- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
15 വർഷമായി ഒരേ സ്ഥലത്ത് ജോലി: നൈറ്റ് വാച്ചറാണെങ്കിലും ഡ്യൂട്ടി ചെയ്യുന്നത് പകൽ മാത്രം: പരസ്യമായ രാഷ്ട്രീയ പ്രവർത്തനം: 10 ശതമാനം വരെ കമ്മിഷൻ വാങ്ങുന്ന ആഡംബര ജീവിതം: സസ്പെൻഷന് ശേഷം പഴയ ലാവണത്തിൽ നിയമനം: വനംവകുപ്പിൽ അഴിമതിക്കാർക്ക് ഇഷ്ടപ്പെട്ട ഇടം നൽകുമ്പോൾ
പത്തനംതിട്ട: വനം വകുപ്പിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഉദ്യോഗസ്ഥ ലോബിയുടെ ഇഷ്ടപ്രകാരമുള്ള സ്ഥലമാറ്റ ഉത്തരവ്. അഴിമതിക്കാരും ആരോപണ വിധേയരും കോടികൾ സമ്പാദിക്കുന്ന ഇടങ്ങളിൽ വീണ്ടും നിയമിക്കപ്പെടും. ക്രമക്കേട് നടത്തിയതിനും കൈക്കൂലി വാങ്ങിയതിനും സസ്പെൻഷനിലായ ആൾ വീണ്ടും അതേ സ്ഥലത്ത്, അതേ തസ്തികയിൽ നിയമിതനാകുന്നു. വനംവകുപ്പ് ഭരിക്കുന്നത് എൻസിപിയാണെങ്കിലും സിപിഎം അനുകൂലികൾക്ക് ഇഷ്ടമുള്ളിടത്താണ് നിയമനം. ഇതിനെതിരേ ജീവനക്കാരുടെ സംഘടനകൾ കടുത്ത എതിർപ്പിൽ.
കോന്നി-കാട്ടാത്തി ആദിവാസി വന സംരക്ഷണ സമിതിയുടെ സെക്രട്ടറിയായിരിക്കേ ലക്ഷങ്ങളുടെ ഫണ്ട് വെട്ടിച്ചതിന്റെ പേരിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥൻ സിപിഎമ്മിന്റെ കണ്ണിലുണ്ണിയാണ്. മുൻപ് സിപിഎം ലോക്കൽ സെക്രട്ടറിയായിരുന്നു. നൈറ്റ് വാച്ചർ തസ്തികയിലാണ് ജോലി. പക്ഷേ, പകൽ മാത്രമേ ജോലി ചെയ്യൂ. 15 വർഷമായി ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നു.
സർക്കാർ ജീവനക്കാർക്ക് രാഷ്ട്രീയ പ്രവർത്തനം ബാധകമല്ലെന്നാണ് പറയുന്നത്. പക്ഷേ, തെരഞ്ഞെടുപ്പ് അടുത്താൽ പരസ്യമായി സിപിഎമ്മിന് വേണ്ടി രംഗത്ത് ഇറങ്ങും. കോന്നി വനം ഡിവിഷനിലെ പല പദ്ധതികളുടെയും കമ്മിഷൻ ഇദ്ദേഹത്തിന്റെ പോക്കറ്റിൽ വരും. കാരണം ഡിഎഫ്ഓഫീസ് നിയന്ത്രിക്കുന്നത് ഇയാളാണ്. 10 ശതമാനമാണ് കമ്മിഷൻ ഇനത്തിൽ ലഭിക്കുന്നത്. ആഡംബര ജീവിതമാണ് നയിക്കുന്നത്. ഇടതുപക്ഷ എംഎൽഎയുടെ സന്തത സഹചാരിയുമാണ്.
വനസംരക്ഷണ സമിതി ഫണ്ട് വെട്ടിപ്പിന്റെ പേരിൽ സസപെൻഷനിൽ ആയെങ്കിലും വലിയ കാലതാമസം കൂടാതെ തിരികെ സർവീസിലെത്തി. മാസങ്ങൾക്കുള്ളിൽ പട്ടയഭൂമിയിലെ ലക്ഷങ്ങൾ വിലമതിക്കുന്ന സർക്കാർ മരങ്ങൾ അനധികൃതമായി മുറിച്ചു കടത്താൻ ഒത്താശ ചെയ്തതിന്റെ പേരിൽ റാന്നിയിലേക്ക് സ്ഥലം മാറ്റപ്പെട്ടു.
