ഓക്ക്‌ലാൻഡ്: ന്യൂസിലാൻഡിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതു നല്ല കാലമാണ്. വിദേശ വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റ് വിസാ അപ്രൂവിംഗിൽ വൻ വർധനയാണ് ഇപ്പോൾ ന്യൂസിലാൻഡ് ചെയ്യുന്നത്. 2014-നെക്കാൾ 13 ശതമാനം സ്റ്റുഡന്റ് വിസാ അപ്രൂവിംഗിൽ വർധന ഉണ്ടായതായാണ് റിപ്പോർട്ടുകൾ. 2015-ൽ 91,062 വിദ്യാർത്ഥികൾക്കാണ് ന്യൂസിലാൻഡ് വിസ അപ്രൂവ് ചെയ്തത്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ റോൾമെന്റ് വർധിച്ചുവരുന്നതിനാലാണ് വിദേശ വിദ്യാർത്ഥികൾക്ക് വിസാ നൽകുന്നതിൽ ന്യൂസിലാൻഡ് മുന്നോട്ടു കുതിക്കുന്നത്.

ന്യൂസിലാൻഡിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ വിസാ അപേക്ഷകൾ അപ്രൂവൽ ഈ മാസവും വർധിച്ച തോതിൽ തന്നെയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൈനയിൽ നിന്നുള്ള വിദ്യാർത്ഥികളാണ് രാജ്യത്ത് പഠിക്കാനെത്തുന്ന വിദേശ വിദ്യാർത്ഥികളിൽ മുമ്പന്തിയിൽ നിൽക്കുന്നത്. 29,640 സ്റ്റുഡന്റ് വിസയാണ് കഴിഞ്ഞ വർഷം ചൈനക്കാർക്കായി അനുവദിച്ചു നൽകിയത്. രണ്ടാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയിൽ നിന്ന് 3559 വിദ്യാർത്ഥികൾക്ക് കഴിഞ്ഞ വർഷം സ്റ്റുഡന്റ് വിസ ലഭിച്ചു. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ ലഭിക്കുന്ന കാര്യത്തിൽ മുൻവർഷത്തെക്കാൾ 20 രണ്ടു ശതമാനമാണ് വർധന ഉണ്ടായിരിക്കുന്നത്.


അമേരിക്കയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വിസ നൽകുന്ന കാര്യത്തിലും ന്യൂസിലാൻഡ് മുന്നോക്കം പോയിട്ടുണ്ട്. രണ്ടു വർഷമായി യുഎസ് ഡോളർ വില ശക്തിപ്രാപിച്ചുവരികയാണെന്നതിനാൽ കുറഞ്ഞ ചെലവിൽ ന്യൂസിലാൻഡിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചുവരുന്നുണ്ട്. ചൈന,  ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ന്യൂസിലാൻഡിൽ എത്തുന്നവരിൽ ഏറ്റവും കൂടുതലെന്നാണ് എഡ്യൂക്കേഷൻ ന്യൂസിലാൻഡ് വ്യക്തമാക്കുന്നത്. അംഗീകാരം നൽകുന്ന മൊത്തം സ്റ്റുഡന്റ് വിസയുടെ എണ്ണത്തിൽ ആറു ശതമാനം വർധനയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.