ഡബ്ലിൻ: അയർലണ്ടിൽ ജോലി ചെയ്യുന്ന വിദേശ കെയറർമാർ വംശീയ വിവേചനത്തിന് ഇരയാകുന്നുണ്ടെന്ന് ഒരു ചാരിറ്റി റിപ്പോർട്ട്. വിവേചനത്തിന് പുറമേ താഴ്ന്ന വരുമാനവും ദൈർഘ്യമേറിയ ജോലി സമയവും ഇവരുടെ ദുരിതത്തിന് ആക്കം കൂട്ടുന്നുവെന്നാണ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്.

ഐറീഷുകാരായ കെയറർമാരെ അപേക്ഷിച്ച് വിദേശത്തു നിന്നെത്തിയ കെയറർമാർക്ക് താഴ്ന്ന വരുമാനമാണ് ലഭിക്കുന്നതെന്നാണ് ഒരു ചാരിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നത്. വർണവിവേചനം ഇപ്പോഴും അയർലണ്ടിൽ ശക്തമായി നിലനിൽക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ റിപ്പോർട്ട്. ചർമത്തിന്റെ നിറത്തിന്റെ പേരിൽ ചില കെയർ ഹോമുകളിലെ മുതിർന്ന പൗരന്മാർ ഏജൻസി സ്റ്റാഫുകളെ നിരസിക്കുന്നതായി കണ്ടുവരുന്നുണ്ടെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. മിനിമം വേജിലും താഴ്ന്ന നിരക്ക് വിദേശ കെയറർമാർക്ക് നൽകുന്നതും ഇത്തരം വിവേചനത്തിന്റെ ബാക്കി പത്രമാണെന്നാണ് റിപ്പോർട്ട്. എംപ്ലോയ്‌മെന്റ് കോൺട്രാക്ട് ഇല്ലാതെ  ഏജൻസി വഴിയാണ് ഇവർ ജോലി ചെയ്യുന്നത്.

മൗറീഷ്യസിൽ നിന്നുള്ള ഒരു കെയററുടെ അനുഭവം എടുത്തു പറഞ്ഞാണ് മൈഗ്രന്റ് റൈറ്റ്‌സ് സെന്റർ ഓഫ് അയർലണ്ട് (എംആർസിഐ) സംഭവം വെളിപ്പെടുത്തിയിരിക്കുന്നത്. വെള്ളക്കാരിയല്ലാത്തതിനാൽ ഇവർക്ക് ഒരു കെയർ ഹോമിൽ പ്രവേശനം നിഷേധിച്ചുവെന്നാണ് പറയപ്പെടുന്നത്. ഇക്കാര്യം എംപ്ലെയറെ അറിയിച്ചിട്ടും ഇതിൽ നടപടികളൊന്നുമുണ്ടായില്ലെന്നും പരാതിയുണ്ട്.

അയർലണ്ടിലെ ഹോം കെയർ സെക്ടറിൽ ജോലി ചെയ്യുന്ന 80 കുടിയേറ്റക്കാരുടെ അനുഭവം വ്യക്തമാക്കിക്കൊണ്ടാണ് ചാരിറ്റി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. വിദേശ കെയർമാരുടെ തൊഴിൽ അവസ്ഥ മെച്ചപ്പെടുത്താൻ തക്ക നടപടികൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നാണ് എംആർസിഐ വ്യക്തമാക്കുന്നത്. കുടിയേറ്റക്കാരായ കെയർ വർക്കർമാർ ചൂഷണത്തിന് വിധേയരാകുന്നുവെന്നാണ് സർവേ വെളിപ്പെടുത്തുന്നത്. വർണവിവേചനം, മോശം തൊഴിൽ അവസ്ഥ, തൊഴിൽ സംബന്ധമായ പ്രശ്‌നങ്ങൾ ഇവയൊക്കെ ഉയർന്ന തോതിൽ ഇവർക്ക് നേരിടേണ്ടി വരുന്നുണ്ട്.

തങ്ങളുടെ തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിൽ ഇവയെക്കുറിച്ച് പരാതിപ്പെടാൻ ഇക്കൂട്ടർ തയാറാകുന്നുമില്ല. ഇവർ പരാതിയുമായി മുന്നോട്ടു വരാത്തിടത്തോളം കാലം മുതിർന്ന പൗരന്മാർക്കിടയിലുള്ള വർണവിവേചനവും വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് എംആർസിഐ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.