സർക്കാർ ജീവനക്കാർ സാമ്പത്തിക കുറ്റകൃത്യത്തിൽ ഏർപ്പെട്ടാൽ പൊലീസിൽ അറിയിച്ച് ക്രിമിനൽ കേസ് എടുപ്പിച്ച് അന്വേഷണം നടത്തിക്കണമെന്നാണ് ചട്ടം. എന്നാൽ കാട്ടാത്തി ആദിവാസി വന സംരക്ഷണ സമിതിയിൽ നിന്നും ലക്ഷങ്ങളുടെ ഫണ്ട് വെട്ടിച്ച ജീവനക്കാരന്റെ കാര്യത്തിൽ ഇതൊന്നും ഉണ്ടായില്ല. പകരം മോഷ്ടിച്ച പണം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തിരിച്ചടിച്ച് നടപടി സസ്പെൻഷനിൽ ഒതുക്കി.
ഈ ജീവനക്കാരൻ ഗുരുനാഥന്മണ്ണ് ഫോറസ്റ്റ് സ്റ്റേഷനിൽ ജോലിചെയ്തു വരവെ അവധിയിലായിരുന്നിട്ടു പോലും സ്റ്റേഷനിൽ എത്തിയാണ് കാട്ടുപോത്തിനെ വേട്ടയാടിയവരിൽ നിന്നും ലക്ഷങ്ങൾ കൈക്കൂലി വാങ്ങി കേസ് അട്ടിമറിക്കാനുള്ള 'ഓപ്പറേഷൻ' നടത്തിയത്. ഗുരുനാഥന്മണ്ണ് സ്റ്റേഷനിൽ കാട്ടുപോത്തിനെ വേട്ടയാടിയവരിൽ നിന്നും ലക്ഷങ്ങൾ കൈക്കൂലി വാങ്ങി കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ പേരിൽ തിരുവനന്തപുരത്തേക്കും പിന്നീട് ശെന്തുരിണി വന്യജീവി സങ്കേതത്തിലേക്കും സ്ഥലം മാറ്റിയ സെക്ഷൻ ഫോറസ്റ്റ് ഓഫീസറെ അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയ സ്ഥലത്തേക്കു തന്നെ മാസങ്ങൾക്കുള്ളിൽ പൊതുസ്ഥലം മാറ്റത്തിലുൾപ്പെടുത്തി നിയമിച്ചതായി ജീവനക്കാർ പറയുന്നു.
തിരുവനന്തപുരം ഫോറസ്റ്റ് ഫ്ളൈയിങ് സ്‌ക്വാഡിലായിരിക്കെ ഇടമലയാർ ആനവേട്ട കേസിലെ പ്രതികൾക്ക് അന്വേഷണ വിവരം ചോർത്തിക്കൊടുത്തതിന്റെ പേരിൽ സ്ഥലംമാറ്റപ്പെട്ട ജീവനക്കാരനെയും വീണ്ടും ഇതേ സ്‌ക്വാഡിലേക്കുതന്നെ പുതിയ ഉത്തരവിലൂടെ നിയമിച്ചിരിക്കുകയാണ്.
പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകൾ ഉൾപ്പെട്ട ദക്ഷിണ വനമേഖലയിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരുടെ പൊതുസ്ഥലംമാറ്റത്തിനായി കൊല്ലം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രസിദ്ധീകരിച്ച സ്ഥലംമാറ്റ പട്ടികയുടെ പേരിലാണ് ജീവനക്കാർക്കിടയിലും ഉന്നത ഉദ്യോഗസ്ഥർക്കിടയിലും പ്രതിഷേധം ശക്തമാകുന്നത്.
സർക്കാർ ജീവനക്കാരുടെ പൊതുസ്ഥലം മാറ്റത്തിനുള്ള നിബന്ധനകൾ 2017ൽ സർക്കാർ പുതുക്കി നിശ്ചയിച്ച് ഉത്തരവായിട്ടുള്ളതാണ്. എന്നാൽ വനംവകുപ്പിന് ഇതൊന്നും ബാധകമല്ലെന്ന മട്ടിലാണ് ഇപ്പോഴും സ്ഥലംമാറ്റങ്ങളത്രയും നടക്കുന്നത്.
