ന്യുഡൽഹി: ശരീഅത്ത് നിയമങ്ങൾ പാലിക്കുന്നതിൽ കർശന നിഷ്‌ക്കർഷയുള്ള രാജ്യമാണ് ഇറാൻ. അതുകൊണ്ട് തന്നെ പലപ്പോഴും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും മാദ്ധ്യമങ്ങളിൽ നിന്നും പലപ്പോഴും വിമർശനങ്ങൾ നേരിടേണ്ടി വരികയും ചെയ്തു. ഇറാൻ സന്ദർശിക്കാൻ എത്തുന്ന വനിതാ നേതാക്കൾ പലപ്പോഴും ശിരോവസ്ത്രവും ധരിക്കേണ്ടി വരാറുണ്ട്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇറാനിൽ എത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും നേതാക്കളെ കാണാൻ പോകും മുമ്പ് ശിരോവസ്ത്രം ധരിക്കേണ്ടി വന്നു. ഇതിനെ തല്ലിയും തലോടിയും സോഷ്യൽ മീഡിയ രംഗത്തെത്തുകയും ചെയ്തു.

സന്ദർശന വേളയിൽ പിങ്ക് സാരി ധരിച്ച സുഷമ, മുസ്ലിം സ്ത്രീകൾ ചെയ്യുന്നതിന് സമാനമായി ശിരോവസ്ത്രം ഉപയോഗിച്ച് തല മറയ്ക്കുകയും ചെയ്തിരുന്നു. ഇറാൻ പ്രസിഡന്റ് ഹസൻ റൗഹാനിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുഷമ തല മറച്ച് പ്രത്യക്ഷപ്പെട്ടത്. ഇറാൻ വിദേശകാര്യ മന്ത്രി സാരിഫ്, പരമോന്നത ആത്മീയനേതാവ് ആയതുല്ല അലി ഖാംനഈ യുടെ മുഖ്യ ഉപദേശ്ടാവ് അലി അക്‌ബർ വെലായ്തിയുമായുള്ള കൂടിക്കാഴ്ച നടത്തുന്ന ചിത്രത്തിലും ശിരോവസ്ത്രം ഇട്ടിരുന്നു.

പിങ്ക് നിറത്തിലുള്ള ഉരുളക്കിഴങ്ങ് ചാക്കാണ് സുഷമ ധരിച്ചതെന്ന് വരെ ട്വിറ്ററിൽ വിമർശനം ഉയർന്നു. നയതന്ത്ര കൂടിക്കാഴ്ചയ്ക്കിടെ ഇസ്ലാം സ്ത്രീകൾ അനുഷ്ടിക്കുന്ന വസ്ത്രധാരണത്തെക്കുറിച്ച് തലപുകച്ചത് അപലപനീയമാണെന്നും വിമർശകർ പറയുന്നു.
ഇന്ത്യയിലോ മറ്റു രാജ്യങ്ങളിലോ പാലിക്കാത്ത രീതി ഇറാനിൽ സ്വീകരിച്ചതാണ് വിമർശകർക്ക് ആയുധമായത്. ചിലപ്പോഴെങ്കിലും വിമർശം അതിരുകടക്കുകയും ചെയ്തു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യയെയും ഇന്ത്യൻ സംസ്‌കാരത്തെയുമാണ് പ്രതിനിധീകരിക്കുന്നതെന്നും ഇറാൻ പ്രസിഡന്റ് ഇന്ത്യയിൽ ഇവിടുത്തെ രീതി സ്വീകരിക്കുമോ എന്നുമാണ് ഒരു ട്വീറ്റ്.

ഇറാനിൽ എല്ലാ സ്ത്രീകളും തല മറയ്ക്കണമെന്നാണ് നിയമം. ചില നയതന്ത്ര പ്രതിനിധികൾ ഇതിനെ ചെറുക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും വിജയിക്കാനായിട്ടില്ല. കഴിഞ്ഞ വർഷം നടത്തിയ ഇറാൻ സന്ദർശനത്തിനിടെ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പും ശിരോവസ്ത്രം ധരിച്ചിരുന്നു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇറാനിലത്തെിയ മന്ത്രി ഇരു രാജ്യങ്ങളുമായി വാണിജ്യ മേഖലയിലുള്ള ബന്ധം വർധിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടത്തി. 1941ൽ സ്ഥാപിതമായ തെഹ്‌റാനിലെ ഗുരുദ്വാരയും സുഷമ സന്ദർശിച്ചിരുന്നു. അതേസമയം സുഷമ സ്വരാജിനെ പരിഹസിക്കുന്നവർക്കെതിരെയും നിരവധി പേർ രംഗത്തുണ്ട്. സുഷമയുടെ ശിരോവസ്ത്രത്തിൽ കാര്യമില്ലെന്നും അവർ ചെയ്ത കാര്യങ്ങളെ നോക്കേണ്ടതെന്നും സുഷമയെ അനുകൂലിക്കുന്നവർ രംഗത്തെത്തേണ്ടിയിരുന്നു.

ഇന്ത്യ-ഇറാൻ ബന്ധം സുദൃഡമാവുന്നതോടൊപ്പം കടൽമാർഗമുള്ള വാണിജ്യ ബന്ധങ്ങൾക്ക് നിർണായ വഴിത്തിരിവ് ആയേക്കാവുന്ന ചബാഹർ തുറമുഖ പദ്ധതി വരെ സുഷമയുടെ സന്ദർശനത്തിൽ ചർച്ചാവിഷയമായിരുന്നു. വസ്ത്രത്തിന്റെ പേരിൽ ട്രോളി കൊല്ലും മുമ്പ് സുഷമയുടെ ഇറാൻ സന്ദർശനത്തിന്റെ ലക്ഷ്യങ്ങളും അതുകൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങങ്ങളെയും കണക്കിലെടുക്കണെന്നാണ് ആവശ്യം.