കോതമംഗലം : കൃഷിയടത്തിൽ ചരിഞ്ഞ കാട്ടുകൊമ്പന്റെ വാലിലെ രോമം പിഴുതെടുത്ത യുവാവിനെതിരെ വനം വകുപ്പ് കേസുത്തു.മാലിപ്പാറ കുന്നപ്പിള്ളിയിൽ ബിജുവിനെതിരെയാണ് മേക്കപ്പാല വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തി കേസെടുത്തിട്ടുള്ളത്.

ആനവാൽ മോതിരം ഉണ്ടാക്കുവാനായിട്ടാണ് ചെരിഞ്ഞ കാട്ടാനയുടെ രോമം എടുത്തതെ
ന്നാണ് ബിജു വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസം കോട്ടപ്പടി കുളങ്ങാട്ടുകുഴിയിലെ കൃഷിയിടത്തിൽ ചെരിഞ്ഞ കാട്ടുകൊമ്പന്റെ വാലിലെ രോമമാണ് സംഭവമറിഞ്ഞെത്തിയ
ബിജു പിഴുതെടുത്തത്.

ഇയാൾ രോമം പിഴുതെടുക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടുകൂടിയാണ് വനം വകുപ്പ് കേസ് എടുത്തത്. ആശാരിപ്പണിക്കാരനായ ബിജുവിന്റെ ബാഗിൽ നിന്നും നാല് ആനവാൽ രോമം വനം വകുപ്പധികൃതർ കണ്ടെത്തുകയായിരുന്നു. വന്യജീവികളുടെ ശരീരഭാഗങ്ങൾ അനധികൃതമായി കൈവശം വെച്ചതിനാണ് കേസ് എടുത്തിട്ടുള്ളത്.കോടതിയിൽ ഹാജരാക്കിയ ബിജുവിനെ ജാമ്യത്തിൽ വിട്ടയച്ചു.