തടി,ചെറുകിട വനവിഭവങ്ങൾ, മണൽ, കാട്ടിറച്ചി മുതലായവ കടത്തുന്ന സംഘങ്ങൾക്ക് ഒത്താശ ചെയ്തുകൊടുത്തതിന്റെ പേരിൽ സ്ഥലംമാറ്റപ്പെട്ട് മാസങ്ങളാകും മുമ്പുതന്നെ ആരോപണ വിധേയരായ ജീവനക്കാർക്ക് പഴയ സ്ഥലത്തേക്കുതന്നെ മാറ്റം നൽകിയതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരുടെ പൊതുസ്ഥലംമാറ്റത്തിനായി കൊല്ലം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജൂൺ 16ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിലെ പല പിഴവുകളും തിരുത്താതെയാണ് ഇതിന്റെ അന്തിമ പട്ടിക ഈ മാസം 23ന് പ്രസിദ്ധീകരിച്ചിട്ടുള്ളതെന്ന് ജീവനക്കാർ വ്യക്തമാക്കുന്നു. അർഹരായ നിരവധി ജീവനക്കാരെ ഒഴിവാക്കിയാണ് ഈ പട്ടിക തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്നാണ് ജീവനക്കാരുടെ പ്രധാന ആക്ഷേപം.
ഇതിനുപുറമെ ജീവനക്കാർക്കിടയിലും, പൊതുസമൂഹത്തിലും ചിരപരിചിതരായ സംഘടനാ നേതാക്കളെ വനം ഇന്റലിജൻസ് സെല്ലിൽ നിയമിച്ചത്.ഈ നടപടി ഇന്റലിജൻസ് വിഭാഗത്തിന്റെ രഹസ്യ സ്വഭാവം ഇല്ലാതെയാക്കുന്നതും ഇതിൽ പ്രവർത്തിക്കുന്ന മറ്റ് ജീവനക്കാരുടെ ജീവന് പോലും ഭീഷണിയാകുന്നതുമാണന്ന് ജീവനക്കാർ ആരോപിക്കുന്നു.
അഴിമതിക്കാരായ ഉന്നത ഉദ്യോഗസ്ഥർക്ക് താല്പര്യമുള്ള ജീവനക്കാരെ പൊതുസ്ഥലംമാറ്റ പട്ടികയുടെ കരടിൽ പോലും ഉൾപ്പെടുത്താതെയാണ് ഇവരുടെ ഓഫീസുകളിൽ നിയമിച്ചിട്ടുള്ളതെന്നും, വനം വകുപ്പിൽ ഉദ്യോഗസ്ഥ - മാഫിയ കൂട്ടുകെട്ട് എത്രമാത്രം ശക്തമാണെന്ന് തെളിയിക്കുന്നതാണ് ഇതെന്നും പൊതുസമൂഹത്തിന് തെറ്റായ സന്ദേശമാണ് ഇത് നൽകുന്നതെന്നും ജീവനക്കാർ വ്യക്തമാക്കുന്നു.
വനം വകുപ്പിന് ഓരോ ജില്ലയിലും സ്വന്തമായി ഫ്ലൈയിങ് സ്‌ക്വാഡ് എന്ന ഇന്റലിജൻസ് സംവിധാനം ഉണ്ടെങ്കിലും ഡിസ്റിസർവ്വ് ചെയ്തിട്ടില്ലാത്ത പട്ടയ ഭൂമിയിലെ ഈട്ടിയും തേക്കും ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ മരങ്ങളത്രയും തടി മാഫിയ വെട്ടിക്കടത്തിയതിന്റെ പേരിൽ കേരളം മുഴുവൻ പ്രക്ഷുബ്ധമായിട്ടും വനം വകുപ്പിന്റെ ഇന്റലിജൻസ് സംവിധാനം മാത്രം ഇതൊന്നും അറിഞ്ഞിരുന്നില്ല.
ഉന്നത വനപാലകരുടെ പിരിവുസംഘങ്ങളായി അധഃപതിച്ചു പോയ ഇതിന്റെ ഓരോ യൂണിറ്റിൽ നിന്നും മൂന്ന് വർഷത്തിലധികമായവരെ മാറ്റി പകരം കഴിവുള്ള ജീവനക്കാരെ ഇവിടേക്ക് നിയമിക്കുന്നതിനു പോലും ഈ പൊതുസ്ഥലം മാറ്റത്തിൽ തയ്യാറായിട്ടില്ലെന്ന് ജീവനക്കാർ ആരോപിക്കുന്നു. വനം വകുപ്പിലെ സിപിഎം, സിപിഐ ജീവനക്കാരുടെ സംഘടനകൾ സ്ഥലമാറ്റ ഉത്തരവിനെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