മനാമ: ബഹ്‌റിനിലെ സ്‌കൂളുകളിൽ വിദേശ വിദ്യാർത്ഥികൾ അധിക ഫീസ് ഏർപ്പെടുത്താൻ നീക്കം. പ്രതിമാസം 50 ദിർഹം ഈടാക്കാനുള്ള പദ്ധതി പാർലമെന്റ് സാമ്പത്തിക കാര്യ സമിതി ആവിഷ്‌കരിച്ചു. അധിക ഫീസ് ഏർപ്പെടുത്തികൊണ്ടുള്ള പദ്ധതിക്ക് അനുമതി ലഭിച്ചാൽ ആയിരക്കണക്കിന് വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കും. ഇതുമൂലം രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറ്റുവാൻ ലക്ഷ്യമിട്ടാണ് വിദേശ വിദ്യാർത്ഥികൾക്ക് അധിക ഫീസ് ഏർപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഫീസ് വർധിപ്പിക്കുന്നതിലൂടെ രാജ്യത്തിന് കൂടുതൽ വരുമാനം ഉണ്ടാക്കാമെന്നും സാമ്പത്തിക പ്രതിസന്ധി ഒരു പരിധി വരെ കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും പാർലമെന്റ് സാമ്പത്തിക കാര്യ സമിതി വൈസ് ചെയർമാൻ ജലാൽ കാധിം അൽ മഹ്ഫൗധ് വ്യക്തമാക്കുന്നു.

വിദേശ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകേണ്ടതില്ലെന്നും ബഹറിനിലേയും മറ്റ് ജി.സി.സി. രാജ്യങ്ങളിലെയും കുട്ടികൾക്കാണ് ഈ സൗകര്യം ലഭ്യമാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നും ലഭ്യമായ കണക്ക് പ്രകാരം പ്രതിവർഷം ഓരോ സ്‌കൂൾ വിദ്യാർത്ഥിക്കും ആഉ3,000 വീതമാണ് രാജ്യത്തിന്റെ ഖജനാവിൽ നിന്നും ചിലവഴിക്കപ്പെടുന്നത്.