ന്യൂഡൽഹി: രാജ്യത്തിന്റെ വന വിസ്തൃതി വർധിച്ചതായി റിപ്പോർട്ട്. രണ്ടുവർഷത്തിനിടെ വന വിസ്തൃതിയിൽ 2261 ചതുരശ്ര കിലോമീറ്ററുടെ വർധന ഉണ്ടായതായി ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ ഇന്ത്യൻ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. രണ്ടു വർഷം കൂടുമ്പോൾ പുറത്തിറക്കുന്ന റിപ്പോർട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് പ്രകാശനം ചെയ്തത്.

സംസ്ഥാനങ്ങൾക്കിടയിൽ ആന്ധ്രയിലാണ് ഏറ്റവുമധികം മുന്നേറ്റം ഉണ്ടായത്. 647 ചതുരശ്ര കിലോമീറ്റർ കൂടി വനം വർധിച്ചു. വനസംരക്ഷണത്തിന് നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചതെന്ന് ഭൂപേന്ദർ യാദവ് പറഞ്ഞു. ഗ്രീൻ മിഷന്റെ രണ്ടാം ഘട്ടത്തിലേക്ക് രാജ്യം കടന്നു. 2030ഓടേ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് ഗണ്യമായി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

8 കോടി ഹെക്ടറാണ് രാജ്യത്തിന്റെ വന വിസ്തൃതി.ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 24 ശതമാനം വനമാണ്.ആന്ധ്ര കഴിഞ്ഞാൽ രണ്ടുവർഷത്തിനിടെ വനം വച്ചുപിടിപ്പിച്ചതിൽ തെലങ്കാനയും ഒഡീഷയും കർണാടകയും ഝാർഖണ്ഡുമാണ് മുൻനിരയിൽ. തെലങ്കാനയിൽ 632 ചതുരശ്ര കിലോമീറ്റർ വനമാണ് വർധിച്ചത്.

വന വിസ്തൃതിയുടെ കാര്യത്തിൽ മധ്യപ്രദേശാണ് മുന്നിൽ. ഏറ്റവും കൂടുതൽ വനമുള്ളത് മധ്യപ്രദേശിലാണ്. അരുണാചൽ പ്രദേശ്, ഛത്തീസ്‌ഗഡ്, ഒഡീഷ, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. അരുണാചൽ പ്രദേശ്, മേഘാലയ, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, മിസോറാം എന്നിവിടങ്ങളിൽ ഭൂവിസ്തൃതിയുടെ 75 ശതമാനത്തിലധികം വനമാണ്. കേരളം ഉൾപ്പെടെ 12 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങൾ 33 ശതമാനത്തിനും 75 ശതമാനത്തിനും ഇടയിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വന വിസ്തൃതി കുറയുന്നതിൽ റിപ്പോർട്ട് ആശങ്ക രേഖപ്പെടുത്തുന്നു. അരുണാചൽ പ്രദേശിൽ 257 ചതുരശ്ര കിലോമീറ്റർ വനം നഷ്ടമായി. മണിപ്പൂരിലും നാഗാലാൻഡിലും മിസോറാമിലും വനവിസ്തൃതി കുറഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.