- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കേരളത്തിൽ ഓമിക്രോൺ വ്യാപനത്തിൽ ആശങ്ക; വിദേശത്ത് നിന്ന് എത്തുന്നവർക്ക് ഏഴ് ദിവസം നിർബന്ധിത ഹോം ക്വാറന്റൈൻ; എട്ടാം ദിവസം ആർടിപിസിആർ പരിശോധന; നിയന്ത്രണം കടുപ്പിച്ച് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കേന്ദ്ര മാർഗനിർദ്ദേശ പ്രകാരം വിദേശ രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്ത് എത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴ് ദിവസം നിർബന്ധിത ഹോം ക്വാറന്റൈൻ ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തുടർന്ന് എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തും സംസ്ഥാനത്ത് ആകെ 280 പേർക്കാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്.
ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവർക്കാണ് ഏറ്റവും കൂടുതൽ ഓമിക്രോൺ ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന 186 പേർക്കും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന 64 പേർക്കുമാണ് ഓമിക്രോൺ ബാധിച്ചത്. 30 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്. ലോ റിസ്‌ക് രാജ്യങ്ങളിൽ വരുന്നവർക്ക് നേരത്തെ സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്.
ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ കൂടുതൽ പേർക്ക് ഓമിക്രോൺ സ്ഥിരീകരിച്ചതിനാൽ അവർക്കും ഹോം ക്വാറന്റൈൻ വേണമെന്ന് സംസ്ഥാനവും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മാർഗനിർദ്ദേശ പ്രകാരം ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർ എന്നിങ്ങനെ തിരിച്ചാണ് ആർടിപിസിആർ പരിശോധന നടത്തുന്നത്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്ന എല്ലാവർക്കും ആർടിപിസിആർ പരിശോധന നടത്തും. നെഗറ്റീവായാൽ 7 ദിവസം ഹോം ക്വാറന്റീനും എട്ടാമത്തെ ദിവസം ആർടിപിസിആർ പരിശോധനയും നടത്തണം.
നെഗറ്റീവായാൽ വീണ്ടും ഏഴ് ദിവസം സ്വയം നിരീക്ഷണത്തിൽ തുടരണം. കോവിഡ് പോസിറ്റീവാകുന്നവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നതാണ്. ഇവരെ ഐസൊലേഷനിൽ പ്രവേശിപ്പിക്കുന്നതാണ്. സ്റ്റാൻഡേർഡ് പ്രോട്ടോകോൾ അനുസരിച്ച് ചികിത്സ നൽകുകയും ചികിത്സിക്കുന്ന ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഡിസ്ചാർജ് ചെയ്യുന്നതുമാണ്.
ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ രണ്ട് ശതമാനം പേരുടെ സാമ്പിളുകൾ റാണ്ടം പരിശോധന നടത്താനാണ് കേന്ദ്ര മാർഗനിർദ്ദേശം. എന്നാൽ സംസ്ഥാനത്ത് 20 ശതമാനം പേരുടെ സാമ്പിളുകൾ റാണ്ടം പരിശോധന നടത്തുന്നതാണ്. നെഗറ്റീവാകുന്നവർ ഏഴ് ദിവസം ഹോം ക്വാറന്റീനിൽ കഴിയണം. എട്ടാമത്തെ ദിവസം ആർടിപിസിആർ പരിശോധന നടത്തണം. നെഗറ്റീവായാൽ ഇവരും വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം. പോസിറ്റീവാകുന്നവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നു. ഇവർക്ക് സ്റ്റാൻഡേർഡ് പ്രോട്ടോകോൾ അനുസരിച്ച് ചികിത്സ നൽകുന്നു.
ക്വാറന്റൈൻ സമയത്തോ സ്വയം നിരീക്ഷണ സമയത്തോ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടായാലോ കോവിഡ് പോസിറ്റീവായാലോ ആവർത്തിച്ചുള്ള പരിശോധന നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരത്തും എറണാകുളത്തും കോവിഡ് സാഹചര്യം ഗുരുതരമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. കേരളത്തിൽ ടിപിആർ കുറഞ്ഞെങ്കിലും രോഗികൾ കൂടുന്ന സാഹചര്യമാണുള്ളത്. രാജ്യത്ത് 14 ജില്ലകളിലെ രോഗവ്യാപനത്തിൽ ആശങ്കയുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് കോവിഡും ഓമിക്രോൺ വകഭേദവും ഉയരുകയാണ്. മുൻ ദിവസങ്ങളേക്കാൾ ഇരട്ടിയാണ് കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിദിന രോഗനിരക്ക്. വരുന്ന ഒരാഴ്ചത്തെ കണക്കുകൾ നിർണായകമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. അടുത്ത ആഴ്ച ചേരുന്ന കോവിഡ് അവലോകനയോഗം കൂടുതൽ നിയന്ത്രണങ്ങൾ വേണോയെന്ന് തീരുമാനിക്കും.
മറുനാടന് മലയാളി ബ്യൂറോ