നൈനിറ്റാൾ: ആറ് തവണ നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയമായിട്ടുണ്ടെന്ന് മുത്തലാഖിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച ഷയരാ ബാനോ. ബാനോയുട ഭർത്താവ് റിസ്വാൻ അഹമ്മദ് കഴിഞ്ഞ ഒക്ടോബറിലാണ് ഷയരായെ മൊഴി ചൊല്ലുന്നത്. ഇതിനെതിരയാണ് ഷയാര കോടതിയെ സമീപിച്ചത്.

ഭർത്താവ് നിർബന്ധിച്ചാണ് തന്നെ ഗുളികകൾ കഴിപ്പിച്ച് ഗർഭച്ഛിദ്രത്തിന് വിധേയമാക്കിയത്. ഇത് തന്റെ ആരോഗ്യം നശിപ്പിച്ചുവെന്നും രണ്ട് കുട്ടികളുടെ അമ്മയായ ഷയരാ പറയുന്നു. ഇപ്പോൾ ഭർത്താവിനൊപ്പം ജീവിക്കുന്ന മക്കളെ തന്റെയൊപ്പം വിട്ടുകിട്ടണമെന്നും അവർ കോടതിയിൽ ആവശ്യപ്പെടുന്നു.

മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി പ്രസ്താവിച്ചതോടെ വിഷയം ശ്രദ്ധ നേടുന്നത്. മുത്തലാഖിലെ നടപടിക്രമങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി സ്വമേധയാ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ കേസിനെ ഏത് വിധേനയും എതിർക്കാനാണ് മുസ്ലിം ലോ ബോർഡ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ എന്ത് എതിർപ്പ് നേരിടേണ്ടി വന്നാലും കേസുമായി മുന്നോട്ട് പോകാനാണ് ഷയരായുടെ തീരുമാനം.

പരീക്ഷണങ്ങളെ നേരിടാൻ ഇനിയും തനിക്ക് കഴിയില്ലെന്നും അതിനാലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും ഷയരാ ബാനോ പറഞ്ഞു. 37 കാരിയായ ഷയരാ ബാനോ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. തനിക്ക് നീതിവേണമെന്നും ജീവിക്കണമെന്നുമാണ് ഈ സ്ത്രീയുടെ ആവശ്യം.