- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടുകട നടത്തുന്ന ദമ്പതികളെ അടിമാലി ഫോറസ്റ്റ് ഓഫീസിൽ വിളിച്ചുവരുത്തി മർദ്ദിച്ചെന്ന് ആരോപണം; കള്ളക്കേസിൽ കുടുക്കാനാണ് ശ്രമമെന്നും ദമ്പതികൾ; തങ്ങളെയാണ് ദമ്പതികൾ ആക്രമിച്ചതെന്ന് വനം വകുപ്പ് ജീവനക്കാരും; ഇരുകൂട്ടരും ആശുപത്രിയിൽ
അടിമാലി: ഫോറസ്റ്റ് ഓഫീസിൽ വിളിച്ചു വരുത്തി മർദ്ദിച്ചെന്ന് ദമ്പതികൾ. നേരത്തെ എടുത്തിരുന്ന കേസിൽ മൊഴിയെടുക്കാൻ വിളിപ്പിച്ചപ്പോൾ ഭർത്താവ് ഭാര്യയെയും കൂട്ടി വന്ന് ജീവനക്കാരെ ആക്രമിച്ചെന്നും ഓഫീസിൽ നാശ നഷ്ടമുണ്ടാക്കിയെന്നും അധികൃതരും
നേര്യമംഗലം നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപൂട്ടി റെയിഞ്ചോഫിസറും വനിത ഫോറസ്റ്റ് ബീറ്റ് ഓഫീസറും കോതമംഗലം താലൂക്ക് ആശുപത്രിയിലും ദമ്പതികൾ അടിമാലി താലൂക്ക് ആശുപത്രിയിലും ചികത്സ തേടി. പാമ്പ്‌ല അണക്കെട്ടിന് സമീപം തട്ടുകട നടത്തിയിരുന്ന ദമ്പതികളെ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിൽ വിളിച്ചുവരുത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ചെന്നാണ് പരാതി.
കീരിത്തോട് കുമരംകുന്നേൽ പ്രജീഷ് ഷാജി (34), ഭാര്യ അഞ്ജു പ്രജീഷ് (30) എന്നിവരാണ് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികത്സയിലുള്ളത്. മുൻപ് കടയിൽനിന്ന് പുഴയിലേക്ക് മാലിന്യം തള്ളി എന്നാരോപിച്ച് വനംവകുപ്പ് പ്രജീഷിനെതിരെ കേസെടുത്തിരുന്നു. കടയിൽ നിന്നിരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ മർദ്ദിച്ചതായി ഒരു പരാതിയും നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് ഇന്ന് പ്രജീഷിനോടും ഭാര്യ അഞ്ജുവിനോടും ഫോറസ്റ്റ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നത്.
ഉച്ചയ്ക്ക് 2 മണിയോടടുത്ത് ഓഫീസിൽ എത്തിയ തങ്ങളെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി ജി സന്തോഷും സംഘവും മർദ്ദിച്ചതായിട്ടാണ് ദമ്പതികൾ പറയുന്നത്. തന്നെ പുരുഷ ഫോറസ്റ്റ് ഓഫീസർമാർ ശാരീരികമായി ആക്രമിച്ചെന്നും അഞ്ജു പറയുന്നു. സംഭവത്തിൽ പ്രജീഷിനെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു.
ഇതിനിടെ അഞ്ജുവിനെ വനിതാ ബീറ്റ് ഓഫീസർമാർ കയ്യേറ്റം ചെയ്യുകയും കുതറിയോടി രക്ഷപെടുകയായിരുന്നു. താൻ ഉടൻ ഊന്നുകൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും അഞ്ജു വ്യക്തമാക്കി.കടുത്ത ശാരീരിക അവശത ഉണ്ടായിരുന്ന അഞ്ജുവിനെ ബന്ധുക്കൾ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തങ്ങളെ കള്ളക്കേസിൽ കുടുക്കി മനപ്പൂർവം അക്രമിക്കാൻ ആണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചതെന്ന് അഞ്ജു പറഞ്ഞു.എന്നാൽ ഇവരുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കടന്നുകയറി അക്രമിക്കുകയായിരുന്നു എന്ന് വനംവകുപ്പ് റേഞ്ച് ഓഫീസർ വി ജി സന്തോഷ് പറഞ്ഞു.
വനഭൂമിയിൽ മാലിന്യം നിക്ഷേപിച്ചതിന് പ്രജീഷിന് നോട്ടീസ് നൽകിയിരുന്നു. ഇത് സംബന്ധിച്ചാണ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ പ്രകോപിതനായ പ്രജീഷ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഓഫീസ് സാമഗ്രികൾ തല്ലിത്തകർക്കുകയും ആയിരുന്നു. പ്രജീഷിന്റെ ഭാര്യ അഞ്ജുവിനെ തടയാൻ ശ്രമിച്ച വനിതാ ബീറ്റ് ഓഫീസർ അർച്ചന പി നായരെ കയ്യിൽ കടിക്കുകയും ചെയ്തു. ഇവരോടൊപ്പം പരിക്കേറ്റ 3 ഫോറസ്റ്റ് ഉദ്യോഗസ്ഥരും കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
മറുനാടന് മലയാളി ലേഖകന്.