതിരാളികൾ പ്രചരിപ്പിക്കാൻ തുടങ്ങി.

മുൻക്രിക്കറ്റ് താരം നവ്‌ജ്യോത് സിങ് സിദ്ധുവിനെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ എഎപി ഏറെ ശ്രമിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയക്കാരെക്കാൾ നന്നായി അടവുകളറിയുന്ന സിദ്ധു ഇതേവരെ അതിന് വഴങ്ങിട്ടില്ല. ഇതും എഎപിക്ക് ക്ഷീണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

ചോത്തേപ്പുരിനെ പരസ്യമായി വിമർശിക്കേണ്ടെന്നും എതിർ പ്രചാരണത്തിന് അവസരം കൊടുക്കേണ്ടെന്നുമാണ് തിങ്കളാഴ്ച പാർട്ടിയിൽ പഞ്ചാബിന്റെ ചുമതലയുള്ള സഞ്ജയ്‌സിങ്ങിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്. ചോത്തേപ്പുർ ഇപ്പോഴും എഎപി പ്രവർത്തകനാണെന്നും സംസ്ഥാന കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയത് രണ്ടംഗ അന്വേഷണ സമിതിയുടെ പരിഗണനയിലാണെന്നും സഞ്ജയ് സിങ് പറഞ്ഞു.

എന്നാൽ പാർട്ടിയുമായി സമവായത്തിൽ പോകാനുള്ള സാധ്യത വിരളമാണെന്നാണ് ചോത്തേപ്പുരിന്റെ അഭിപ്രായം. തന്നെ പുറത്താക്കിയ സംഭവത്തിന്റെ വേദന ഇനിയും മാറിയിട്ടില്ല. പഞ്ചാബിലെ ജനങ്ങൾക്കുമുന്നിൽ തന്നെ തെളിയിക്കാൻ എഎപിയുടെ ക്ലീൻ ചിറ്റ് വേണ്ടെന്നും അദ്ദേഹം പറയുന്നു.